ധീര ജവാന്മാർക്ക് ആദരവ്, മൺമറഞ്ഞ ജവാന്മാർക്ക് പുഷ്പാർച്ചന, നിരാലംബരായവർക്ക് സഹായം;വടകരയിൽ സ്‌നേഹസ്പർശവുമായി ജില്ലയിലെ സൈനികർ


വടകര: ജവാന്മാർക്ക് ആദരവുമായി കോഴിക്കോട്ടെ സൈനികർ. ജില്ലയിലെ സൈനികരുടെ സംഘടനയായ കാലിക്കറ്റ് ഡിഫെന്‍സ് ട്രസ്റ്റ് ആന്‍ഡ് കെയറിന്റെ നേതൃത്വത്തിൽ സ്‌നേഹസ്പര്‍ശം പരിപാടി നടക്കുന്നു. രാജ്യത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് വടകര മുന്‍സിപ്പല്‍ പാര്‍ക്കായ ധീരജവാന്‍ സുധില്‍ പ്രസാദ് നഗറില്‍ വെച്ചാണ് പരിപാടി നടക്കുക.

മണ്മറഞ്ഞ ധീരജവാന്മാര്‍ക്ക് പുഷ്പാര്‍ച്ചനയും മുതിര്‍ന്ന ധീരജവാന്മാരെ ചടങ്ങിൽ ആദരിക്കും. കൂടാതെ നിരാലംബരായവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ സംഘടനയിലെ മെമ്പര്‍മാരുടെ മക്കളെയും സഹോദരങ്ങളെയും അനുമോദിക്കുകയും ചെയ്യും.

അഞ്ചുവിളക്ക് ഗാന്ധി പ്രതിമയില്‍ മാല ചാര്‍ത്തിയ ശേഷം ബൈക്ക് റാലിയോടെ ആരംഭിക്കുന്ന വിളംബര ജാഥ മുന്‍സിപ്പല്‍ പാര്‍ക്കില്‍ അവസാനിക്കും. പാര്‍ക്കില്‍ നടക്കുന്ന ചടങ്ങ് ബി.എസ്.എഫ് ഡെപ്യൂട്ടി കമാന്‍ഡന്‍ഡന്റായ പ്രസാദ് പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും.

സ്‌നേഹസ്പര്‍ശം 2022 പത്മശ്രീ മീനാക്ഷി അമ്മ ഉദ്ഘാടനം ചെയ്യും. വടകര തഹസീല്‍ദാര്‍ പ്രസില്‍.കെ.കെ, വടകര ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ജിജീഷ്.പി.കെ, സംസ്ഥാന ഫോക്ക്‌ലോര്‍ അവാര്‍ഡ് ജേതാവ് നാണു ആശാന്‍ പാട്ടുപുരയും സംഘടനയുടെ മെമ്പര്‍മാരും കുടുംബാഗങ്ങളും നാട്ടുകാരും പങ്കെടുക്കുന്നതാണ്.