‘ഓഡിറ്റ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സ്വഭാവികമായ നടപടി ക്രമങ്ങളുടെ ഭാഗം’; കൊയിലാണ്ടി നഗരസഭയ്‌ക്കെതിരായ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ചെയര്‍പേഴ്‌സണ്‍ (വീഡിയോ കാണാം)


കൊയിലാണ്ടി: നഗരസഭാ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ഗുരുതര ക്രമക്കേടുകളെന്ന കണ്ടെത്തലില്‍ മറുപടിയുമായി നഗരസഭാ ചെയര്‍പേഴ്‌സണ്‍. പുളിയഞ്ചേരി കുളത്തിലെ മണ്ണ് നീക്കം ചെയ്ത വകയില്‍ നഗരസഭയ്ക്ക് 5,76,260 രൂപ നഷ്ടം വന്നുവെന്നായിരുന്നു ഓഡിറ്റ് റിപ്പോര്‍ട്ട്. ഇതുള്‍പ്പെടെ നിരവധി ആക്ഷേപങ്ങളായിരുന്നു പുറത്തു വന്നത്.

ഇതിനെതിരെ പരാമര്‍ശിച്ചു കൊണ്ടാണ് ചെയര്‍പേഴ്‌സണ്‍ സുധ കെ.പി രംഗത്തെത്തിയത്. ‘സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ സ്വഭാവികമായ നടപടി ക്രമങ്ങളുടെ ഭാഗമായാണ് ഓഡിറ്റ് പരാമര്‍ശങ്ങള്‍ നടത്തുന്നത്. അത്തരം പരാമര്‍ശങ്ങള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒരു മാസത്തിനുള്ളില്‍ മറുപടി നല്‍കുക എന്നതാണ് നിയമ പ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ചെയ്യുന്നത്. ഓഡിറ്റ് വകുപ്പില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടും, മറുപടി റിപ്പോര്‍ട്ടും കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച് വ്യക്തത വരുത്തുക എന്നതാണ് നടപടിക്രമം’എന്ന് പറഞ്ഞു.


Related News: ഓഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി; കൊയിലാണ്ടി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് യു.ഡി.എഫ് ഇറങ്ങിപ്പോയി: വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


‘എന്നാല്‍ ഓഡിറ്റ് പരാമര്‍ശങ്ങളെ വളച്ചൊടിച്ചാണ് പത്രമാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നത്. ഇതിന്റെ പേരില്‍ യു.ഡി.എഫ് ഉം ബി.ജെ.പി യും നടത്തുന്ന രാഷ്ട്രീയ ദുഷ്ടലാക്കാണെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് കൗണ്‍സിലില്‍ വെച്ച് ചര്‍ച്ചചെയ്യുന്നതാണെന്നും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതാണെന്നും’ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

പത്രകുറിപ്പിലൂടെയാണ് ചെയര്‍പേഴ്‌സണ്‍ പ്രതികരിച്ചത്. ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തെത്തിയതോടെ യു.ഡി.എഫ് നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. അടിയന്തിര പ്രമേയം ചര്‍ച്ചക്ക് എടുക്കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പിയും കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മുന്‍സിപ്പല്‍ ഓഫീസിനു മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

കൗണ്‍സില്‍ തുടങ്ങിയ ഉടനെ പ്രതിപക്ഷ നേതാവ് പി. രത്നവല്ലി ടീച്ചര്‍ അഴിമതി ആരോപണം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഭരണപക്ഷം ഈ അജണ്ട ഇപ്പോള്‍ ചര്‍ച്ചക്കെടുക്കാന്‍ കഴിയില്ലെന്നും പിന്നീട് ചര്‍ച്ചചെയ്യാമെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചെങ്കിലും പ്രതിപക്ഷം അതിന് വഴങ്ങിയില്ല തുടര്‍ന്ന് മുദ്രാവാക്യവിളിയും ശക്തമായ പ്രതിഷേധവുമായി ഇറങ്ങിപ്പോകുകയായിരുന്നു.യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കൊപ്പം ബിജെപി കൗണ്‍സിലര്‍മാരും യോഗം ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോയി. പുറത്തേക്കിറങ്ങിയ കൗണ്‍സിലര്‍മാര്‍ നഗരസഭാ കവാടത്തിന് മുന്നില്‍ ഏറെ നേരം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നിട്ടിറങ്ങുമെന്നു പ്രതിപക്ഷം അറിയിച്ചതോടെയാണ് പ്രതികരണവുമായി ചെയര്‍പേഴ്‌സണ്‍ എത്തിയത്.

വീഡിയോ കാണാം: