ട്രെയിന്‍ യാത്രക്കിടെ തലകറങ്ങി പുറത്തേക്കു വീണു, വടകര സ്വദേശിയുടെ സമയോചിത ഇടപെടലിലൂടെ യുവതിക്ക് പുതുജീവന്‍


വടകര: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതില്‍പടിയില്‍ നിന്നു പുറത്തേക്കു വീണ യുവതിക്കു രക്ഷകനായി വടകര സ്വദേശിയായ 23-കാരന്‍. വടകര പതിയാക്കര കുയ്യാല്‍ മീത്തലെ മിന്‍ഹത്താണ് കോഴിക്കോട് ജില്ലയില്‍ ലൈബ്രേറിയനായി ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിക്ക് രക്ഷകനായത്. വെള്ളിയാഴ്ച വൈകീട്ട് 3.45ഓടെ പരശുറാം എക്‌സ്പ്രസില്‍ വെച്ചായിരുന്നു സംഭവം.

 

തിരക്കുള്ള ട്രെയിനില്‍ വാതില്‍പ്പടിക്കു സമീപം നില്‍ക്കുകയായിരുന്നു യുവതി. ട്രെയിന്‍ പട്ടാമ്പിക്കു സമീപം എത്തിയപ്പോള്‍ യുവതി പെട്ടെന്നു തലകറങ്ങി പുറത്തേക്കു വീണു. അടുത്തു നില്‍ക്കുകയായിരുന്ന മിന്‍ഹത്ത് കയ്യെത്തിപ്പിടിക്കാന്‍ ശ്രമിച്ചെങ്കിലും പിടികിട്ടിയില്ലെന്നു മാത്രമല്ല, ബാഗിന്റെ കൊളുത്തിലോ മറ്റോ കുടുങ്ങി മിന്‍ഹത്തിന്റെ നഖം പറിഞ്ഞുപോവുകയും ചെയ്തു.

മിന്‍ഹത്ത് ഉടനെ അപായച്ചങ്ങല വലിച്ച്് ട്രെയിന്‍ നിര്‍ത്തിച്ചു. യുവതി വീണ സ്ഥലത്തുനിന്ന് ഏറെ മുന്നോട്ടുപോയാണ് ട്രെയിന്‍ നിര്‍ത്തിയത്. മിന്‍ഹത്ത് ഓടി പുറത്തേക്കിറങ്ങി യുവതിക്ക് മറ്റ് യാത്രക്കാരുടെ സഹായത്തോടെ പ്രഥമ ശുശ്രൂഷ നല്‍കിയശേഷം സമീപത്തെ വീട്ടിലെത്തി വാഹനം ലഭ്യമാക്കി പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ട്രെയിന്‍ നിര്‍ത്തിയാല്‍ വീണ്ടും പോകാന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഇതു തിരിച്ചറിഞ്ഞ മിന്‍ഹത്ത് മറ്റു യാത്രക്കാരെ കാര്യം ധരിപ്പിച്ച് രക്ഷാപ്രവര്‍ത്തനത്തിന് ആക്കം കൂട്ടി. തലക്ക് പരിക്കേറ്റ ജിസ്‌മോളെ ബന്ധുക്കളെത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടനില തരണം ചെയ്തതോടെ ശനിയാഴ്ച വീട്ടിലേക്ക് പോയി.

എന്‍ജിനീയറിങ് കഴിഞ്ഞ മിന്‍ഹത്ത് എറണാകുളത്തുനിന്ന് വടകരയിലേക്കുള്ള യാത്രയിലും ജിസ്‌മോള്‍ വളാഞ്ചേരിയിലേ?ക്കുള്ള യാത്രയിലുമായിരുന്നു. പതിയാരക്കര കുയ്യാല്‍ മീത്തല്‍ഹമീദിന്റെ മകനായ മിന്‍ഹത്ത് ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ സജീവമാണ്.