‘പാമ്പിനെക്കാൾ വിഷമുണ്ട്, കടി കിട്ടിയാൽ അഞ്ച് മിനിറ്റിനുള്ളിൽ മരണപ്പടും’; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കാറ്റർപില്ലറിനെ കുറിച്ചുള്ള വാർത്ത സത്യമോ? യാഥാർത്ഥ്യം ഇതാണ്…


രുത്തി തോട്ടങ്ങളിലും മറ്റും കാണപ്പെടുന്ന ഒരുതരം പുഴുവാണ്, കർണാടകയിലാണു കണ്ടുപിടിച്ചത്, കടി കിട്ടിയാൽ 5 മിനിറ്റിനുള്ളിൽ മരണം ഉറപ്പ്. ഇവ പാമ്പിനെക്കാൾ വിഷമുള്ളതാണ്, എല്ലാവർക്കും പ്രത്യേകിച്ച് കൃഷിക്കാർക്കും പങ്ക് വെയ്ക്കാനാണ് പറഞ്ഞിരിക്കുന്നത് “. ഇങ്ങനെ ഒരു എഴുത്തിനൊപ്പം അരികുകളിൽ പച്ചനിറത്തിൽ തൂവൽ പോലെ നിറയെ രോമ അലങ്കാരവും തിളങ്ങുന്ന വർണമുത്തുകൾ കോർത്തുണ്ടാക്കിയതുപോലെ അതിമനോഹര ശരീരവും ഉള്ള ഒരു കാറ്റർപില്ലറിന്റെ ചിത്രം കൂടി പങ്കു വെച്ചത് പരക്കുന്നുണ്ട്. ഹിന്ദിയിൽ വന്ന ഒരു ഹോക്സ് ഏതോ ദുഷ്ടൻ മലയാളത്തിൽ മാറ്റി എഴുതി പ്രചരിപ്പിച്ചതാണ്. പരുത്തി തോട്ടത്തിൽ മരിച്ച് കിടക്കുന്ന രണ്ടു പേരുടെ ഭയാനക ചിത്രവും കൂടെ ചേർന്ന ഒരു പരോപകാര കിംവദന്തി പല വാട്ട്സാപ്പ് യൂണിവേഴ്സിറ്റി കേശവമാമൻ പ്രഫസർമാരും പങ്കുവെച്ച് കൊണ്ടിരിക്കുകയാണ് കുറേ ദിവസമായി.

കാറ്റർപില്ലറുകൾ

പലതരം പൂമ്പാറ്റകളുടേയും നിശാശലഭങ്ങളുടേയും മുട്ടവിരിഞ്ഞ് പുറത്ത് വരുന്ന ലാർവ പുഴുക്കളെയാണ് കാറ്റർപില്ലറുകൾ എന്ന് പറയുക. അവ സാധാരണയായി സസ്യ ഭാഗങ്ങൾ കറുമുറെ തിന്നാണ് വളരുക. പലതവണ ഇവ ഉറപൊഴിച്ച് രൂപം മാറിയാണ് വലുതാകുക. ഇരപിടിയന്മാരിൽ നിന്നും തടി രക്ഷിക്കാൻ പലതരം അനുകൂലനങ്ങൾ പരിണാമത്തിന്റെ ഭാഗമായി ആർജ്ജിച്ചുള്ള രൂപത്തിലും സ്വഭാവത്തിലും ഉള്ളവരെയാണ് നമ്മൾ ഇപ്പോൾ കാണുന്നത്. ലിമാകോഡിഡേ (Limacodidae) വിഭാഗത്തിൽ പെട്ട നിശാശലഭങ്ങളുടെ കുഞ്ഞുങ്ങളായ പുഴുക്കൾക്ക് അതിജീവനത്തിനായുള്ളത് ശരീരം നിറയെ Urticating hairs (urticating bristles) എന്നൊക്കെ വിളിക്കുന്ന പ്രത്യേക രോമമുനകൾ ആണ്. (കൊടിത്തൂവ- ചൊറിയണം, നായ്ക്കുരുണ തുടങ്ങിയ ചെടികളും ഇത്തരം മുനരോമങ്ങൾ ആണ് സ്വരക്ഷയ്ക്കായി ആർജ്ജിച്ചിട്ടുള്ളത്).

