‘റോഡ് ഇല്ല, കുഴി മാത്രമാണ്, സൂക്ഷിക്കുക’; കാപ്പാട് ബീച്ചിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ച് പ്രതിഷേധിച്ചു


Advertisement

ചേമഞ്ചേരി: കാപ്പാട് ബീച്ചിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ സമരത്തിനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി റോഡില്‍ യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റി അപായ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ച് പ്രതിഷേധിച്ചു. ബീച്ചിലേക്കുള്ള പ്രധാന റോഡായ കൊയിലാണ്ടി-കാപ്പാട് റോഡാണ് ഒന്നര വര്‍ഷത്തോളമായി തകര്‍ന്ന നിലയിലുള്ളത്.

Advertisement

പ്രതിഷേധം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍.ഷഹീന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അജയ് ബോസ് അധ്യക്ഷനായി.

പൊതുമരാമത്ത് വകുപ്പും വിനോദസഞ്ചാര വകുപ്പും ഒരുമിച്ച് കൈകാര്യം ചെയ്യുന്ന മന്ത്രി മുഹമ്മദ് റിയാസും എം.എല്‍.എ കാനത്തില്‍ ജമീലയും നേരിട്ട് ജനങ്ങള്‍ക്ക് മുന്നിലെത്തി ഉടന്‍ പരിഹാരം കാണുമെന്ന് വാഗ്ദാനം നല്‍കി പോയിട്ട് ഒരു വര്‍ഷം പിന്നിട്ടുവെന്ന് ആര്‍.ഷഹീന്‍ ആരോപിച്ചു. മരാമത്ത് പ്രവൃത്തികളെക്കാള്‍ പി.ആര്‍ വര്‍ക്കിലാണ് മന്ത്രി ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertisement

ജില്ലാ സെക്രട്ടറി ഇ.കെ.ശീതള്‍ രാജ്, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ജെറില്‍ ബോസ് സി.ടി, ഷബീര്‍ എളവനക്കണ്ടി, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സുധീഷ് പൊയില്‍ക്കാവ്, നിധിന്‍ പൂഴിയില്‍, അഭിനവ് കണക്കശേരി, റംഷി കാപ്പാട്, അമല്‍ ചൈത്രം എളാട്ടേരി, എ.കെ.ജാനിബ്, റൗഫ് ചെങ്ങോട്ടുകാവ്, നിതിന്‍ തിരുവങ്ങൂര്‍, ദൃശ്യ എം എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement

ബ്ലൂ ഫ്‌ളാഗ് പദവി ലഭിച്ച കാപ്പാട് ബീച്ച് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. കാപ്പാട് ബീച്ചിലേക്കുള്ള റോഡ് തകര്‍ന്നത് ഇവിടത്തെ ടൂറിസത്തെയും ബാധിച്ചിട്ടുണ്ടെന്നും അതിനാല്‍ തങ്ങള്‍ ഈ വിഷയം ഏറ്റെടുക്കുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. വരും ദിവസങ്ങളില്‍ തുടര്‍ച്ചയായ സമരങ്ങളുണ്ടാകുമെന്നും അവർ കൂട്ടിച്ചേര്‍ത്തു.