ഡ്യുക്ക് ബൈക്കിന്റെ ബ്ലൂടൂത്ത് സ്‌പീക്കറിൽ ഒളിപ്പിച്ചത് മൂന്ന് ലക്ഷം രൂപയോളം വരുന്ന മാരക മയക്കുമരുന്ന്; കോഴിക്കോട് മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികൾ പിടിയിൽ


കോഴിക്കോട്: നഗരത്തിൽ എക്‌സൈസിന്റെ മയക്കു മരുന്ന് വേട്ടയിൽ പിടികൂടിയത് മൂന്ന് ലക്ഷം രൂപയോളം വിലവരുന്ന മാരക മയക്കു മരുന്ന്. 55 ഗ്രാം എംഡിഎംഎ യുമായി രണ്ട് യുവാക്കളാണ് പിടിയിലായത്. ഡ്യുക്ക് ബൈക്കിന്‍റെ ബ്ലൂടൂത്ത് സ്‌പീക്കറിൽ മയക്കു മരുന്ന് കടത്താനുള്ള ശ്രമത്തിനിടയിലാണ് എക്‌സൈസിന്റെ കയ്യിൽ പെടുന്നത്. ഉത്തരമേഖലയില്‍ ഈ വര്‍ഷം പിടിക്കുന്ന ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണിതെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കോഴിക്കോട് താലൂക്കില്‍ ചേവായൂര്‍ മലാപ്പറമ്ബ് മുതുവാട്ട് വീട്ടില്‍ വിഷ്ണു (22) മലപ്പുറം ജില്ലയില്‍ വള്ളിക്കുന്ന് അത്താണിക്കല്‍ പുലിയാങ്ങില്‍ വീട്ടില്‍ വൈശാഖ്(22) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണെന്നു എക്‌സൈസ് സർക്കിൾ ശരത് ബാബു പറഞ്ഞു. ഇതിനു മുൻപും ബംഗളുരുവിൽ നിന്നാണിവർ ലഹരി മരുന്നുകൾ ശേഖരിക്കുന്നതെന്നാണ് മൊഴി.

എക്‌സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡും എക്‌സൈസ് ഇന്റലിജന്‍സും കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ കുടുങ്ങിയത്.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശരത് ബാബു, മലപ്പുറം ഐ.ബി ഇന്‍സ്‌പെക്ടര്‍ പി.കെ. മുഹമ്മദ്‌ ഷഫീഖ്, കമ്മിഷണര്‍ സ്‌ക്വാഡ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ടി. ഷിജുമോന്‍, പ്രിവെന്റിവ്‌ ഓഫീസര്‍ പ്രദീപ്‌ കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ നിതിന്‍ ചോമാരി, അഖില്‍ ദാസ്, കോഴിക്കോട് സര്‍ക്കിള്‍ ഓഫീസിലെ പ്രിവെന്‍റ്റീവ് ഓഫീസര്‍ ഇ.പി. വിനോദ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ദിലീപ് കുമാര്‍. ഡി.എസ്, മുഹമ്മദ് അബ്ദുള്‍ റൗഫ്, സതീഷ് പീ. കെ, രജിന്‍. എം.ഒ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.