തിരഞ്ഞെടുപ്പ് ഫലമറിയാൻ മണിക്കൂറുകൾ മാത്രം, കീഴരിയൂർ, പയ്യോളി അങ്ങാടി വാർഡുകളിലെ ഉൾപ്പെടെ ജില്ലയിലെ നാല് തദ്ദേശസ്ഥാപന വാര്‍ഡുകളിലെ തിരഞ്ഞെടുപ്പ് ഫലം പതിനൊന്നു മണിയോടെ


കൊയിലാണ്ടി: ആകാംഷയുടെ മണിക്കൂറുകൾ എത്തി, മണിക്കൂറുകൾക്കുളിൽ തിരഞ്ഞെടുപ്പിന്റെ ഫലമറിയാം. ജില്ലയിൽ നാല് തദ്ദേശവാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലമാണ് പതിനൊന്നു മണിയോടെ അറിയാനാവുക. തുറയൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ പയ്യോളി അങ്ങാടി, മേലടി ബ്ലോക്കിലെ കീഴരിയൂര്‍ ഡിവിഷന്‍, മണിയൂര്‍ പഞ്ചായത്തിലെ മണിയൂര്‍ നോര്‍ത്ത്, കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റില്‍ വാര്‍ഡ് എന്നിവിടങ്ങളിലാണ് ഇന്നലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

വോട്ടെണ്ണൽ പൂർത്തിയായതോടെ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. തുറയൂരിൽ 80.92% മേലടി ബ്ലോക്കിൽ – 80.25% പോളിംഗ് രേഖപ്പെടുത്തി. ഇന്നലെ രാവിലെ ഏഴു മണി മുതൽ തന്നെ വോട്ടിംഗ് ബൂത്തുകളിൽ തുടർച്ചയായി ആളുകൾ എത്തികൊണ്ടേയിരുന്നു. വൈകിട്ട് ആറു മണിയോടെ വോട്ടിങ് പൂർത്തിയാക്കുമ്പോൾ നാലിടങ്ങളിലും എൺപത് ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തി.

കീഴരിയൂരില്‍ എല്‍.ഡി.എഫിലെ കെ.പി.ഗോപാലന്‍ നായര്‍ അംഗത്വം രാജിവെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ്. എല്‍.ഡി.എഫിലെ എം.എം രവീന്ദ്രന്‍, യു.ഡി.എഫിലെ ശശി പാറോളി ബി.ജെ.പിയിലെ സന്തോഷ് കാളിയത്ത് എന്നിവരാണ് ഇവിടെ മത്സര രംഗത്തുള്ളത്. ഗോപാലൻ നായരുടെ രാജിയെ ആയുധമാക്കിയുള്ള പ്രചാരണമായിരുന്നു യു.ഡി.എഫിന്റേത്. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് രാജിയെന്ന് യു.ഡി.എഫിന്റെ കള്ളാ പ്രചാരണമാണെന്നുമായിരുന്നു എൽ.ഡി.എഫിന്റെ വാദം.

തുറയൂരിലെ പയ്യോളി അങ്ങാടിയില്‍ ലീഗിലെ യു. ഷംസുദ്ദീന്‍ സ്ഥാനം ഒഴിഞ്ഞ വാര്‍ഡിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എല്‍.ഡി.എഫ് സ്വതന്ത്രന്‍ കോടി കണ്ടി അബ്ദുറഹിമാന്‍, ലീഗിലെ സി.എ നൗഷാദ്, ബി.ജെപിയിലെ വി.കെ ലിബീഷ് എന്നിവരാണ് ഇവിടെ മത്സരിക്കുന്നത്.

മണിയൂര്‍ നോര്‍ത്തില്‍ എല്‍.ഡി.എഫിന്റെ കെ.പി ബാലന്‍ മരണപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലാണ് തിരഞ്ഞെടുപ്പ്. എല്‍.ഡി.എഫിലെ എ.ശശിധരനും, യു.ഡി.എഫിലെ ഇ.എം രാജനും ബി.ജെ.പിയിലെ കെ.ഷിബുവുമാണ് സ്ഥാനാര്‍ത്ഥികള്‍.

ഇടത് അംഗം ഐ.സജിത സര്‍ക്കാര്‍ ജോലി നേടി രാജി വെച്ച ഒഴിവിലേക്കാണ് കിഴക്കോത്ത് എളേറ്റിലെ ഉപതിരഞ്ഞെടുപ്പ്. എല്‍.ഡി.എഫിലെ പി.സി രഹ്ന, യു.ഡി.എഫിലെ റസീന പൂക്കാട്, എസ്.ഡി.പി.ഐയിലെ ഷറീന സലിം എന്നിവരാണ് ഇവിടെ സ്ഥാനാര്‍ത്ഥികള്‍.