വീടില്ല, ചികിത്സയ്ക്കും സഹായം വേണം; ക്യാന്‍സറിനോട് പൊരുതുന്ന കൊല്ലം കൊല്ലര്കണ്ടി ജയകൃഷ്ണന്റെ കുടുംബത്തിന് കൈത്താങ്ങാവാം
കൊയിലാണ്ടി: നട്ടെല്ലിന് ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായ യുവാവ് സുമനസുകളുടെ കാരുണ്യം തേടുന്നു. കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ പത്താംവാര്‍ഡില്‍ ചോര്‍ച്ച പാലത്തിനടുത്തുള്ള കൊല്ലം കൊല്ലര് കണ്ടി ജയകൃഷ്ണനാണ് സഹായം തേടുന്നത്.
നാട്ടില്‍ കൂലിപ്പണി ചെയ്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയാണ് ജയകൃഷ്ണന് കൈക്ക് വേദന വരുന്നതും പിന്നീട് അത് നട്ടെല്ലിന് കാന്‍സര്‍ ആണെന്ന് സ്ഥിരിക്കുന്നതും. കോഴിക്കോടും മദ്രാസിലും ഒന്നിലധികം ഓപ്പറേഷനുകള്‍ നടന്നെങ്കിലും ജയകൃഷ്ണന് സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരാനായില്ല.
നാട്ടുകാര്‍ പിരിച്ചെടുത്തതും കൈയിലുള്ളതും കടം വാങ്ങിയതുമായ പണം കൊണ്ടാണ് ഇതുവരെ ചികിത്സ മുന്നോട്ടുകൊണ്ടുപോയത്. തലശ്ശേരി കാന്‍സര്‍ സെന്ററിലെ ചികിത്സയിലാണ്. മാസങ്ങളുടെ ഇടവേളയില്‍ അയഡിന്‍ തെറാപ്പി ചെയ്യണം. ഇതിന് നാല്പതിനായിരം രൂപയോളം കണ്ടെത്തണം. അവിടെയെത്താന്‍ വാഹനവും വേണം. നാട്ടുകാരായ ചിലര്‍ വാഹനം സൗജന്യമായി നല്‍കിയാണ് തലശ്ശേരി കാന്‍സര്‍ സെന്ററിലെ ചികിത്സ മുടങ്ങാതെ നടത്തി പോരുന്നത്.
ഇരുന്നിടത്ത് നിന്ന് അനങ്ങാന്‍ പോലും ആവാത്ത സ്ഥിതിയാണ് ഇപ്പോള്‍ ജയകൃഷ്ണന്റേത്. ഇതിന് ചെറിയ മാറ്റം വരുമെന്ന പ്രതീക്ഷയില്‍ ഫിസിയോ തെറാപ്പിയും ചെയ്യുന്നുണ്ട്. ഇതിനായി കൊയിലാണ്ടി ഹോമിയോ ആശുപത്രിയില്‍ എത്തിക്കാനുള്ള വാഹനചെലവുപോലും കുടുംബത്തിന് താങ്ങാനാവാത്ത അവസ്ഥയാണ്. ഇതിനു പുറമേയാണ് മാസത്തില്‍ കുറഞ്ഞത് 500 രൂപയെങ്കിലും മരുന്നിനായി കണ്ടത്തേണ്ടി വരുന്നത്.
ജയകൃഷ്ണന്റെ അമ്മയും വാര്‍ദ്ധക്യ സഹജമായ രോഗത്തിന്റെ പിടിയിലാണ്. പത്താം ക്ലാസിലും അതിനു താഴെയും പഠിക്കുന്ന മകന്റെയും മകളുടെയും പഠനം പ്രാരാബ്ധത്തില്‍ പെട്ട് മുടങ്ങാതെ മുന്നോട്ടു കൊണ്ടു പോകുന്നതും ഭര്‍ത്താവിന്റെയും അമ്മയുടെയും കാര്യങ്ങള്‍ നോക്കുന്നതുമെല്ലാം ജയകൃഷ്ണന്റെ ഭാര്യ ഷീനയാണ്. ഈ അവസ്ഥയില്‍ അവര്‍ക്ക് ജോലിക്ക് പോയി കുടുംബത്തെ മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയില്ല എന്നതാണ് വാസ്തവം.
വളരെ ശോചനീയമായ അവസ്ഥയിലാണ് ജയകൃഷ്ണന്റെ വീട്. ലൈഫ് പദ്ധതിയില്‍ പുതിയ വീട് അനുവദിച്ച് കിട്ടിയിട്ടുണ്ടെങ്കിലും അത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ പദ്ധതി തുക മാത്രം മതിയാവില്ല. നാട്ടിലെ ഉദാരമതികള്‍ എതാവശ്യത്തിനും ഈ കുടുംബത്തോടൊപ്പമുണ്ട്.
എന്നാൽ ഒരു വ്യക്തിക്കോ സംഘടനക്കോ ഏറ്റെടുക്കാവുന്നതിലും അധികമാണ് ജയകൃഷ്ണനും കുടുംബവും ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി. ആയതിനാല്‍ ജയകൃഷ്ണനെ സ്നേഹിക്കുന്നവരും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ തത്പരരായവരും തങ്ങളാല്‍ കഴിയുന്ന തുക, അതെത്ര ചെറുതായാല്‍പ്പോലും നേരിട്ട് ജയകൃഷ്ണന്റെ ചികിത്സാ ചെലവിലേക്കായി അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്ത് സഹായിക്കാന്‍ അപേക്ഷിക്കുന്നു:
അക്കൗണ്ട് വിശദാംശങ്ങള്‍:
A/C No: 0837101051273
lFSC: CNRB 0000 837
G Pay No.8086804431
Phone: 9447083693