കൊയിലാണ്ടി സബ് സ്റ്റേഷന് ഭൂമി കണ്ടെത്താനുള്ള നടപടികൾ അന്തിമഘട്ടത്തിൽ; പരിഗണനയിലുള്ളത് മൂന്ന് സ്ഥലങ്ങൾ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തി


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ 110 കെ.വി സബ് സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ കെ.എസ്.ഇ.ബി അധികൃതരും ദേശീയ പാത അതോറിറ്റിയും സ്ഥലപരിശോധന നടത്തി. പരിശോധനയുടെ അടിസ്ഥാനത്തില്‍ വിവിധ സ്ഥലങ്ങളുടെ പ്രത്യേകതകള്‍ താരതമ്യം ചെയ്തുള്ള റിപ്പോര്‍ട്ട് അധികൃതര്‍ക്ക് സമര്‍പ്പിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഇതില്‍ ഏത് വേണമെന്ന തീരുമാനം എടുക്കുകയുമാണ് ചെയ്യുകയെന്ന് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

മൂന്ന് സ്ഥലങ്ങളാണ് നിലവില്‍ കണ്ടെത്തിയത്. കൊല്ലത്ത് വിയ്യൂര്‍ വില്ലേജ് ഓഫീസിന് എതിര്‍വശത്തും കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജിന് സമീപം കുന്ന്യോര്‍മലയിലും എസ്.എന്‍.ഡി.പി കോളജിന് താഴെയായി കൊയിലാണ്ടി നെല്ല്യാടി റോഡില്‍ ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിന് സമീപത്തായുളള സ്ഥലവുമാണ് പരിഗണനയിലുള്ളത്.

ഇതില്‍ വിയ്യൂര്‍ വില്ലേജിന് സമീപത്തുള്ള സ്ഥലം കെ റെയില്‍ പദ്ധതിക്കുവേണ്ടി പരിഗണിച്ചിരുന്ന സ്ഥലമായതിനാല്‍ ചില ആശയക്കുഴപ്പങ്ങളുണ്ട്. മറ്റ് രണ്ട് ഇടങ്ങളില്‍ കുന്ന്യോര്‍മലയിലെ സ്ഥലത്ത് ബൈപ്പാസില്‍ നിന്നും സര്‍വ്വീസ് റോഡ് നിര്‍മ്മിക്കുന്നതിനായി പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്ന് കഴിഞ്ഞദിവസത്തെ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

കൊല്ലം നെല്ല്യാടി റോഡില്‍ കണ്ടെത്തിയ മൂന്നാമത്തെ സ്ഥലമാണ് ഏറെക്കുറെ അനുയോജ്യമായി തോന്നിയത്. 55 സെന്റ് സ്ഥലമാണ് ഇവിടെയുള്ളത്. ഇതില്‍ ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്‌റ്റേഷന്‍ നിര്‍മ്മിക്കാനാണ് ആലോചിക്കുന്നത്. സാധാരണ സബ് സ്‌റ്റേഷന്‍ നിര്‍മ്മിക്കണമെങ്കില്‍ 1.20 ഏക്കര്‍ സ്ഥലമെങ്കിലും വേണ്ടിവരും. ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്‌റ്റേഷന് നിര്‍മ്മാണ ചെലവ് കൂടുമെങ്കിലും കുറഞ്ഞ സ്ഥലം മതിയാവും. സ്ഥലം ഏറ്റെടുക്കാനും മറ്റുമുള്ള ചെലവുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് തന്നെയാവും ഏറെ അനുയോജ്യമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞദിവസം കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലയുടെ അധ്യക്ഷതയില്‍ സബ് സ്‌റ്റേഷന്റെ പണികള്‍ ദ്രുതഗതിയിലാക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബി അധികൃതരുടെ യോഗം വിളിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കെ.എസ്.ഇ.ബി സ്ഥലപരിശോധന നടത്തിയത്.