ഫിഷറീസ് വകുപ്പിന്റെ പദ്ധതിയിലേക്ക് പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ നിയമനം; കോഴിക്കോട് ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (20/10/22) അറിയിപ്പുകൾ
കോഴിക്കോട്: ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം
കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കം
കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന് നന്മണ്ട ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ തുടക്കം. ശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി., സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയമേളകളും വൊക്കേഷണല്‍ എക്സ്പോയുമാണ് ഇന്നു മുതല്‍ മൂന്നുദിനങ്ങളിലായി (ഒക്ടോബര്‍ 20,21, 22) നടക്കുന്നത്. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സുനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
നന്മണ്ട ഹയര്‍സെക്കന്‍ഡറി സ്കൂളാണ് പ്രധാനവേദി. ശാസ്ത്ര, ഗണിതശാസ്ത്ര മേളകള്‍ കോക്കല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലും പ്രവൃത്തിപരിചയ, സാമൂഹികശാസ്ത്രമേളകള് നന്മണ്ട ഹയര്‍സെക്കന്‍ഡറിയിലും ഐ.ടി. മേള നന്മണ്ട 14-ലെ സരസ്വതി വിദ്യാമന്ദിര്‍ സ്കൂളിലുമാണ് നടക്കുന്നത്. 157 ഇനങ്ങളിലായി 5700 മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും.
ശനിയാഴ്ച വൈകീട്ട് നാലിന് നടക്കുന്ന സമാപനസമ്മേളനം എം.കെ. രാഘവന് എം.പി. ഉദ്ഘാടനം ചെയ്യും. കെ.എം. സച്ചിന്‍ദേവ് എം.എല്‍.എ. സമ്മാനവിതരണം നടത്തും.
ചടങ്ങില്‍ നന്മണ്ട പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം നാസര്‍ എസ്റ്റേറ്റ്മുക്ക്, ചേളന്നൂര്‍ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. മോഹനന്, നന്മണ്ട പഞ്ചായത്ത് അംഗം ഇ.കെ രാജീവന്, ബാലുശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഷംജിത്ത്, എന്‍.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ പി.ബിന്ദു, ഹെഡ്മാസ്റ്റര് അബൂബക്കര്‍ സിദ്ധീഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഫ്ളാഗ് ഓഫ് നിര്‍വ്വഹിച്ചു
തിരുവനന്തപുരത്തു നടക്കുന്ന ഫിഷറീസ് വകുപ്പ് ജീവനക്കാരുടെ സംസ്ഥാന തല ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഉത്തരമേഖല ടീമിന്റെ ഫ്ളാഗ് ഓഫ് കോഴിക്കോട് കോര്പ്പറേഷന് നഗരകാര്യ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ക്യാപ്റ്റന്‍ കെ. വിജേഷാണ് ഉത്തരമേഖല ടീമിനെ നയിക്കുന്നത്.
നെല്‍വിത്ത് വിതരണം ചെയ്തു
തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്ക് നെല്‍വിത്ത് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി നിര്‍വ്വഹിച്ചു. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയായ നിറപറയുടെ ഭാഗമായാണ് വിത്ത് വിതരണം ചെയ്തത്. പഞ്ചായത്ത് പരിധിയിലെ നെല്‍കര്‍ഷകരെ സഹായിക്കാന്‍ കൃഷിക്ക് വിത്ത്, കുമ്മായം, കൂലി ചെലവ് എന്നിവയ്ക്ക് സബ്സിഡി ലഭ്യമാക്കുന്ന പദ്ധതിയാണിത്.
വൈസ് പ്രസിഡന്റ് എഫ്.എം മുനീര്‍, ജനപ്രതിനിധികളായ രതീഷ് അനന്തോത്ത്, ജസ്മിന ചങ്ങരോത്ത്, ടി.വി.സഫീറ, കെ.സി.നബീല, പ്രസിന ചങ്ങരോത്ത്, ഹംസ വായേരി, ഗീത പനോളതില്, രമ്യ പുലക്കുന്നുമ്മല്‍, കൃഷിവകുപ്പ് പ്രതിനിധി കൃഷ്ണേന്ദു തുടങ്ങിയവര്‍ സംസാരിച്ചു.
