വിജനമായി കൊയിലാണ്ടി നഗരം, നിരത്തിലിറങ്ങിയത് ചുരുക്കം വാഹനങ്ങള്‍; നിയന്ത്രണങ്ങളോട് പൂര്‍ണ്ണമായി സഹകരിച്ച് കൊയിലാണ്ടിക്കാര്‍


കൊയിലാണ്ടി: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് വാരാന്ത്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോട് പൂര്‍ണ്ണമായും സഹകരിച്ച് കൊയിലാണ്ടി നഗരം. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രങ്ങളായിരുന്നു സംസ്ഥാനമൊട്ടാകെ ഏര്‍പ്പെടുത്തിയിരുന്നത്. കൊയിലാണ്ടിയിലും അവശ്യ സേവനങ്ങള്‍ക്ക് മാത്രമായിരുന്നു പ്രവര്‍ത്തനാനുമതി.

 

കര്‍ശന നിയന്ത്രണങ്ങളെ തുടര്‍ന്ന് കൊയിലാണ്ടി നഗരവും വിജനമായിരുന്നു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇന്ന് തിരക്ക് വളരെ കുറവായിരുന്നു. അടിയന്തര ആവശ്യങ്ങളുള്ളവര്‍ മാത്രമേ ആശുപത്രി സന്ദര്‍ശിച്ചുള്ളു. പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്‍, മീന്‍, ഇറച്ചി എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മണി മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഹോട്ടലിലും ബേക്കറിയിലും ഇരുന്നു കഴിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. എന്നാല്‍ പാഴ്സല്‍ അനുവദിച്ചിരുന്നു.

ഹാര്‍ബറിലും തിരക്ക് വളരെ കുറവായിരുന്നു. സമീപ പ്രദേശങ്ങളിലുള്ള തൊഴിലാളികള്‍ മാത്രമാണ് ഇന്ന് ജോലിയ്ക്കായി എത്തിയത്. രാവിലെ ഏഴ് മണിമുതല്‍ രാത്രി ഒമ്പതു മണിവരെയാണ് അവശ്യ സര്‍വ്വീസുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

നഗരത്തിലെത്തുന്ന വാഹങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണമെന്നും ദീര്‍ഘദൂര യാത്രക്ക് പോകുന്നവര്‍ യാത്രാ രേഖകള്‍ കാണിക്കണമെന്ന് നിര്‍ദേശം നിലനില്‍ക്കുന്നതിനാല്‍ പോലീസ് കര്‍ശന പരിശോധനയാണ് തുടരുന്നത്. അനാവശ്യയാത്രകള്‍ ഒഴിവാക്കി ജനങ്ങള്‍ സഹകരിച്ചതിനാല്‍ കൊയിലാണ്ടി നഗരത്തില്‍ ചുരുക്കം ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്.

ജില്ലാ എ കാറ്റഗറി ആയതിനാല്‍ വിവാഹ, മരണാനന്തര ചടങ്ങുകളില്‍ 50 പേര്‍ക്ക് പങ്കെടുക്കാമെങ്കിലും ഇന്നത്തെ ചടങ്ങുകള്‍ക്ക് 20 പേര്‍ക്ക് മാത്രമേ അനുമതിയുണ്ടായിരുന്നുള്ളു.