‘മധുര മനോഹര സ്വപ്നങ്ങളുമായി ഞാനും നാട്ടിലേക്ക് പുറപ്പെട്ടു, ഒരൊന്നൊന്നര യാത്ര!’; സ്കൈ ടൂർസ് ആൻഡ് ട്രാവൽസ് ‘പ്രവാസിയുടെ കൊയിലാണ്ടി’യിൽ വായിക്കാം, റഷീദ് മണ്ടോളി എഴുതുന്ന കൊയിലാണ്ടിക്കാരനായ പ്രവാസിയുടെ കല്യാണക്കഥ
റഷീദ് മണ്ടോളി
ഞാൻ ഖത്തറിൽ ജോലി ചെയ്തു കൊണ്ടിരുന്ന കാലഘട്ടം. 1982 ഇതുപോലുള്ള ഒരു ആഗസ്ത് മാസം. ഞാൻ ജോലി ചെയ്യുന്ന ഖത്തർ സ്റ്റീൽ കമ്പനിയിൽ നിന്നും ഇറങ്ങി ദോഹ ജദീദിലുള്ള റൂമിലെത്തി. കുളി കഴിഞ്ഞ് കോമ്പൗണ്ടിലെ വരാന്തയിലിരുന്ന് കാരംസ് കളിക്കുകയായിരുന്നു.
അപ്പോൾ ‘സഹമുറി’യന്മാരായ അലി താരമ്മലും ഉമ്മർ കുണ്ടിലും വന്നു പറഞ്ഞു.
‘റഷീദേ, നിന്നെ അന്വേഷിച്ച് നാലു പേർ വന്നിട്ടുണ്ട്. കൊയിലാണ്ടിക്കാരാണെന്നാണ് പറഞ്ഞത്.’
കൊയിലാണ്ടിയെന്ന് കേട്ടപ്പോൾ ഉപ്പ മുമ്പ് കത്തിലെഴുതിയ കാര്യം ഓർമ്മയിലോടിയെത്തി.
‘മോനേ റഷീദേ, കൊയിലാണ്ടിന്ന് ഒരാലോചന വന്നിട്ടുണ്ട്. ഞാൻ പോയി അന്വേഷിച്ചു. തറവാട്ടുകാരാണ്. നല്ല കുടുംബം. എന്തുകൊണ്ടും നമുക്ക് പറ്റിയ ബന്ധം.’ -എന്നൊക്കെയായിരുന്നു എഴുതിയിരുന്നത്.
ഞാൻ ആഗതരെ റൂമിലേക്ക് ക്ഷണിച്ചു. എനിക്ക് വേണ്ടി പറഞ്ഞുറപ്പിച്ച പെൺകുട്ടിയുടെ കാരണവരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളുമാണവർ. എന്നെ നേരത്തെ തന്നെ അവർക്കറിയാമെന്നും സംസാരമധ്യേ പറഞ്ഞു.
കാരണവർ കൊയിലാണ്ടിയിലെ അറിയപ്പെടുന്ന സത്യൻ സ്മാരക കലാവേദിയിലെ നാടകനടനും സാമൂഹ്യ പ്രവർത്തകനുമായ ഹംസ കാശ്മിക്കണ്ടി എന്നയാളാണ്. എന്റെ പിതാവ് അബ്ദു റഹിമാൻ മണ്ടോളി, നന്തിക്കാരനാണെങ്കിലും കൊയിലാണ്ടിക്കാരനെ പോലെയാണ്. സുഹൃദ് വലയം മുഴുവൻ അവിടെയായിരുന്നു.
മണ്ടോളി എന്ന പേരിൽ അദ്ദേഹം കൊയിലാണ്ടിയിൽ അറിയപ്പെട്ടു. ന്യൂ ഹോട്ടൽ, സിലോൺ ഹോട്ടൽ, ദേവീ വിലാസം ഹോട്ടൽ, പ്രമീള ബേക്കറി, പാസ്പോർട്ടും മറ്റും ശരിയാക്കുന്ന ഗോപാലേട്ടന്റെ ജാഫേഴ്സ് ഓപ്ടിക്കലിന്റെ മുകളിലുള്ള ഓഫീസിലും, റെയിൽവെ സ്റ്റേഷൻ റോഡിലുള്ള ബ്രദേഴ്സ് ക്ലബ്ബ്, അവിടങ്ങളിലൊക്കെ ബാപ്പ നിത്യസന്ദർശകനാണ്. അതുകൊണ്ടൊക്കെയായിരിക്കാം വന്ന അതിഥികൾക്ക് ഞങ്ങളെ പറ്റിയും, കുടുംബത്തെ പറ്റിയും മനസ്സിലാക്കാൻ അവസരമുണ്ടായത്.
