തുടക്കം ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് ചുറ്റും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു കൊണ്ട്, പിന്നീട് നട്ടുവളര്‍ത്തിയതും സമ്മാനിച്ചതും എണ്ണമറ്റ വൃക്ഷങ്ങള്‍; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടി വാര്‍ത്താ താരം പട്ടികയിലെ സി.രാഘവന്റെ പച്ചപ്പ് നിറഞ്ഞ ജീവിതം


കൊയിലാണ്ടി: 2021 ലെ വനമിത്ര പുരസ്‌കാര ജേതാവാണ് അരിക്കുളത്തെ സി.രാഘവന്‍. അക്ഷരാര്‍ത്ഥത്തില്‍ ആ പുരസ്‌കാരത്തിന് അര്‍ഹനാണ് അദ്ദേഹം. പച്ചപ്പ് നിറഞ്ഞ ഒരു ജീവിതത്തിന് ഉടമയായ അദ്ദേഹം അരിക്കുളത്തിന്റെ മാത്രമല്ല, കൊയിലാണ്ടിയുടെ തന്നെ അഭിമാനതാരമാണ്.

ആയുര്‍വേദ ഫാര്‍മസിസ്റ്റ് കോഴ്‌സ് കഴിഞ്ഞ അദ്ദേഹം അക്കാലം മുതല്‍ തന്നെ ശാസ്ത്ര സാഹിത്യ പരിഷത്ത്, ഭാവന ഗ്രന്ഥശാല എന്നിവയുമായി ബന്ധപെട്ടു പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. പിന്നീട് പി.എസ്.സിയിലൂടെ ആയുര്‍വേദ ഫാര്‍മസിസ്റ്റായി നിയമനം ലഭിച്ചു. ഉള്ളിയേരിയില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ ഡോ. കെ.സത്യപാലനൊപ്പം ജനകീയ ഔഷധനിര്‍മ്മാണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തി.

പിന്നീട് സ്ഥലം മാറ്റം ലഭിച്ച് നരക്കോട് ജോലി ചെയ്യുമ്പോള്‍ 1998 മുതലാണ് അദ്ദേഹം വൃക്ഷലോകത്ത് സജീവമാകുന്നത്. പുലപ്രക്കുന്നില്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിക്കായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന് ചുറ്റും അദ്ദേഹം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. തുടര്‍ന്ന് അരിക്കുളം ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിക്കായി പണിത കെട്ടിടത്തിന്റെ കോമ്പൗണ്ടില്‍ നിരവധി ഔഷധ സസ്യങ്ങളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ച് അവിടം ജൈവവൈവിധ്യമേഖലയാക്കി.

ആയുര്‍വേദ മരുന്ന് കൈകാര്യം ചെയ്യുന്ന തസ്തികയില്‍ ജോലി ചെയ്യുന്ന ആള്‍ എന്ന നിലക്ക് ഔഷധസസ്യങ്ങള്‍ നട്ടു വളര്‍ത്തുകയും പുതുതലമുറയ്ക്ക് പരിചയ പ്പെടുത്തുകയും ചെയ്യുന്നത് വൈദ്യമേഖലക്കും ജനങ്ങള്‍ക്കും പ്രയോജനപ്രദമായിരിക്കും എന്ന ബോധ്യത്തില്‍ 2013 ല്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റ് അസോസി യേഷന്‍ ജില്ലാ പ്രസിഡന്റ് ആയിരിക്കെ സെക്രട്ടറി ടി.രമേശ് കുമാറിനോടൊപ്പം ഒരു തൈ നടുമ്പോള്‍ എന്ന പേരില്‍ സസ്യവ്യാപന പദ്ധതിക്ക് നേതൃത്വം കൊടുത്തു.

ഒട്ടേറെ സ്‌കൂള്‍ കോമ്പൗണ്ടുകളിലും പൊതുസ്ഥാപന പരിസരങ്ങളിലും നൂറു കണക്കിന് ഔഷധ-ഫലവൃക്ഷത്തൈകള്‍ വെച്ച് പിടിപ്പിക്കാന്‍ ഈ പദ്ധതിയിലൂടെ കഴിഞ്ഞു. ഔഷധസസ്യ പ്രദര്‍ശനങ്ങള്‍ ചെടിയറിവ് മത്സരങ്ങള്‍ എന്നിവയും അനുബന്ധമായി നടത്തിപ്പോന്നു. നടുവണ്ണൂര്‍ ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ ജോലി ചെയ്തു വരുന്നതിനിടെ ആ ഡിസ്പെന്‍സറി പരിസരത്തും ഒട്ടേറെ വൃക്ഷത്തൈകള്‍ വെച്ച് പിടിപ്പിക്കുകയും സ്വന്തമായി തൈകള്‍ ഉണ്ടാക്കി ആവശ്യ പ്പെടുന്നവര്‍ക്കെല്ലാം ലഭ്യമാക്കുകയും ചെയ്തു.

