മോഷ്ടാക്കള്‍ കയറിയ രണ്ടുവീടുകളും സ്ത്രീകള്‍ മാത്രം താമസിക്കുന്നത്; പെരുമാള്‍ പുറത്തെ പ്രദേശവാസികള്‍ ഭീതിയില്‍


തിക്കോടി: വീട് കുത്തിത്തുറന്നുള്ള മോഷണം വാര്‍ത്തയായതോടെ ഭീതിയിലാണ് പെരുമാള്‍പുറത്തുകാര്‍. സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകളിലാണ് മോഷണശ്രമം നടന്നതെന്നത് ഒറ്റയ്ക്ക് താമസിക്കുന്നവരില്‍ ഭീതിപടര്‍ത്തിയിട്ടുണ്ട്.

ജനുവരി 29ന് രാത്രിയാണ് പെരുമാള്‍ പുരത്ത് രണ്ടുവീടുകളില്‍ കള്ളന്‍ കയറിയത്. വടക്കേപ്പുരയില്‍ റംലയുടെ വീട്ടിലെ മോഷണവിവരമാണ് ആദ്യം പുറത്തറിഞ്ഞത്. കള്ളന്‍ പൂട്ടുപൊളിക്കുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ബഹളംവെച്ചതോടെ കള്ളന്‍ ഓടിക്കളയുകയായിരുന്നു. വീടിന്റെ മുന്‍ഭാഗത്തെ ഗ്രില്‍സിന്റെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. പൂട്ട് തുറക്കാന്‍ ഉപയോഗിച്ച ഇരുമ്പ് ലിവറും കള്ളന്‍ ഉപേക്ഷിച്ചുപോയ ചെരുപ്പും സ്ഥലത്തുനിന്നും കണ്ടെടുത്തിരുന്നു.

ഇതിന് ഏതാണ്ട് 200 മീറ്റര്‍ അകലെയുള്ള മറ്റൊരു വീട്ടിലും അന്നേദിവസം മോഷണം നടന്നിരുന്നു. റിട്ടയേര്‍ഡ് അധ്യാപികയായ അംബികയുടെ വീട്ടിലാണ് മോഷണം നടന്നത്. മോഷണം നടക്കുന്ന സമയത്ത് അംബിക വീട്ടിലുണ്ടായിരുന്നില്ല. സഹോദരന്റെ വീട്ടില്‍ പോയി തിരിച്ചെത്തിയപ്പോഴാണ് മുന്‍വശത്തെ പൂട്ട് പൊളിച്ച നിലയില്‍ കണ്ടെത്തിയത്. അലമാരയില്‍ സൂക്ഷിച്ച എട്ടുപവന്റെ ആഭരണവും ഇരുപതിനായിരം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. അംബിക തനിച്ചാണ് ഈ വീട്ടില്‍ താമസിക്കുന്നത്.

വീടുകളെക്കുറിച്ച് മുന്‍കൂറായി മനസിലാക്കിയശേഷം മോഷണം നടത്തുന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്ന സംശയം നാട്ടുകാര്‍ക്കിടയില്‍ ശക്തമാണ്. സംശയാസ്പദമായ എന്തെങ്കിലും സാഹചര്യം ഉണ്ടായാല്‍ അയല്‍സഭകളുടെയുും വികസന സമിതിയുടെയും വാട്‌സ്ആപ്പ് ഗ്രൂപ്പുവഴി തത്സമയം വിവരം അറിയിക്കാന്‍ വാര്‍ഡ് മെമ്പര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പ്രദേശത്ത് വിരലടയാള വിദഗ്ധരും, ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയിരുന്നു. സമീപത്തെ വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്.