ജീവതാളം പദ്ധതിക്ക് കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി
ജീവിതശൈലി രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനുമായുള്ള ജീവതാളം പദ്ധതിക്ക് കുന്നുമ്മല്‍ ബ്ലോക്കില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി നിര്‍വ്വഹിച്ചു.
ജീവിത ശൈലി രോഗങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ല ഭരണകൂടം, ജില്ല പഞ്ചായത്ത്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ജീവിത ശൈലി രോഗങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുക, ആരോഗ്യപരമായ ജീവിതത്തിലേക്കുള്ള സാമൂഹ്യ മാറ്റം, രോഗപ്രതിരോധം, രോഗ നിയന്ത്രണം, മുന്‍കരുതല്‍ എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മനോജ് കുമാര്‍ പി.വി പദ്ധതി വിശദീകരിച്ചു. വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍, കുറ്റ്യാടി താലൂക്ക് ആശുപത്രി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഹമീദ് പി. കെ, ഡോ. അമല്‍ ജ്യോതി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ബ്ലോക്ക് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലീബ സുനില്‍ സ്വാഗതവും ബ്ലോക്ക് പി ആര്.ഒ മുഹമ്മദ് റെനി നന്ദിയും പറഞ്ഞു.
സെമിനാര്‍ സംഘടിപ്പിച്ചു
സംസ്ഥാന കയര്‍ വികസന വകുപ്പിന്റെയും കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ‘കയര്‍ ഭൂവസ്ത്രം, ഉപയോഗവും സാധ്യതകളും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാറിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി നിര്‍വ്വഹിച്ചു. കോഴിക്കോട് നോര്‍ത്ത് കയര്‍ ഇന്‍സ്പെക്ടര്‍ ഇബ്രാഹിം കുട്ടി ക്ലാസ്സെടുത്തു.
കയര്‍ ഭൂവസ്ത്രം കൂടുതല്‍ ഉപയോഗിച്ച നരിപ്പറ്റ ഗ്രാമ പഞ്ചായത്തിനും ഏറ്റവും കൂടുതല്‍ കയര്‍ ഭൂവസ്ത്രം വാങ്ങിയ കുറ്റ്യാടി ഗ്രാമപഞ്ചായത്തിനും
ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്കി.
ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍ അധ്യക്ഷത വഹിച്ചു. മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത്, വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍, കോഴിക്കോട് കയര്‍ പ്രൊജക്റ്റ് ഓഫീസര്‍ പി ശശികുമാര്‍, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ പ്രജുകുമാര്‍ എന്നിവര്‍ സംസാരിച്ചു.
റോഡ് ഉദ്ഘാടനം ചെയ്തു
ഏറാമല ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ പുതുതായി നിര്‍മ്മിച്ച ബഡ്സ് സ്കൂള്‍ – കൂര്‍മ്മം കുളങ്ങര കോണ്‍ക്രീറ്റ് റോഡ് നാടിന് സമര്‍പ്പിച്ചു. റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി നിര്‍വഹിച്ചു.
പഞ്ചായത്ത് വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 7 ലക്ഷം രൂപ ചിലവഴിച്ചാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്.
ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപുരാജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.കെ ഗോപാലന്, പഞ്ചായത്ത് അംഗം പ്രമോദ് ടി കെ, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കെ.കെ. റഹീം എന്നിവര്‍ ആശംസകളര്‍പ്പിച്ചു. വാര്‍ഡ് മെമ്പര്‍ പറമ്പത്ത് പ്രഭാകരന് സ്വാഗതവും പഞ്ചായത്ത് അംഗം സോമസുന്ദരന്‍ നന്ദിയും പറഞ്ഞു.