കോടതി ഉത്തരവുണ്ടായിട്ടും ക്ഷേത്രത്തിന്‍റെ സ്ഥലം സ്വകാര്യവ്യക്തികളില്‍ നിന്ന് ഏറ്റെടുക്കാതെ ദേവസ്വം; അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടിയിലേക്കെന്ന് പിഷാരികാവ് ക്ഷേത്ര ഭക്തജന സമിതി


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന്‍റെ പേരിലുള്ള ഭൂമി സ്വകാര്യ വ്യക്തികളില്‍ നിന്നും ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പിഷാരികാവ് ക്ഷേത്ര ഭക്തജന സമിതി യോഗം ചേര്‍ന്നു. ക്ഷേത്രത്തന്‍റെ പേരിൽ രശീതി അടിച്ച് ഭക്തജനങ്ങളിൽ നിന്നും സംഭാവന സ്വീകരിച്ച് ക്ഷേത്രത്തിന്‍റെ മുൻ വശത്ത് വാങ്ങിച്ച വസ്തു ഇപ്പോള്‍ സ്വകാര്യ വ്യക്തികളുടെ കൈവശമാണുള്ളത്.

കോടതി ഉത്തരവിട്ടിട്ടും ആ ഭൂമി ദേവസ്വം ഏറ്റെടുക്കാത്തതെ ഒത്തുകളി നടത്തുന്നത് ഭക്തജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണന്നും ഉടനെ ക്ഷേത്ര ഭരണാധികാരികൾ ഭൂമി ഏറ്റെടുക്കുന്നതിന്ന് നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ദേവസ്വം ഭരണസമിതിക്കെതിരെ പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കുവാനാണ് പിഷാരികാവ് ക്ഷേത്ര ഭക്തജന സമിതിയുടെ തീരുമാനം.

പത്താലത്ത് ബാലൻ നായർ അദ്ധ്യക്ഷനായ യോഗത്തില്‍ മുൻ ദേവസ്വം ട്രസ്റ്റി ബോർഡ് അംഗങ്ങളായ ഉണ്ണികൃഷ്ണൻ മരളൂർ, ടി.ടി.നാരായണൻ, ജനറൽ സെക്രട്ടറി ശിവദാസൻ പനച്ചികുന്ന്, എ ശ്രീകുമാരൻ നായർ, വിനയൻകാഞ്ചന, ഭാഗ്യചന്ദ്രൻ ചെമ്പോട്ടിൽ, എം.ടി. ഷിനിൽകുമാർ, എം.രാജീവൻ, ദാമോധരൻ കുറ്റ്യത്ത്, പി.വി.ജയാനന്ദൻ , സുനിൽ എടക്കണ്ടി എന്നിവർ സംസാരിച്ചു.