മാനസികമായും ശാരീരികമായുമുള്ള പീഡനം, പ്രായപൂർത്തിയാവുന്നതിനു മുൻപ് വിവാഹം; ബാലുശ്ശേരി സ്വദേശിനി വ്ലോഗര്‍ റിഫയുടെ മരണം; ഭർത്താവ് മെഹ്നാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി


 

ബാലുശ്ശേരി: ബാലുശ്ശേരി സ്വദേശിനി വ്ലോഗര്‍ റിഫ മെഹ്നു മരിച്ച സംഭവത്തിൽ ഭര്‍ത്താവ് മെഹനാസ് മൊയ്ദുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നതായി പോലീസ് റിപ്പോർട്ടിൽ ചൂണ്ടി കാട്ടിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി.

റിഫയെ മാര്‍ച്ച്‌ ഒന്നിന് പുലര്‍ച്ചെയാണ് ദുബായ് ജാഹിലിയയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായി കാക്കൂര്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നു സ്ത്രീയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കല്‍, ആത്മഹത്യ പ്രേരണ കുറ്റം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം മെഹനാസിനെതിരെ കേസെടുക്കുകയായിരുന്നു. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.

വിവാഹസമയത്ത് വ്ലോഗറിന് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു കേസും രെജിസ്റ്റർ ചെയ്യുകയും കോഴിക്കോട് കാക്കൂര്‍ പൊലീസ് മെഹനാസിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പോക്‌സോ കേസാണ് രെജിസ്റ്റർ ചെയ്തത്.

ഇന്‍സ്റ്റഗ്രാം വഴി തുടങ്ങിയ പരിചയമാണ് വിവാഹത്തിലെത്തിയത് 3 വര്‍ഷം മുന്‍പായിരുന്നു വിവാഹം. ഇവര്‍ക്ക് 2 വയസ്സുള്ള മകനുണ്ട്.