മൂരാട് പാലം 18 മുതല്‍ 25 വരെ ഭാഗികമായി അടച്ചിടും; യാത്ര അനുവദിക്കുന്ന സമയക്രമത്തിന് തീരുമാനമായി, പുതിയ സമയക്രമം അറിയാം
മൂരാട്: ദേശീയപാതയിലെ മൂരാട് പുതിയ പാലത്തിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നവംബര്‍ 18 മുതല്‍ 25 വരെ പാലംവഴിയുള്ള വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി വാഹനഗതാഗതം നിയന്ത്രിക്കണമെന്ന ദേശീയപാത അതോരിറ്റിയുടെ ആവശ്യപ്രകാരമാണ് തീരുമാനം.
യാത്രക്കാരുമായി വരുന്ന വാഹനങ്ങള്‍ക്ക് രാവിലെ എട്ട് മണി മുതല്‍ പതിനൊന്ന് വരെയും, വൈകീട്ട് മൂന്ന് മണി മുതല്‍ ആറ് മണി വരെയും മൂരാട് പാലത്തിലൂടെ ഗതാഗതം അനുവദിക്കും. ബാക്കി സമയങ്ങളില്‍ പാലത്തിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിക്കുന്നതാണ്.
യാത്ര സുഗമമാക്കാന്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ ദിശാ ബോര്‍ഡുകളും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്.
പാലത്തിലൂടെ ആംബുലന്‍സ് കടത്തിവിടുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളണം. പാലത്തിന്റെ സ്ഥിരതയും മറ്റ് സാങ്കേതിക വിശദാംശങ്ങളും ദേശീയപാത അതോരിറ്റിയും ബന്ധപ്പെട്ട കരാറുകാരനും ഉറപ്പാക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.