പട്ടാമ്പി വിളയൂരില്‍ യുവാവിന് നേരെ തെരുവുനായ ആക്രമണം, യുവാവിന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍; സി.സി.ടി.വി ദൃശ്യങ്ങള്‍ കാണാം


പട്ടാമ്പി: പട്ടാമ്പി വിളയൂരില്‍ യുവാവിനു നേരെ തെരുവുനായ ആക്രമണം. വഴിയിലൂടെ നടന്ന് പോകവെ പുറകില്‍ ഓടിവന്ന നായ യുവാവിനെ ആക്രമിക്കുകയായിരുന്നു. നായയെകണ്ട് ഓടിയതിനെത്തുടര്‍ന്ന് വീണ യുവാവ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് ഉടനീളം വര്‍ദ്ധിച്ചു വരികയാണ്. തെരുവുനായ്ക്കളുടെ കടിയേറ്റ് മരണം വരെ സംഭവിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ വളരെ ഭയത്തോടെയാണ് തെരുവിലേക്ക് ഇറങ്ങുന്നത്. ഒട്ടും ഭയപ്പാടില്ലാതെ റോഡിലൂടെ വിലസുന്ന നായ്ക്കള്‍ റോഡിലൂടെ പോവുന്ന ആളുകള്‍ക്കും വാഹനങ്ങള്‍ക്കും വലിയ വെല്ലുവിളിയാവുകയാണ്. വാഹനങ്ങള്‍ക്ക് കുറുകെ ചാടിയും അപകടങ്ങള്‍ ഉണ്ടാവുന്നു.

ഈ സാഹചര്യത്തില്‍ കേരളത്തിലെ തെരുവുനായ പ്രശ്നത്തില്‍ ഉടന്‍ പരിഹാരം കാണണമെന്ന് സുപ്രീംകോടതിയും ഉത്തരവിട്ടിരിക്കുകയാണ്. തെരുവുനായ പ്രശ്നത്തിന് പരിഹാരം കാണേണ്ടതുണ്ടെന്നും തെരുവുനായ്ക്കളെ പരിപാലിക്കണമെന്ന് ആവശ്യമുള്ളവര്‍ക്ക് അതു ചെയ്യാമെന്നും, എന്നാല്‍ വാക്സിന്‍ നല്‍കുന്നതും ആക്രമണത്തിന് ഇരയാകുന്നവരുടെ ചികിത്സയുമടക്കം പൂര്‍ണ ഉത്തരവാദിത്തം അവര്‍ ഏറ്റെടുക്കണമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി.

കേസില്‍ സഞ്ജീവ് ഖന്ന, ജെ.കെ മഹേശ്വരി എന്നിവരടങ്ങുന്ന ബഞ്ച് സെപ്റ്റംബര്‍ 28ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോഴത്തെ സാഹചര്യം പൊതു അടിയന്തരാവസ്ഥക്ക് സമാനമാണെന്നും അതിനാല്‍ സുപ്രീംകോടതി ഉടന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.


സി.സി.ടി.വി ദൃശ്യങ്ങള്‍ കാണാം

summary: cctv footage of a young man escaping from an attack by stray dog in pattambi vilayur