സ്നേഹപൂര്‍വം തിക്കോടിക്കാര്‍; യു.എ.ഇ സന്ദർശനത്തിനെത്തിയ കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലയ്ക്ക് ദുബായില്‍ സ്വീകരണം നല്‍കി ഗ്ലോബല്‍ തിക്കോടിയന്‍സ് ഫോറം


ദുബായ്: സന്ദർശനത്തിനായി യു.എ.ഇയിൽ എത്തിയ കൊയിലാണ്ടി എം.എല്‍.എ കാനത്തിൽ ജമീലയ്ക്ക് ഗ്ലോബൽ തിക്കോടിയൻസ് ഫോറം യു.എ.ഇ ചാപ്റ്ററിന്‍റെ സ്വീകരണം. അറയ്ക്കൽ പാലസ് റെസ്റ്റോറന്റിൽ വ്യാഴാഴ്ച്ച വൈകീട്ട് നടന്ന പരിപാടിയില്‍ ഫോറത്തിന്‍റെ യു.എ.ഇ ചാപ്റ്റര്‍ സെക്രട്ടറി ഷാമിൽ മൊയ്‌ദീൻ സ്വാഗതം പറഞ്ഞു.

ചടങ്ങില്‍ പ്രവാസികള്‍ കേരളത്തിന്‍റെ വികസനത്തിൽ നടത്തുന്ന ഇടപെടലുകളെ പറ്റിയും കൊയിലാണ്ടി പ്രദേശങ്ങളിൽ വർധിച്ചു വരുന്ന ലഹരി മാഫിയയെ പിടിച്ചു കെട്ടാൻ നടത്തുന്ന പ്രവർത്തങ്ങളെ പറ്റിയും എം.എല്‍.എ വിശദീകരിച്ചു.

പ്രസിഡന്‍റ് പ്രജീഷ് തിക്കോടി അധ്യക്ഷം വഹിച്ച പരിപാടിയില്‍ സീനിയർ അഡ്വസറി ചെയർമാൻ സത്യൻ പള്ളിക്കര സംഘടനയെ പരിചയപ്പെടുത്തി. സംഘടനയുടെ എക്സിക്യൂട്ടീവ് മെമ്പർമാര്‍ ചേർന്ന് കാനത്തില്‍ ജമീലയ്ക്ക് ഉപഹാരം നൽകി. ട്രഷറർ ഫൈസൽ മൻസിൽ നന്ദി പറഞ്ഞു.