അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന കുട്ടിയെ രക്ഷിക്കാന്‍ വെട്ടിച്ച ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്; സ്വന്തം ജീവന്‍ മറന്ന് കുട്ടിയെ രക്ഷിച്ച ഡ്രൈവര്‍ക്ക് അഭിനന്ദന പ്രവാഹം; അപകടത്തിന്റെ ദൃശ്യങ്ങള്‍ കാണാം


മലപ്പുറം: അതിവേഗത്തില്‍ വരുന്ന ഓട്ടോറിക്ഷ. അശ്രദ്ധമായി ഓടിക്കൊണ്ട് റോഡ് മുറിച്ച് കടക്കുന്ന അഞ്ച് വയസുകാരന്‍. അടുത്തതായി കാണേണ്ടത് ഒരു ദുരന്തത്തിന്റെ കാഴ്ചയാകുമെന്നാണ് സ്വാഭാവികമായും എല്ലാവരും പ്രതീക്ഷിക്കുക. എന്നാല്‍ കഴിഞ്ഞ ദിവസം മലപ്പുറത്ത് സംഭവിച്ചത് മറിച്ചാണ്.

തലനാരിഴയ്ക്ക് അപകടം ഒഴിവാക്കി സ്വന്തം ജീവന്‍ പോലും മറന്ന് അഞ്ച് വയസുകാരനെ രക്ഷിച്ചിരിക്കുകയാണ് മലപ്പുറം താനാളൂരിലെ ഓട്ടോറിക്ഷാ ഡ്രൈവറായ ശ്രീനിവാസന്‍. ഈ അറുപതുകാരന്റെ മനോധൈര്യമാണ് പരേങ്ങത്ത് കോട്ടുമ്മല്‍ അഷ്‌കറിന്റെയും ഉമ്മുല്‍ ഫസീറയുടെയും മകന്‍ അഞ്ചുവയസുകാരന്‍ ത്വാഹ യൂസഫിന് പുതുജീവനേകിയത്.

താനാളൂര്‍-ഒഴൂര്‍ റോഡില്‍ ബയാനുല്‍ ഹുദ സുന്നി മദ്രസയുടെ പറമ്പില്‍ നിന്ന് ത്വാഹയുടെ അച്ഛന്‍ അഷ്‌കര്‍ തേങ്ങ വാഹനത്തില്‍ കയറ്റുകയായിരുന്നു. എതിര്‍വശത്തെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുകയായിരുന്ന അഷ്‌കറിന്റെ സഹോദരനെ കണ്ട കുട്ടി റോഡിന് കുറുകെ അശ്രദ്ധമായി ഓടി. ഈ സമയത്താണ് അതിവേഗത്തില്‍ ഓട്ടോറിക്ഷ വരുന്നത്.

ഓട്ടോറിക്ഷ ഓടിച്ചിരുന്ന ശ്രീനിവാസന്‍ റോഡിന് കുറുകെ ഓടുന്ന കുട്ടിയ കണ്ടു. ഉടന്‍ കുട്ടിയെ രക്ഷിക്കാനായി അദ്ദേഹം ഓട്ടോറിക്ഷ വെട്ടിച്ചതോടെ അത് മറിയുകയായിരുന്നു. ഓട്ടോറിക്ഷ മറിഞ്ഞത് കണ്ട് പേടിച്ച കുട്ടി തിരിച്ചോടി. നാട്ടുകാര്‍ ഓടിക്കൂടിയാണ് ഓട്ടോറിക്ഷ ഉയര്‍ത്തിയത്. അപകടത്തില്‍ ശ്രീനിവാസന്റെ തോളെല്ലിന് പരിക്കേറ്റു.

അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ഇതിനകം വൈറലായി. തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. നിരവധി പേരാണ് ശ്രീനിവാസന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. . സ്വന്തം ജീവന്‍ മറന്ന് തങ്ങളുടെ മകനെ രക്ഷിച്ച ശ്രീനിവാസനെ അഷ്‌കറും ഉമ്മുല്‍ ഫസീറയും വീട്ടിലെത്തി കണ്ട് നന്ദി പറഞ്ഞു.

വീഡിയോ കാണാം: