കോവിഡ് വ്യാപനം: സംസ്ഥാനത്ത് ഞായറാഴ്ചത്തെ നിയന്ത്രണങ്ങളില്‍ ഇളവ്; ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനയ്ക്ക് അനുമതി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വാരാന്ത്യ നിയന്ത്രണങ്ങളില്‍ ഇളവ് നല്കാന് തീരുമാനം. ഇത് പ്രകാരം ഞായറാഴ്ച ആരാധനാലയങ്ങളില്‍ 20 പേര്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ അനുമതിയുണ്ടാകും. ക്രിസ്റ്റ്യന്‍ മതമേലധ്യക്ഷന്മാരുടെ ആവശ്യത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത്.
നിലവില്‍ ഞായറാഴ്ചകളില്‍ ലോക്ക്ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഉള്ളത്. ഇതില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയാല്‍ മാത്രമാണ് ഇത് സംബന്ധിച്ച വ്യക്തത വരിക.
കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സി കാറ്റഗറിയില്‍ നിലവില്‍ കൊല്ലം ജില്ല മാത്രമാണ് ഉള്ളത്. കോഴിക്കോട്, മലപ്പുറം ജില്ലകള്‍ എ കാറ്റഗറിയിലും 10 ജില്ലകള്‍ ബി കാറ്റഗറിയിലും ഉള്‍പ്പെടുന്നു. കാസര്‍കോഡ് ജില്ല ഒരു കാറ്റഗറിയിലും ഉള്‍പ്പെടുന്നില്ല.
ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മുന്‍ വര്‍ഷത്തെ പോലെ വീടുകള്‍ കേന്ദ്രീകരിച്ച് തന്നെ നടത്താനാണ് തീരുമാനം. ക്ഷേത്ര പരിസരത്ത് മാത്രം 200 പേര്‍ക്ക് അനുമതിയുണ്ടാകും.
കോവിഡ് വ്യാപനം കുറയുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഫെബ്രുവരി 14 മുതലാണ് സ്കൂളുകള്‍ തുറക്കുക. കോളേജുകളും പത്ത്, ഹയര്‍ സെക്കന്ററി ക്ലാസുകളും ഫെബ്രുവരി ഏഴിന് തുറക്കും.
ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളാണ് ഫെബ്രുവരി 14 മുതല്‍ വീണ്ടും തുറക്കുന്നത്. സ്കൂളുകളിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. നേരത്തേ ജനുവരി 21 മുതലാണ് സംസ്ഥാനത്തെ സ്കൂളുകള്‍ രണ്ടാഴ്ചത്തേക്ക് അടയ്ക്കാന്‍ തീരുമാനിച്ചത്.