പാലേരിയിൽ ഇനി പ്രതീക്ഷകളുടെ നാളുകളാണ്, അപൂർവ്വ രോഗത്തിൽ നിന്ന് കുഞ്ഞ് ഇവാൻ പുഞ്ചിരിയുടെ നാളുകളിലേക്ക് വിടരുമെന്ന പ്രതീക്ഷയുടെ; ചികിത്സയ്ക്കായുള്ള ആദ്യ ഡോസ് മരുന്ന് നല്‍കി, വിജയകരമെന്ന് ഡോക്ടര്‍മാര്‍, പ്രാര്‍ത്ഥനയോടെ ഇവാനെ നെഞ്ചോട് ചേര്‍ത്ത ജനങ്ങള്‍


പാലേരി: അപൂര്‍വ്വമായ എസ്.എം.എ രോഗം ബാധിച്ച ചങ്ങരോത്ത് പഞ്ചായത്തിലെ പാലേരിയിലെ മുഹമ്മദ് ഇവാന്റെ ചികിത്സ ആരംഭിച്ചു. ഇവാന്റെ ചികിത്സയ്ക്കാവശ്യമായ സോള്‍ ജെന്‍സ്മ എന്ന ജീന്‍ തെറാപ്പി ഇഞ്ചക്ഷന്‍ ഇന്നലെയോടെ നല്‍കി. വളരെ വിജയകരമെന്ന് ഡോക്ടര്‍മാര്‍. അതോടൊപ്പം പ്രര്‍ത്ഥനയോടെ കുടുംബവും ഡോക്ടര്‍മാരും ഇവാനെ സ്‌നേഹിച്ച് നെഞ്ചോട് ചേര്‍ത്ത ജനങ്ങളും. കോഴിക്കോട് മിംസ് ആശുപത്രിയിലാണ് ഇവാന്റെ ചികിത്സ നടക്കുന്നത്.

പതിനെട്ടുകോടി രൂപയിലേറെയാണ് ഇവാന്റെ ചികിത്സയ്ക്കായുള്ള മരുന്നിന്റെ ചെലവ്. സുമസുള്ളവരുടെ സഹായത്തോടെ ഇതുവരെ പന്ത്രണ്ട് കോടിയോളം രൂപ സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ തുക നല്‍കി, ബാക്കി ഘട്ടം ഘട്ടമായി നല്‍കിയാല്‍ മതിയെന്ന കരാര്‍ ഉണ്ടാക്കിയാണ് മരുന്ന് എത്തിച്ചിട്ടുള്ളതെന്നും ഇവാന്റെ അച്ഛന്‍ പാലേരി കല്ലുള്ളതില്‍ നൗഫല്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ചികിത്സ എത്ര ദിവസം തുടരുമെന്ന് അറിയില്ല. മകന്റെ ചികിത്സയ്ക്കായി തനിക്കൊപ്പം നിന്ന നാടിനും സഹായവുമായി വന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ഇനിയുള്ള ദിവങ്ങളില്‍ ഇവാനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും നൗഫല്‍ പറഞ്ഞു.

summary: ivan in paleri suffering from disease started treatment