സംസാര മധ്യേ കാരണവർ ഒരു കവർ എനിക്ക് നേരെ നീട്ടി. കൊയിലാണ്ടിയിലെ പഴയ എം.പി സ്റ്റുഡിയോയിൽ നിന്നെടുത്ത, എനിക്ക് പറഞ്ഞു വെച്ച പെൺകുട്ടിയുടെ ഫോട്ടോ ആയിരുന്നത്.
കൊയിലാണ്ടിയിലാണ് വധുവെന്ന യാഥാർത്ഥ്യം എനിക്ക് ചില ഭയാശങ്കകളുണ്ടാക്കിയിരുന്നു. ഒന്നാമത്, അവിടെ നിന്ന് കല്യാണം കഴിക്കുന്നവർ ‘വീട്ടു പുതിയാപ്ല’യായാണ് പരമ്പരാഗതമായി ഗണിക്കപ്പെട്ടു പോന്നിരുന്നത്. അത് ശരിയാവില്ലെന്ന് അന്നേ ഞാൻ ഉപ്പാനോട് സൂചിപ്പിച്ചിരുന്നു.
വിവാഹ ബന്ധം കൊണ്ടുവന്ന മലമ്മൽ മഹമൂദ്ക്ക മനാസും അദ്ദേഹത്തിന്റെ ഭാര്യാ പിതാവ് കൊയിലാണ്ടിയിലെ വാഴവളപ്പിൽ അബ്ദുറഹിമാൻ ഹാജിക്കയും അങ്ങിനെയൊന്നും വേണ്ടതില്ലന്ന് ഉപ്പാക്ക് ഉറപ്പും കൊടുത്തിരുന്നു. അതിഥികൾ തിരിച്ചു പോയപ്പോൾ ഞാനാ കവർ തുറന്നു.
എന്റെ പ്രതിശ്രുത വധുവിന്റെ ചിത്രം! ഞാൻ അത് പലവുരു കണ്ടു.
ഒരു വർഷം എങ്ങിനെ കഴിഞ്ഞെന്ന് എനിക്കറിയില്ല. നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങളാരംഭിച്ചു. എൺപതുകളിലെ ഗൾഫാണ്. ഗൾഫുകാരുടെ പത്രാസും ബങ്കിശങ്ങളും നാടുനീളെ വാഴ്ത്തപ്പെടുന്ന കാലം.
ഗൾഫ് കുടിയേറ്റം ഇന്നത്തെപ്പോലെ സാർവ്വത്രികമായിട്ടില്ല. ഫോൺ സൗകര്യങ്ങളില്ല. വാർത്തകളും, വിശേഷങ്ങളും കത്തുകളിലൂടെ മാത്രം പരസ്പരം അറിഞ്ഞിരുന്ന, നോവും, വേദനയും, നിശ്വാസങ്ങളും, നെടുവീർപ്പുകളും, സ്നേഹവും, വിരഹവുമെല്ലാം അക്ഷരങ്ങളാൽ ആവിഷ്കരിക്കപ്പെട്ട കാലം.
ഹൈ ഹീൽഡ് ചെരിപ്പുകളും, ബെൽബോട്ടം പാന്റും, പാന്റിൽ വളരെ വീതിയുള്ള ബെൽറ്റും, നെറ്റ് ബനിയനും, പാള പോലത്തെ കോളറയുള്ള ഇറുകിയ പ്രസ് ബട്ടൺ ഷർട്ടും, ഷർട്ടിന്റെ മേൽ ഭാഗം തുറന്ന ഭാഗത്തിലൂടെ നെഞ്ചിൽ പതിഞ്ഞു കിടക്കുക സ്വർണ്ണ മാലയും, കറുത്ത കണ്ണടയും, ത്രീ ഫൈവ് സിഗരറ്റ് എരിയുന്ന ചുണ്ടുമെല്ലാം ഗൾഫുകാരനെ സവിശേഷമായി അയാളപ്പെടുത്തിയിരുന്ന സുവർണ്ണകാലം!!