ഇവയുടെ പ്രത്യേകത എവിടെയെങ്കിലും മുട്ടിയാൽ അവയുടെ അഗ്രം അറ്റ് തറച്ച് കയറും എന്നതാണ്. ചിലയിനം Limacodidae കാറ്റർപില്ലറുകളിൽ രോമമുനയുടെ മറ്റേ അഗ്രം ചില വിഷഗ്രന്ഥികളോട് ബന്ധിപ്പിച്ചാണ് ഉണ്ടാകുക. മുനപൊട്ടിത്തറയുന്നയിടത്ത് ആ വിഷവും എത്തും. അതിന്റെ സ്വഭാവം അനുസരിച്ച് ഇവയെ തൊട്ടാൽ, മുന ദേഹത്ത് കൊണ്ടാലുടൻ ഷോക്കടിച്ചപോലെ ഒരു കടുത്ത മിന്നൽ വേദനയുണ്ടാകും. അത് കുറച്ച് സമയത്തേക്ക് നിലനിൽക്കുകയും ചെയ്യും.

അതിനാൽ പല ഇരപിടിയന്മാരും ഈ പുഴുക്കളെ ഒരുതവണ രുചിച്ച് പണികിട്ടിയാൽ പിന്നീട് ഒഴിവാക്കും. എങ്കിലും നിലത്തുരച്ച് മുനയൊടിച്ച് തിന്നുന്ന പക്ഷികളും ഉണ്ട്. ‘എനിക്ക് വിഷമുണ്ട് , സൂക്ഷിച്ചാൽ നല്ലത് എന്ന മുന്നറിയിപ്പ് സൂചനയാണ് കടും നിറങ്ങൾ. പക്ഷെ ലിമകൊഡിഡെ വിഭാഗത്തിലെ കാറ്റർപില്ലറുകളുടെ വിഷമുള്ളുകൊണ്ടാൽ മനുഷ്യർക്ക് ജീവാപായം ഒന്നും സംഭവിക്കുക്കില്ല. ലോകത്ത് എവിടെയും അങ്ങനെ ആരെങ്കിലും മരിച്ചതായും അറിവില്ല. അലർജിയുടെയും വേദനയുടേയും അളവ് ഒരോരോ ആളുകൾക്ക് അനുസരിച്ച് ചെറിയ വ്യത്യാസം ഉണ്ടാകും എന്നുമാത്രം. കൂടിയാൽ ഒരു ദിവസം നീണ്ടു നിൽക്കുന്ന അലർജിക് റിയാക്ഷനുകൾ, ചൊറിച്ചിൽ ഒക്കെ മാത്രമേ കാണാറുള്ളു. അപൂർവമായി കുട്ടികൾക്ക് വൈദ്യസഹായം വേണ്ടി വന്നേക്കാം. അതിനാൽ തന്നെ കടി കിട്ടിയാൽ അഞ്ച് മിനിട്ടിനുള്ളിൽ മരണം ഉറപ്പ്, പാമ്പിനേക്കാൾ വിഷം എന്നൊക്കെ പറഞ്ഞ് ഭയപ്പെടുത്തുന്നതിൽ ഒരു കാര്യവും ഇല്ല. ഈ വിഭാഗത്തിലെ കാറ്റർപില്ലറുകളുടെ സഞ്ചാരവും ചിലതിന്റെ രൂപവും ഒച്ചുകളോട് വിദൂര സാമ്യം ഉള്ളതിനാൽ ഇവയെ സ്ലഗ് മോത്തുകൾ എന്ന് വിളിക്കാറുണ്ട്.

