ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറി; നടപടി ഉന്നത നേതാക്കളുടെ നിര്‍ദേശത്തെ തുടര്‍ന്നെന്ന് സൂചന
കോഴിക്കോട്: ശശി തരൂര്‍ എം.പിയെ പങ്കെടുപ്പിച്ചുള്ള സെമിനാറില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് പിന്‍വാങ്ങി. കോഴിക്കോട് നടത്താനിരുന്ന ‘സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും’ എന്ന വിഷയത്തിലുള്ള സെമിനാറില്‍ നിന്നാണ് യൂത്ത് കോണ്‍ഗ്രസ് പിന്‍വാങ്ങിയത്.
ശശി തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കള്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പിന്മാറ്റമെന്നാണ് സൂചന. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് അനുകൂല സാംസ്കാരിക സംഘടനയായ കൊടുവള്ളിയിലെ ജവഹര്‍ ഫൗണ്ടേഷന് സെമിനാര്‍ നടത്താന്‍ തീരുമാനിച്ചു.
നാളെ മുതല്‍ തരൂരിന്റെ വടക്കന്‍ ജില്ലകളിലെ പരിപാടികള്‍ ആരംഭിക്കുകയാണ്. രാവിലെ എം.ടി വാസുദേവന്‍ നായരെ സന്ദര്‍ശിച്ചാണ് പര്യടനം തുടങ്ങുക. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തരൂരിന് പിന്തുണ പ്രഖ്യാപിച്ച എം.കെ. രാഘവന് എം.പിയാണ് മലബാര്‍ ജില്ലകളിലെ അദ്ദേഹത്തിന്റെ പര്യടനം ഏകോപിപ്പിക്കുന്നത്.
ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസും കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സും സംഘടിപ്പിക്കുന്ന പരിപാടികളിലും തരൂര്‍ പങ്കെടുക്കും.