കൈയിൽ ടേപ്പ് റിക്കാർഡറും ഹാൻഡ് ബാഗുമായി ബോംബെയിൽ നിന്ന് പുറപ്പെട്ട് നാട്ടിലെ ചെറുപട്ടണങ്ങളിൽ സുൽത്താന്റെ ഗമയിൽ വന്നിറങ്ങുന്ന ഗൾഫുകാരന്റെ വരവ് ഒരൽഭുതം തന്നെയായിരുന്നു നാട്ടുകാർക്ക്.
മധുര മനോഹര സ്വപ്നങ്ങളുമായി ഞാനും അതേ ഗൾഫുകാരനായിത്തന്നെയാണ് നാട്ടിലേക്ക് പുറപ്പെടുന്നത്. ഒരൊന്നൊന്നര യാത്ര. എന്റെ യാത്ര ബോബെയിലേക്കും അവിടെ നിന്ന് കണക്ഷൻ ഫ്ലൈറ്റിന് മംഗലാപുരത്തേക്കുമായിരുന്നു.
ആ വിവരം ഞാൻ കത്തു മുഖേന ഉപ്പാനെ നേരത്തെ അറിയിച്ചിരുന്നു. ഉപ്പ നാട്ടിൽ നിന്ന് ഒരമ്പാസഡർ കാറും പിടിച്ച് ശങ്കരൻ നായരെയും കൂട്ടി മംഗലാപുരത്ത് എത്തി.
ഞാനാകട്ടെ ഖത്തറിൽ നിന്ന് പുറപ്പെടേണ്ട വിമാനം മൂന്ന് മണിക്കൂർ താമസിച്ചത് കാരണം ബോംബെയിൽ നിന്ന് മംഗലാപുരത്തേക്കുള്ള വിമാനത്തിൽ പോകാൻ കഴിഞ്ഞില്ല. വിവരങ്ങൾ അറിയിക്കാൻ ഇന്നത്തെ പോലെ ഫോൺ സൗകര്യവുമില്ല. ആകെയുള്ളത് ‘കമ്പിയടിക്കുക’യാണ്.
എന്ത് ചെയ്യും? മംഗലാപുരത്തേക്ക് വേറെ വിമാനവുമില്ല. ബോംബെയിൽ നിന്നും കൊച്ചിയിലേക്ക് ഒരു വിമാനമുണ്ടെന്നറിഞ്ഞതിനാൽ അതിൽ ടിക്കറ്റ് തരപ്പെടുത്തി കൊച്ചിയിലിറങ്ങി അവിടെ നിന്നും നാട്ടിലെത്തി.
എന്റെ ഉപ്പ നിശ്ചയിച്ച വിമാനയാത്രക്കാരിൽ എന്നെ കാണാതായതോടെ അടുത്ത ദിവസത്തെ ഫ്ളൈറ്റിൽ എത്തുമെന്ന പ്രതീക്ഷയോടെ റൂമൊക്കെ എടുത്ത് മംഗലാപുരത്ത് താമസിക്കുകയാണ്. ഒടുവിൽ പെങ്ങളുടെ ഭർത്താവിനെ മംഗലാപുരത്തേക്ക് അയച്ചാണ് ഉപ്പാനെ വിളിച്ചു കൊണ്ട് വന്നത്.
അങ്ങിനെ 1983 മാർച്ച് മാസം 20 ന് എന്റെ വിവാഹം മംഗളമായും അത്യന്തം സന്തോഷകരമായും നടന്നു. കൊയിലാണ്ടി കാശ്മിക്കണ്ടി എന്ന തറവാട് വീട് എന്റെ വധൂഗൃഹമായി മാറി. ഏതാണ്ട് നാൽപ്പത്തിരണ്ട് പേരുള്ള ഒരു വലിയ കൂട്ടുകുടുംബം.
കുടുംബത്തിൽ അഞ്ചോളം പേർ വളരെ പ്രായം ചെന്നവർ. അതിൽ താഴെ മധ്യവയസ്ക്കരായ ആറോളം പേർ. ശേഷം മക്കളും മക്കളെ മക്കളുമായി മറ്റുള്ളവരും. വിവാഹാനന്തരം വധൂഗൃഹത്തിൽ എനിക്ക് ലഭിച്ച സ്വീകരണങ്ങളും ഊഷ്മളമായ സ്നേഹ ബഹുമാനങ്ങളും, പെരുമാറ്റങ്ങളും പറഞ്ഞറിയിക്കാവതല്ല.
വളരെ വളരെ ഹൃദ്യമായ അനുഭവങ്ങളായിരുന്നു അവയൊക്കെ. പുതിയാപ്പിള എന്നേ അവരൊക്കെ അഭിസംബോധന ചെയ്യാറുണ്ടായിരുന്നുള്ളു. പെൺകുട്ടിയുടെ പിതാവ് അബ്ദുള്ളക്കുട്ടി കാശ്മിക്കണ്ടി നേരത്തെ മരിച്ചു പോയിരുന്നു.
