പയ്യോളിയില്‍ വന്‍ അനധികൃത വിദേശമദ്യവേട്ട; ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 260 കുപ്പി മദ്യം പിടിച്ചെടുത്തു


പയ്യോളി: ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച 260 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വ്യാജ വിദേശമദ്യം പിടികൂടി. പുലര്‍ച്ചെ 5:20 ഓടെയാണ് പയ്യോളി പൊലീസ് വ്യാജമദ്യം പിടികൂടിയത്. ഡ്രൈവര്‍ ഓട്ടോറിക്ഷ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

പോലീസിന്റെ വാഹന പരിശോധനക്കിടയിലായിരുന്നു മദ്യവേട്ട. പരിശോധന ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് തിരിച്ചു പോകാന്‍ ശ്രമിക്കുകയായിരുന്ന ഓട്ടോറിക്ഷ പോലീസ് തടയുകയായിരുന്നു. ഇതോടെ ഓട്ടോ ഉപേക്ഷിച്ച് ഡ്രൈവര്‍ കടന്നുകളഞ്ഞു. തുടര്‍ന്നുള്ള പരിശോധനയിലാണ് കാര്‍ഡ് ബോഡ് പെട്ടികളിലായി സൂക്ഷിച്ച 500 മില്ലി ലിറ്ററിന്റെ 260 കുപ്പി അനധികൃത വിദേശമദ്യം കണ്ടെത്തിയത്. ഏകദേശം 80,000 രൂപയോളം വിപണി വില കണക്കാക്കുന്നു.

മാഹി ഭാഗത്ത് നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് KL-11-AM-7233 എന്ന നമ്പറുള്ള ഓട്ടോറിക്ഷയില്‍ കൊണ്ടുവരികയായിരുന്ന മദ്യമാണ് വാഹന പരിശോധനക്കിടെ പിടിച്ചെടുത്തത്. ദേശീയ പാതയില്‍ ടൗണിന് വടക്ക് ഭാഗത്ത് വെച്ചാണ് പോലീസ് ഓട്ടോ തടഞ്ഞ് മദ്യം പിടിച്ചെടുത്തത്. പയ്യോളി സി.ഐ കെ.സി.സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മദ്യം പിടികൂടിയത്. സംഘത്തില്‍ എസ്.ഐ പി.എം.സുനില്‍കുമാര്‍, എസ്.ഐ പി.രമേശന്‍, വി.ജിജോ, കെ.സുനില്‍, എം.കെ.ഷിജു എന്നിവരുമുണ്ടായിരുന്നു.