ലോകരാജാക്കന്മാരായി ഇന്ത്യൻ കൗമാരപ്പട; അണ്ടർ 19 ലോകകപ്പിൽ അഞ്ചാം കിരീടം


കോഴിക്കോട്‌: അണ്ടർ 19 ലോകകപ്പിൽ കപ്പടിച്ച് ഇന്ത്യയുടെ വണ്ടർ ബോയ്സ്. ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 4 വിക്കറ്റ് ജയത്തോടെയാണ് ഇന്ത്യ 5–ാം തവണ കൗമാരകിരീടം ചൂടിയത്.

സ്കോർ: ഇംഗ്ലണ്ട്– 44.5 ഓവറിൽ 189നു പുറത്ത്. ഇന്ത്യ– 47.4 ഓവറിൽ 6ന് 195. വൈസ് ക്യാപ്റ്റൻ ഷെയ്ക്ക് റഷീദിന്റെയും (50) നിഷാന്ത് സിന്ധുവിന്റെയും (50*) അർധ സെഞ്ചുറികളാണ് ഇന്ത്യയുടെ ചെയ്സിങ് അനായാസമാക്കിയത്. ഇന്ത്യയ്ക്കു വേണ്ടി പേസർമാരായ രാജ് ബാവ അഞ്ചും രവി കുമാർ നാലും വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിന്റെ ആദ്യ 7 വിക്കറ്റുകൾ 25 ഓവറായപ്പോഴേക്കും ഇന്ത്യൻ ബോളർമാർ വീഴ്ത്തിയതാണ്. സ്കോർ ബോർഡിൽ അപ്പോൾ 91 റൺസ് മാത്രം. എന്നാൽ 8–ാം വിക്കറ്റിൽ ജയിംസ് റ്യൂവും ജയിംസ് സാലസും നേടിയ 93 റൺസ് കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചു. റ്യൂ 95 റൺസെടുത്തു. സാലസ് 34 റൺസുമായി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിൽ ഇന്നിങ്സിന്റെ 2–ാം പന്തിൽ തന്നെ അംഗ്ക്രിഷ് രഘുവംശിയെ (0) ഇന്ത്യയ്ക്കു നഷ്ടമായി. എന്നാൽ, ഷെയ്ക്ക് റഷീദ് (50) ഉറച്ചുനിന്നു കളിച്ചതോടെ ഇന്നിങ്സിന് അടിത്തറയായി. റഷീദിനെയും ക്യാപ്റ്റൻ യഷ് ദൂലിനെയും (17) പുറത്താക്കി ഇംഗ്ലണ്ട് തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും നിഷാന്ത് സിന്ധുവും (50 നോട്ടൗട്ട്) രാജ് ബാവയും (35) ചേർന്ന 5–ാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യൻ പ്രതീക്ഷ കാത്തു. 43–ാം ഓവറിൽ ബാവയും പിന്നാലെ കൗശൽ ടാംബെയും (1) പുറത്തായെങ്കിലും ദിനേഷ് ബാനയെ (13) കൂട്ടുപിടിച്ച് സിന്ധു ഇന്ത്യയെ വിജയത്തിലെത്തിച്ചു. തുടരെ 2 സിക്സടിച്ചാണ് ബാന കളി തീർത്തത്.

നേരത്തേ, വിവിയൻ റിച്ചഡ്സ് സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ 2–ാം ഓവറിൽ തന്നെ ഇന്ത്യ ഞെട്ടിച്ചു. രവി കുമാറിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി ഓപ്പണർ ജേക്കബ് ബെഥേൽ (2) മടങ്ങുമ്പോൾ സ്കോർ ബോർഡിൽ 4 റൺസ്. വിക്കറ്റുകളുടെ ഘോഷയാത്ര അവിടെ തുടങ്ങി. വൺഡൗണായി ക്രീസിലെത്തിയ ഇംഗ്ലിഷ് ക്യാപ്റ്റൻ ടോം പ്രെസ്റ്റിനെ രവികുമാർ പൂജ്യനാക്കി മടക്കി– ക്ലീൻ ബോൾഡ്. 4 ഫോറും ഒരു സിക്സുമായി നിലയുറപ്പിച്ചു തുടങ്ങിയ ജോർജ് തോമസിന്റെ (27) ഊഴമായിരുന്നു അടുത്തത്. രാജ് ബാവയുടെ പന്തിൽ യഷ് ദൂലിനു ക്യാച്ച്.

റ്യൂ ഒരറ്റത്തു പിടിച്ചു നിന്നെങ്കിലും അപ്പുറത്തു തുടരെ വിക്കറ്റുകൾ വീണു. 13–ാം ഓവറിൽ വില്യം ലക്സ്റ്റനെയും (4) ജോർജ് ബെല്ലിനെയും (0) ബാവ അടുത്തടുത്ത പന്തുകളിൽ മടക്കി. അടുത്ത വരവിൽ റെഹാൻ അഹമ്മദും ബാവയുടെ ഇരയായി. 25–ാം ഓവറിൽ അലക്സ് ഹോർട്ടനെ കൗശൽ ടാംബെ, ദൂലിന്റെ കയ്യിലെത്തിച്ചതോടെ ഇംഗ്ലണ്ട് 7ന് 91 എന്ന നിലയിൽ. തുടർന്നായിരുന്നു സാലസിനെ കൂട്ടുപിടിച്ച് റ്യൂവിന്റെ രക്ഷാപ്രവർത്തനം.

12 ഫോറുകൾ അടിച്ച റ്യൂ ഒടുവിൽ ഒരു സിക്സിനു ശ്രമിച്ചത് രവി കുമാർ എറിഞ്ഞ 44–ാം ഓവറിൽ. ആ സാഹസം ഇന്ത്യയ്ക്കു ഭാഗ്യമായി. ഡീപ് സ്ക്വയർ ലെഗിൽ ടാംബെയുടെ മികച്ച ക്യാച്ച്. ആദ്യം കയ്യിൽ നിന്നു പന്തു തെറിച്ചെങ്കിലും നിലത്തു വീഴും മുൻപേ ഒറ്റക്കൈ കൊണ്ട് ടാംബെ ക്യാച്ച് പൂർത്തിയാക്കി. സെഞ്ചുറിക്ക് 5 റൺസ് അകലെ റ്യൂ പുറത്തായതോടെ ഇംഗ്ലണ്ടിന്റെ ചെറുത്തുനിൽപും അവസാനിച്ചു.