കാറ്റർപില്ലറുകൾ വളർച്ച പൂർത്തിയായി പ്യൂപ്പയാവാൻ ഉണ്ടാക്കുന്ന സിൽക്ക് കൊണ്ടുള്ള കൊക്കൂൺ കൂടുകളുടെ പ്രത്യേക ആകൃതിമൂലം കപ്പ് മോത്തുകൾ എന്നും വിളിക്കാറുണ്ട്. 1800 ഓളം ഇനം മോത്തുകൾ ലിമകൊഡിഡെ വിഭാഗത്തിൽ ഇതുവരെ ആയി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇനിയും നൂറുകണക്കിന് എണ്ണം തിരിച്ചറിയാൻ ഉണ്ട്താനും. ഈ പുഴുകടിച്ച് മരിച്ച് കിടക്കുന്നവർ എന്ന് പറഞ്ഞ് കൊടുത്തിരിക്കുന്ന ചിത്രങ്ങൾ മഹാരാഷ്ട്രയിൽ പരുത്തിതോട്ടത്തിൽ വളമിടുന്നതിനിടയിൽ മിന്നലേറ്റ് മരിച്ച അച്ചനും മകനും ആണ്. അല്ലാതെ പുഴു കടിച്ച് മരിച്ചവരല്ല. എങ്കിലും മോത്തുകളുടെ കാറ്റർപില്ലറുകൾ എല്ലാം അത്ര സാധുക്കൾ ഒന്നും ആയിരിക്കണം എന്നും ഇല്ല.

ദക്ഷിണ അമേരിക്കയിൽ കണ്ടുവരുന്ന saturniid വിഭാഗത്തിലെ നിശാശലഭമായ Lonomia obliqua, (giant silkworm moth) കാറ്റർപില്ലറിന്റെ രോമ മുനകളോട് ബന്ധിച്ചിരിക്കുന്ന ഗ്രന്ഥികൾ ഉണ്ടാക്കുന്ന വിഷം മനുഷ്യർക്കും അപകടകരമാണ്. പലതവണ മുട്ടിയാൽ മാത്രമേ ജീവാപായം ഉണ്ടാകേണ്ടത്ര വിഷം മനുഷ്യ ശരീരത്തിലെത്തുകയുള്ളു എന്ന ആശ്വാസം ഉണ്ട്. തെക്കൻ ബ്രസീലിലും മറ്റും നിരവധി ആളുകൾ ഇവയുടെ രോമം തട്ടി മരിച്ച് പോയിട്ടുണ്ട്. രോമം തട്ടിയാൽ ഡിസ്മനിറ്റേഡ് ഇൻട്രാവാസ്‌കുലാർ കോഗുലേഷൻ (disseminated intravascular coagulation) ആണ് സംഭവിക്കുക. രക്തം കട്ടപിടിക്കുകയും , അത് ശരീരം മുഴുക്കെ പരക്കുകയും , തലച്ചോറിൽ രക്തം കട്ടകെട്ടി മരണം സംഭവിക്കുകയും ചെയ്യാം എന്നതാണ് ഇതിന്റെ ഭവിഷ്യത്ത് . ഏറ്റവും കടുത്ത വിഷമുള്ള പുഴുവായി ഇതാണ് ഗിന്നസ് ലോക റെക്കോഡ് ബുക്കിൽ കയറിയിട്ടുള്ളത്. ആ പുഴുക്കൾ Limacodidae പോലെ പരന്നല്ല ഉരുണ്ടാണെന്ന വ്യത്യാസവുമുണ്ട്. ഭംഗിയിൽ പക്ഷെ വലിയ കുറവില്ല.

കടപ്പാട്: വിജയകുമാർ ബ്ലാത്തൂർ

Summary: ‘More venomous than a snake, a bite kills within five minutes’; Is the rumor about the limacodidae circulating on social media true? The reality is…