പതിനഞ്ച് ദിവസത്തിനിടെ ഡെങ്കിപ്പനി ബാധിച്ചത് 269 പേര്‍ക്ക്; കോഴിക്കോട് ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം


തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിര്‍ദേശം നൽകി ആരോഗ്യ വകുപ്പ്.  കോഴിക്കോടിന് പുറമേ മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നൽകിയത്. എല്ലാ ജില്ലകളിലും കൊതുക്-ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. പ്രതിരോധ പ്രവര്‍ത്തനങ്ങളും അവബോധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തമാക്കാനും ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

ഈ മാസം 15 ദിവസത്തിനിടെ മാത്രം 269 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രണ്ട് ഡെങ്കിപ്പനി മരണം ഈ മാസം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം 408 പേർക്ക് ഡെങ്കി ബാധിക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ജാ​ഗ്രത നിർദേശം നൽകിയത്. ഈ വർഷം ഇതുവരെ 3717 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. മൊത്തം മരണം 26 ആയി.

ജില്ലകളുടെ സ്ഥിതി വിലയിരുത്താന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. എറണാകുളം ജില്ലയുടെ സ്ഥിതി പ്രത്യേകം വിലയിരുത്തി. വീടിന്‍റെ അകത്തോ പുറത്തോ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Summary: dengue fever Alert in seven districts in kerala including Kozhikode