‘അരിക്കുളത്ത് നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും വ്യാപകമായി മണ്ണിട്ട് നികത്തപ്പെടുമ്പോഴും അധികൃതര്‍ക്ക് മൗനം’; വയല്‍ സംരക്ഷണ സമിതി പ്രക്ഷോഭത്തിലേക്ക്, നവംബര്‍ 21ന് വില്ലേജ് ഓഫീസിനുമുന്നില്‍ ധര്‍ണ്ണ


അരിക്കുളം: അരിക്കുളം വില്ലേജ് പരിധിക്കുള്ളില്‍ തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും വ്യാപകമായി മണ്ണിട്ട് നികത്തുന്നതുമിയി ബന്ധപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങി വയല്‍ സംരക്ഷണ സമിതി. പ്രദേശത്ത് ഭൂമാഫിയകള്‍ വന്‍തോതില്‍ നെല്‍വയലുകള്‍ നികത്തുമ്പോഴും അധികൃതര്‍ വേണ്ട രീതിയില്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് വയല്‍ സംരക്ഷണ സമിതി ഭാരവാഹികള്‍ പരാതിപ്പെട്ടു.

ഒരു വര്‍ഷത്തോളമായി പ്രദേശത്ത് പലസ്ഥലങ്ങളിലായി നെല്‍ വയലുകള്‍ നികത്തല്‍ തുടരുന്നുണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ അവര്‍ വന്ന് നോക്കുകയും മണ്ണ് നീക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പറയുമെങ്കിലും ഇത് പാലിക്കപ്പെടുന്നില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ഈ സാഹചര്യത്തില്‍ സംഭവത്തില്‍ പ്രതിഷേധിച്ച് ഈ മാസം 21ന് വില്ലേജ് ഓഫീസിന്റെ മുന്നില്‍ ധര്‍ണ്ണാസമരം നടത്താന്‍ ഒരുങ്ങുകയാണെന്ന് വയല്‍ സംരക്ഷണ സമിതി ഭാരവാഹികള്‍ അറിയിച്ചു. വില്ലേജ് പരിധിക്കുള്ളിലെ തരിശ് ഭൂമികള്‍ ഏറ്റെടുത്ത് കൃഷി യോഗ്യമാക്കാന്‍ വേണ്ടി കൃഷിഭവന്റെ സഹായം തേടുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

യോഗത്തില്‍ സി.രവി അധ്യക്ഷത വഹിച്ചു. ഊട്ടേരി ആറാം വാര്‍ഡ് മെമ്പര്‍ എം.പ്രകാശന്‍ യോഗം ഉദ്ഘാടനം ചെയ്തു. വാകമോളി അഞ്ചാം വാര്‍ഡ് മെമ്പര്‍ നിജീഷ് കുമാര്‍, മുന്‍ അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ.എന്‍ അടിയോടി, റിയാസ് ഊട്ടേരി, രാഘവന്‍, എം.രാജന്‍, പി.സി ചന്ദ്രന്‍, സി. എം കൃഷ്ണന്‍, മധു തൈക്കൂടത്തില്‍ എന്നിവര്‍ സംസാരിച്ചു.

summary: the field protection committee is ready to protest against the filling of paddy fields in Arikkulam