മൊബൈലില്‍ അജ്ഞാത നമ്പറില്‍ നിന്ന് അശ്ലീല സന്ദേശങ്ങള്‍ വന്നപ്പോള്‍ പരാതി നല്‍കി; പോക്‌സോ കേസിന്റെ പേരില്‍ ഒരുവര്‍ഷമായി നടക്കാവ് പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങി മടുത്ത് അച്ഛനും മകളും
കോഴിക്കോട്: മൊബൈലില്‍ അജ്ഞാത നമ്പറില്‍ നിന്ന് അശ്ലീല സന്ദേശങ്ങള്‍ വന്നത് ചൂണ്ടിക്കാട്ടി പരാതി നല്‍കിയതിന്റെ പേരില്‍ പത്തുമാസത്തോളമായി പൊലിസ് സ്റ്റേഷന്‍ കയറിയിറങ്ങുകയാണ് കോഴിക്കോട്ടുകാരായ ഒരു മകളും അച്ഛനും. പരാതിയില്‍ നടപടിയുണ്ടായില്ലെന്ന് മാത്രമല്ല, പരാതിയുടെ പേരില്‍ സ്റ്റേഷനില്‍ പരിശോധനയ്ക്കായി വാങ്ങിവെച്ച ഫോണ്‍ ഇതുവരെ തിരിച്ചുനല്‍കിയിട്ടുമില്ല.
ഫോണ്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണെന്നും പരിശോധനാ ലാബില്‍ നിന്ന്് എന്ന് മൊബൈല്‍ ഫോണ്‍ എന്ന് കിട്ടുമെന്നും കൃത്യമായി പറയാനാകാത്ത സ്ഥിതിയാണെന്നുമാണ് പൊലീസ് പറയുന്നത്.
2022ന് ജനുവരി 23ന് രാത്രിയാണ് ഓണ്‍ലൈന്‍ ക്ലാസിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് അജ്ഞാത നമ്പറില്‍ നിന്ന് മൊബൈലില്‍ അശ്ലീല വീഡിയോ സന്ദേശങ്ങള്‍ വന്നത്. പിറ്റേന്ന് തന്നെ നടക്കാവ് പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്ത പൊലിസ് ഉടന്‍ പ്രതിയെ പിടികൂടുമെന്ന് അറിച്ചെങ്കിലും പിന്നീട് അനക്കമൊന്നും ഉണ്ടായില്ല.
കേസ് പോക്‌സോ ആയതിനാല്‍ പെണ്‍കുട്ടിയുടെ ശരീര പരിശോധന നടത്തണമെന്നും ആവശ്യമുയര്‍ന്നു. മൊബൈലില്‍ ആരോ അശ്ലീല സന്ദേശം അയച്ചതിന് ശരീര പരിശോധന എന്തിനെന്ന ചോദ്യത്തിന് നിയമം ഇങ്ങനെയാണെന്നായിരുന്നു മറുപടി. ഒടുവില്‍ ശരീരപരിശോധനയ്ക്ക് തയ്യാറല്ലെന്ന് എഴുതി നല്‍കി തിരികെ പോരുകയായിരുന്നു.
കേസിന്റെ പുരോഗതി അറിയാനും മൊബൈല്‍ തിരിച്ചുകിട്ടാനും പലതവണ പൊലിസ് സ്റ്റേഷന്‍ കയറിയിറങ്ങേണ്ടിവന്നു ഇവര്‍ക്ക്. ഇങ്ങനെയെങ്കില്‍ സാധാരണക്കാര്‍ ഒരുപരാതിയുമായി നമ്മുടെ നിയമസംവിധാനത്തെ എങ്ങനെ സമീപിക്കുമെന്നാണ് ഇവരുടെ ചോദ്യം.