സർഗ്ഗ വസന്തം തീർത്ത് മൂടാടിയിൽ സ്കൂൾ കലോത്സവം; ജേതാക്കളായി വീരവഞ്ചേരി എൽ പി സ്കൂൾ


മൂടാടി: രണ്ട് ദിവസം നീണ്ടു നിന്ന മൂടാടി ഗ്രാമപഞ്ചായത്ത് കേരള സ്കൂൾ കലോത്സവം സമാപിച്ചു. പഞ്ചായത്ത് പരിധിയിലെ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. കലയുടെ സൗന്ദര്യം വിളിച്ചോതിയ കുട്ടികളുടെ കലാ പരിപാടികൾ ആസ്വാദകർക്ക് വേറിട്ട അനുഭവം പകർന്നു. സ്കൂൾ കലോത്സവത്തിന്റെയും അറബിക് സാഹിത്യോത്സവത്തിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ നിർവഹിച്ചു.

ചിങ്ങപുരം സി.കെ.ജി.എം എച്ച്.എസ്.എസ് സ്കൂളിലാണ് കലോത്സവം നടന്നത്. ജനറൽ കലോത്സവത്തിലും അറബിക് സാഹിത്യോത്സവത്തിലും വീരവഞ്ചേരി എൽപി സ്കൂൾ ഒന്നാം സ്ഥാനം നേടി. ജനറൽ കലോത്സവത്തിൽ വൻമുഖം എളമ്പിലാട് എംഎൽപി സ്കൂൾ രണ്ടാം സ്ഥാനവും വിമംഗലം യുപി സ്കൂൾ മൂന്നാം സ്ഥാനവും നേടി. അറബിക് സാഹിത്യോത്സവത്തിൽ മുചുകുന്ന് നോർത്ത് യുപി സ്കൂൾ രണ്ടാം സ്ഥാനവും ഗവ ഹൈസ്കൂൾ വൻമുഖം, വൻമുഖം എളമ്പിലാണ് എം എൽ പി സ്കൂൾ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ചടങ്ങിൽ പിടിഎ പ്രസിഡണ്ട് അച്യുതൻ ആളങ്ങാരി അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള സമാനദാനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ.ഭാസ്കരൻ, വാർഡ് മെമ്പർ രജുല.ടി.എം, സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ് ബാബു എടക്കുടി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ.കെ.മനോജ് കുമാർ, ഇമ്പ്ലിമെന്റിങ്ങ് ഓഫീസർ റിനു.വി.ആർ, പിടിഎ വൈസ് പ്രസിഡൻറ് വി.വി.സുരേഷ്, എംപിടിഎ ചെയർപേഴ്സൺ ഷെർളി കെ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി സതീഷ് ബാബു എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി.ശ്യാമള സ്വാഗതവും വിദ്യാഭ്യാസ സമിതി കൺവീനർ സനിൽകുമാർ നന്ദിയും പറഞ്ഞു.

Summary: School Art Festival in Moodadi