കോഴിക്കോട്ടെ തിയേറ്റർ പാർക്കിംഗിൽ നിന്ന് ബുള്ളറ്റ് മോഷ്ടിച്ച് കടന്നുകളഞ്ഞു; കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ


കോഴിക്കോട്: സിനിമാതിയേറ്ററിനടുത്തുള്ള പാർക്കിങ്ങിൽ വച്ച് ബുള്ളറ്റ് മോഷ്ടിച്ച കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടി.  നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഫസലുദ്ദീൻ തങ്ങൾ (28)ആണ് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺപോലീസും നടത്തിയ പഴുതടച്ചുള്ള അന്വേഷണത്തിൽ പിടിയിലായത്.

കഴിഞ്ഞ ആഗസ്റ്റ് മാസം 18-ാം തിയ്യതി രാത്രി അപ്സര തിയേറ്ററിനു പുറകിലുള്ള പാർക്കിങ്ങിൽ നിർത്തിയിട്ട ബുള്ളറ്റ് അർദ്ധരാത്രിയോടെയാണ് പ്രതി മോഷ്ടിച്ചത്. കോഴിക്കോട് നിന്ന് മോഷ്ടിച്ച ബുള്ളറ്റ് കുടിൽതോടുള്ള രഹസ്യകേന്ദ്രത്തിൽ ഒളിപ്പിച്ചശേഷം പ്രതി വയനാട്ടിലേക്ക് കടക്കുകയായിരുന്നു. തുടർന്ന് മോഷ്ടിച്ച ബുള്ളറ്റ് രഹസ്യകേന്ദ്രത്തിൽ നിന്ന് മാറ്റുന്നതിനായി ടൗണിൽ വന്നെങ്കിലും ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിൻ്റെ സിറ്റി ക്രൈം സ്ക്വാഡ് കേസ് ഏറ്റെടുത്തതറിഞ്ഞ് പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കർണ്ണാടക അതിർത്തിയിൽ രഹസ്യമായി താമസിച്ചുവരികയായിരുന്നു.

അന്വേഷണത്തിനിടെ വാവാട് താമരശ്ശേരി അടിവാരം ഭാഗങ്ങളിൽ രാത്രിയിൽ പ്രതിയെ കണ്ടതായി സിറ്റി ക്രൈം സ്ക്വാഡിന് വിവരം ലഭിച്ചെങ്കിലും കോഴിക്കോട് നിന്ന് റൂറൽ പൊലീസ് ലിമിറ്റിൽ എത്തുമ്പോഴേക്കും പ്രതി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് താമരശ്ശേരിയിൽ റിയൽഎസ്റ്റേറ്റ് ഏജൻ്റുമാരായി തങ്ങിയ ക്രൈം സ്ക്വാഡ് പ്രതി വാവാട് എത്തിയപ്പോൾ പിടികൂടുകയായിരുന്നു. ടൗൺ സബ്ബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രൻ പ്രതിയെ അറസ്റ്റ് ചെയ്തു.

ശാസ്ത്രീയമായ ചോദ്യം ചെയ്യലിൽ ബുള്ളറ്റ് ഒളിപ്പിച്ച രഹസ്യകേന്ദ്രം പ്രതി പൊലീസിനോട് വെളിപ്പെടുത്തി. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, സി.കെ.സുജിത്ത്, ടൗൺ പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഇ.ബാബു, സീനിയർ സി.പി.ഒ പി. സജേഷ് കുമാർ, സി.പി.ഓ മാരായ പി.കെ.രതീഷ്, പി.ജിതേന്ദ്രൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Summary: Bullet stole in theater parking Man arrested in Kozhikode