പ്രതീകാത്മക മിന്നല്‍ പ്രതിഷേധം; ആരോഗ്യമന്ത്രി കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദര്‍ശനം മാറ്റിവെച്ചെന്ന് യൂത്ത് കോണ്‍ഗ്രസ്


കൊയിലാണ്ടി: യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതീകാത്മക മിന്നല്‍ പ്രതിഷേധ സമരത്തിന്റെ ഭാഗമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദര്‍ശനം മാറ്റിവെച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അജയ് ബോസ്. സഹകരണ ആശുപത്രി സംരക്ഷിക്കാന്‍ താലൂക്ക് ഹോസ്പിറ്റലിനെ ഇല്ലാതാക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനത്തോടാനുബന്ധിച്ച് പ്രതീകാത്മക മിന്നല്‍ പ്രതിഷേധം നടത്തിയതെന്നും അജയ് ബോസ് പറഞ്ഞു.

മാസങ്ങളായി പ്രവര്‍ത്തന രഹിതമായി കിടക്കുന്ന സിടി സ്‌കാന്‍ യൂണിറ്റ് ഉടന്‍ പ്രവര്‍ത്തന നിരതമാക്കുക, മുഴുവന്‍ ഡിപാര്‍ട്ട്‌മെന്റുകളിലും ഡോക്ടര്‍മാരെ നിയമിക്കുക, കാര്‍ഡിയോളജി, ന്യൂറോളജി, ന്യൂറോ സര്‍ജറി, കാര്‍ഡിയാക് തോറാസിക് സര്‍ജറി, നെഫ്രോളജി, യൂറോളജി, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗങ്ങള്‍ ഉടന്‍ ആരംഭിക്കുക, ഡയാലിസിസ് വിഭാഗം പൂര്‍ണ തോതില്‍ പ്രവര്‍ത്തനം നടത്തുക, മുഴുവന്‍ നിലകളും രോഗികള്‍ക്ക് തുറന്നു കൊടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് യൂത്ത് കോണ്‍ഗ്രസ് മിന്നല്‍ സമരം നടത്തിയത്.

ഡിസിസി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ സമരം ഉദ്ഘാടനം ചെയ്തു. മുന്‍ ജില്ലാ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി അരുണ്‍ മണമല്‍ പ്രതിഷേധ പ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അജയ് ബോസ് അധ്യക്ഷത വഹിച്ചു.

തന്‍ഹീര്‍ കൊല്ലം, റാഷിദ് മുത്താമ്പി, നിതിന്‍ തിരുവങ്ങൂര്‍, റംഷി കാപ്പാട്, അമല്‍ ചൈത്രം, ദൃശ്യ എം, സജിത് കാവുംവട്ടം, റൗഫ് ചെങ്ങോട്ടുകാവ്, ശ്രീജിത്ത് ആര്‍. ടി, ഷഫീര്‍ വെങ്ങളം, ജാസിം നടേരി, അക്ഷയ് രവീന്ദ്രന്‍, റിയാസ് എനിയക് എന്നിവര്‍ നേതൃത്വം നല്‍കി.