പാതയോരങ്ങളിലും പൊതുസ്ഥാപന പരിസരങ്ങളിലും വൃക്ഷത്തൈകള്‍ വെച്ച് പിടിപ്പിക്കാനും സംരക്ഷിക്കാനും സന്നദ്ധമായി വരുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമൊക്കെ പരമാവധി തൈകള്‍ ലഭ്യമാക്കി. 2017 ഓഗസ്റ്റ് മുതല്‍ വിവാഹം ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകള്‍ക്ക് ക്ഷണിച്ചാല്‍ വൃക്ഷത്തൈ സമ്മാനമായി നല്‍കി വരുന്നു. കോവിഡ് ഭീഷണി കാരണം ചടങ്ങുകള്‍ കുറവായ 2021 ല്‍ തന്നെ ഇങ്ങനെ 103 വീടുകളിലായി 104 ചടങ്ങുകള്‍ക്ക് വൃക്ഷത്തൈകള്‍ സമ്മാനമായി നല്‍കിയതുള്‍പ്പെടെ ഇതിനകം അറുന്നൂറോളം വീടുകളില്‍ സ്‌നേഹസമ്മാനമായി വൃക്ഷത്തൈ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.

19 വര്‍ഷം മുമ്പ് താമസം തുടങ്ങിയ വീടിനു ചുറ്റും ഔഷധ-ഫല വൃക്ഷങ്ങള്‍ വെച്ചു പിടിപ്പിച്ചിട്ടുണ്ട്. കൂടാതെ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥാപന പരിസരങ്ങളിലും ക്ഷേത്രപരിസരങ്ങളിലുമെല്ലാം നട്ടുപിടിപ്പിക്കുന്നതിനായി വൃക്ഷത്തൈകള്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെ നല്‍കുന്നവയെല്ലാം നട്ടു പരിപാലിച്ചു വരുന്നുണ്ട്.

അശോകം, ഞാവല്‍, കൊന്ന വേപ്പ്, പേര സീതാപ്പഴം, ചാമ്പ, ഇലഞ്ഞി, അരിനെല്ലി, ആഞ്ഞിലി എന്നിങ്ങനെ വിവിധ തരത്തിലുള്ള ഔഷധ-ഫല വൃക്ഷങ്ങളാണ് നല്‍കി വരുന്നത്. മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ഓര്‍മ്മക്കായി ഓര്‍മ്മ മരം നടുന്നതിനും കുട്ടികളുടെ പിറന്നാള്‍ ദിനത്തില്‍ അവരെക്കൊണ്ട് മരം നടീക്കുന്നതിനും തൈകള്‍ ലഭ്യമാക്കി വരുന്നു.

മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന വി.കെ.കേളപ്പന്‍ മാസ്റ്റര്‍, പ്രമുഖ സി.പി.എം നേതാവും മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.കെ.രാഘവന്‍, സി.പി.ഐ നേതാക്കളായിരുന്ന ടി.എം.കുഞ്ഞിരാമന്‍ നായര്‍, കാരയാട് കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടെ ഒട്ടേറെ പേരുടെ ഓര്‍മ്മയ്ക്കായും വൃക്ഷത്തൈകള്‍ നട്ടിട്ടുണ്ട്.

കൂടാതെ ഒട്ടേറെ സ്‌കൂളുകളില്‍ ജൈവവൈവിധ്യ ഉദ്യാനമുണ്ടാക്കാന്‍ ആവശ്യമായ തൈകള്‍ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. വിവിധ സംഘടനകളും ഗാര്‍ഹിക കൂട്ടായ്മകളും സംഘടിപ്പിക്കുന്ന പരിപാടികളില്‍ സസ്യവ്യാപനത്തിന്റെ പ്രാധാന്യം വിശദമാക്കുന്ന ക്ലാസുകള്‍ നടത്തിയിട്ടുണ്ട്. വിദ്യാലയങ്ങളില്‍ എന്‍.എസ്.എസ്, എസ്.പി.സി എന്നിവ നടത്തുന്ന ക്യാമ്പുകളിലും ഒട്ടേറെ ക്ലാസുകള്‍ നടത്തിയിട്ടുണ്ട്.

പുതിയ തലമുറക്ക് ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തുന്ന ഔഷധ പ്രദര്‍ശനങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ഉണ്ടായിരുന്നത്. 2020 മെയ് മാസം സര്‍വീസില്‍ നിന്ന് പിരിഞ്ഞ ശേഷവും സസ്യവ്യാപന രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു. ഭാര്യ സുവര്‍ണ്ണ ഭട്ട് മുചുകുന്ന് ഗവ. ആയുര്‍വേദ ഡിസ്‌പെന്‌സറിയില്‍ ഫാര്‍മസിസ്റ്റാണ്. മകന്‍ സൂര്യനാരായണന്‍ ബി.എ.എം.എസ് കഴിഞ്ഞ ശേഷം പാലക്കാട് ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്റേണ്‍ഷിപ് ചെയ്യുന്നു.

വനമിത്ര പുരസ്കാരം നേടിയ സി.രാഘവനെ കൊയിലാണ്ടിയുടെ വാർത്താ താരമായി തെരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഉടൻ വോട്ട് ചെയ്യൂ. വോട്ട് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.