തമിഴ് യുവതിയെ ബലാത്സംഗം ചെയ്ത കേസ്; യുവതിയെ കേരളത്തിലെത്തിച്ചത് പേരാമ്പ്ര സ്വദേശി മുജീബ് റഹ്‌മാന്‍ ഇടപെട്ട്, പ്രതിയ്ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും കല്‍പ്പറ്റ ഡി.വൈ.എസ്.പി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്


പേരാമ്പ്ര: ജോലി വാഗ്ദാനംചെയ്ത് തമിഴ് യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ യുവതിയെ കേരളത്തിലെത്തിച്ചത് അറസ്റ്റിലായ പേരാമ്പ്ര സ്വദേശി മുജീബ് റഹ്‌മാനെന്ന് കല്‍പ്പറ്റ പൊലീസ്. തമിഴ്‌നാട് തിരുപ്പൂര്‍ ചാമുണ്ഡിപുരം സ്വദേശിയായ ശരണ്യവഴിയാണ് മുജീബ് യുവതിയെ ലാബ് ടെക്‌നീഷ്യന്‍ ജോലി വാഗ്ദാനം ചെയ്ത് കേരളത്തിലെത്തിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി പേരാമ്പ് ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

മുജീബിന് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന സംശയമുണ്ട്. ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിക്കേണ്ടതുണ്ടോയെന്നത് അടക്കമുള്ള കാര്യങ്ങള്‍ ഈ ഘട്ടത്തില്‍ പറയാനാവില്ലെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തില്‍ പേരാമ്പ്ര സ്വദേശി കാപ്പുമ്മല്‍വീട് മുജീബ് റഹ്‌മാന്‍ അടക്കം ആറുപേരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായത്. വടകര വില്യാപ്പിള്ളി ഉറൂളി വീട്ടില്‍ ഷാജഹാന്‍ (42), തമിഴ്നാട് തിരുപ്പൂര്‍ ചാമുണ്ഡിപുരം മാരിയമ്മന്‍കോവില്‍ ശരണ്യ (33), തിരുവനന്തപുരം പാറശാല ചെറുവള്ളി വിളാകം ഭദ്ര (മഞ്ജു-38), ലക്കിടി തളിപ്പുഴ പറമ്പില്‍വീട് മാമ്പറ്റ അനസ് (27), താഴെ അരപ്പറ്റ പൂങ്ങാടന്‍ ഷാനവാസ് (28) എന്നിവരാണ് അറസ്റ്റിലായ മറ്റ് ആളുകള്‍. കേസില്‍ രണ്ടുപേര്‍ കൂടി പിടിയിലാവാനുണ്ട്.

കഴിഞ്ഞ അഞ്ചിന് വൈത്തിരി, ലക്കിടി എന്നിവിടങ്ങളില്‍ റിസോര്‍ട്ടില്‍ താമസിപ്പിച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതി. മേപ്പാടി സ്വദേശി ഷാനവാസും അനസും മേല്‍നോട്ടം വഹിക്കുന്ന റിസോര്‍ട്ടുകളില്‍ എത്തിച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.