ജൂഡോയിൽ മിന്നും ജയം; മേപ്പയ്യൂർ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസുകാരിക്ക് കാസർകോട് നടന്ന സംസ്ഥാന സബ് ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ


തുറയൂര്‍: കാസർകോട് വെച്ച് നടന്ന നാൽപത്തി ഒന്നാമത് സംസ്ഥാനതല സബ് ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ നേടി നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് ഇൻഷ. ഇത് ഈ മേഖലയിലെ ഇൻഷയുടെ ആദ്യ നേട്ടമല്ല. കഴിഞ്ഞ രണ്ട് വർഷമായി ജൂഡോ മത്സരങ്ങളിൽ പങ്കെടുക്കുന്ന ഇൻഷ കഴിഞ്ഞ വർഷം ഗോള്‍ഡ് നേടി കോഴിക്കോട് ജില്ലാ ജൂഡോ ചാമ്പ്യനായിരുന്നു. മുൻപ് വയനാട് വെച്ച് നടന്ന ജൂഡോ മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.

‘സാധാരണ ജില്ലാ തലത്തില്‍ നല്ല പ്രകടനം കാഴ്ച വെച്ച് സംസ്ഥാന തല മത്സരങ്ങളില്‍ പരാജയപ്പെടാറായിരുന്നു പതിവ്. ഇത്തവണ അത് തിരുത്തിക്കുറിക്കാനായി. അതു തന്നെയാണ് ഏറ്റവും വലിയ സന്തോഷം. മാത്രമല്ല സ്കൂളില്‍ ഫ്ലക്സ് ബോര്‍ഡ് ഒക്കെ വെച്ചിട്ട് കുട്ടികളും മറ്റു ക്ലാസുകളിലെ അധ്യാപകരുമെല്ലാം തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട് ‘ ഇന്‍ഷ തന്റെ ആഹ്ലാദം പേരാമ്പ്ര ന്യൂസ് ഡോട്ട്കോമിനോട് പങ്കുവെച്ചു.

നാലാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് മാതാപിതാക്കൾ ഇൻഷയെ കരാട്ടെ പഠിക്കാനായി പറഞ്ഞു വിടുന്നത്. കരാട്ടെ കിഡ് ആയി വളർന്ന ഇൻഷ പതിയെ ജൂഡോയിലും ചുവടുറപ്പിച്ചു. പരിശീലകരായ സുനിൽ മാഷിന്റെയും ഗിരീഷ് എടത്തട്ടയുടെയും ശിക്ഷണം ഇൻഷയുടെ കഴിവിനെ കൂടുതൽ മികവുറ്റതാക്കി മാറ്റി.

ഭൂരിഭാഗം മാതാപിതാക്കളും പെൺകുട്ടികളെ ഡാൻസിനും പാട്ടിനും മാത്രം വിടുമ്പോൾ വ്യത്യസ്തമായ വഴിയിലേക്കായിരുന്നു ഇരിങ്ങത്ത് കല്ലുംപുറം സ്വദേശികളായ മുജീബും ഭാര്യ ഷംനയും ഇൻഷയെ പറഞ്ഞ് വിട്ടത്. മകളെ കാരാട്ടയ്ക്കും ജൂഡോ ക്കും വിടാനുള്ള കാരണത്തെ പറ്റി ബാപ്പ മുജീബ് പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറയുന്നതിങ്ങനെ:
‘നമ്മൾ ദിവസേന എന്തൊക്കെ പ്രശ്നങ്ങളാണ് സോഷ്യൽ മീഡിയ വഴിയും മറ്റും അറിയുന്നത് , ഇന്നത്തെ കാലത്ത് കരാട്ടയും ജൂഡോയും പോലുള്ള അഭ്യാസങ്ങൾ എല്ലാവരും അറിഞ്ഞിരിക്കണം, പ്രത്യേകിച്ച് പെൺകുട്ടികൾ’

ഉമ്മ ഷംനയും മകൾക്ക് വലിയ സപ്പോർട്ടാണ്. ബാപ്പയ്ക്ക് സാധിക്കാത്ത അവസരങ്ങളിൽ ഉമ്മയാണ് പുലർച്ചെ അഞ്ച് മണിക്ക് വണ്ടിയോടിച്ച് ഇൻഷയെ പയ്യോളിയിലെ പരിശീലന കേന്ദ്രത്തിൽ കൊണ്ടുപോയി വിടുന്നത്. അഞ്ചു വയസുകാരി അയ്നയാണ് ഇൻഷയുടെ സഹോദരി.

ജൂഡോയിൽ മാത്രമല്ല കരാട്ട മത്സരങ്ങളിലും ഓട്ടമത്സരമുൾപ്പെടെയുള്ള കായികയിനങ്ങളിലും ഏറെ ആവേശത്തോടെ പങ്കെടുക്കാറുണ്ട് മേപ്പയ്യൂർ ഹൈസ്ക്കൂളിലെ ഈ ഒമ്പതാം ക്ലാസുകാരി. രണ്ട് വർഷം മുമ്പേയാണ് കരാട്ടെ ബ്ലാക് ബെൽറ്റ് സ്വന്തമാക്കിയത്. ഇത്തവണ മേപ്പയ്യൂർ സ്കൂളിൽ നടന്ന കായിക മേളയിൽ മൂവായിരം മീറ്റർ ഓട്ടത്തിലും ആയിരത്തിയഞ്ഞൂറ് മീറ്റർ ഓട്ടത്തിലും ഇൻഷ തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. ആദ്യമൊക്കെ സംസാരിക്കാൻ മടിയുള്ള ഒരുങ്ങിക്കൂടിയ സ്വഭാവമുള്ള ഒരു സാധാരണ കുട്ടിയായ ഇൻഷയെ വളരെ ഊർജ്ജസ്വലയാക്കി മാറ്റാൻ കരാട്ടയും ജൂഡോയുമൊക്കെ സഹായിച്ചിട്ടുണ്ടെന്നാണ് മുജീബ് പറയുന്നത്.

ഇന്ത്യക്കാരിയായി ഇന്ത്യക്ക് വേണ്ടി നാഷ്ണലിൽ കളിക്കണമെന്നതാണ് ഇൻഷയുടെയും മാതാപിതാക്കളുടെയും സ്വപ്നം. അതോടൊപ്പം പട്ടാളക്കാരിയാവുക എന്ന വ്യത്യസ്തവും ദൃഢവുമായ ആഗ്രഹം കൂടി ഇൻഷയ്ക്കുണ്ട്.