എൻറ ഉമ്മയെപ്പോലൊരു ഉമ്മയും സഹോദരരെ പോലെയുള്ള സഹോദരായും ഒക്കെ അവർ എനിക്കനുഭവപ്പെട്ടു. കൊയിലാണ്ടി മറ്റൊരു നാടായി എനിക്ക് തോന്നിയതേയില്ല. നാട്ടിലായാലും ഗൾഫിലായാലും അവരിലൊരാളായി ഞാനും താദാത്മ്യം പ്രാപിച്ചു. കൊയിലാണ്ടി മുസ്ലിം ജമാഅത്ത് തുടങ്ങിയ കൊയിലാണ്ടിക്കാരുടെ സംഘടനകളുമായി പ്രവർത്തിക്കാനും ഞാൻ സമയം കണ്ടെത്തി.
‘പ്രവാസിയുടെ കൊയിലാണ്ടി’ എന്ന പംക്തിയിൽ ഇതുവരെ പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പുകൾ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
എന്റെ സഹധർമ്മിണി ഹഫ്സറഷീദ് നല്ലൊരു കുടുംബിനിയാണ്. മൂത്ത മകൻ ഷമീം മണ്ടോളി കുവൈത്തിൽ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. ഭാര്യ നദീമ ഷമീം (കുവൈത്ത്) പേരമകൾ എസ മെഹക് ഖൈത്താൻ ഇൻഡ്യൻ സ്കൂളിൽ (കുവൈത്ത്) പഠിക്കുന്നു.
മറെറാരു മകൻ ഷാഹിദ് ഷഫ്രീദ് മണ്ടോളി കാഞ്ഞങ്ങാട് ശോഭിക വെഡ്ഡിംഗ് സെന്റർ മാനേജരായും ഇളയ മകൾ ഷെറിൻ ഷിഫാന മണ്ടോളി ശ്രീനാരായണ കോളജിൽ (വടകര) ബി.എസ്.സി സൈക്കോളജി വിദ്യാർത്ഥിനിയാണ്. നീണ്ട ദാമ്പത്യ കുടുംബ ജീവിതത്തിൽ സന്തോഷവും,സംതൃപ്തിയും നൽകി അനുഗ്രഹിച്ച ജഗന്നിയന്താവിന് സർവ്വ സ്തുതിയും അർപ്പിച്ച് നിറുത്തട്ടെ!!!
റഷീദ് മണ്ടോളി
നന്തി സ്വദേശി. 1976 മുതല്‍ പ്രവാസ ജീവിതം തുടങ്ങി. 1983 വരെ ഖത്തറിലായിരുന്നു. പിന്നീട് 1984 മുതല്‍ 2003 മുതല്‍ യു.എ.ഇയിലായിരുന്നു. ഇരുരാജ്യങ്ങളിലും കച്ചവടമായിരുന്നു. തുടര്‍ന്ന് കുവൈത്തില്‍ സഹോദരനൊപ്പം ബിസിനസ് ചെയ്യുന്നു. കെ.എം.സി.സി ഉള്‍പ്പെടെ നിരവധി പ്രവാസി സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഷാര്‍ജ ഇഖ്ബാല്‍ യൂത്ത് ഫോറം എന്ന പ്രവാസി സംഘടന രൂപീകരിച്ചു. ഇപ്പോള്‍ നാട്ടില്‍ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമാണ്. പിതാവായ മണ്ടോളി അബ്ദു റഹ്മാന്റെ പേരില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച് ജീവകാരുണ്യപ്രവര്‍ത്തനങ്ങളും ഇദ്ദേഹം നടത്തുന്നുണ്ട്.
മുഴുവൻ വായിച്ചപ്പോൾ ഒരു പഴയ കാല പുതു മണവാളൻ വരുന്നത് മനസ്സിൽ ഇമേജിൻ ചെയ്യാൻ പറ്റുന്ന തരത്തിലുള്ള അവതരണം ആണെന്ന് തോന്നി. പഴയ കാല പ്രവാസം, പ്രവാസിയുടെ നാട്ടിലേക്കുള്ള വരവ്, കല്യാണം, ഒക്കെ വല്ലാത്ത ഒരു നൊസ്റ്റാൾജിയ തരുന്ന വരികൾ.