ഡ്രൈവിംഗ് ലൈസൻസിന്മേൽ അയോഗ്യത കൽപ്പിക്കപ്പെട്ട കേസുകൾ, നികുതി സംബന്ധമായ വിഷയങ്ങൾ, ഉപയോഗശൂന്യമായ വാഹനങ്ങളുടെ ആർ സി ക്യാൻസലേഷൻ; പ്രശ്നം എന്തുമാവട്ടെ… മന്ത്രി എത്തുന്നു, നിങ്ങളുടെ പരാതി കേൾക്കാൻ; കൊയിലാണ്ടി സബ് ആർ.ടി ഓഫീസുമായി ബന്ധപ്പെട്ട പരാതികൾ ഉടൻ രജിസ്റ്റർ ചെയ്യാം; കൂടുതൽ വിവരങ്ങൾ അറിയാം


കൊയിലാണ്ടി: മന്ത്രി എത്തുന്നു, നിങ്ങളുടെ പരാതി കേൾക്കാൻ. ജില്ലയിലെ മോട്ടോർ വാഹന വകുപ്പിലെ വിവിധ സേവനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതികൾ നേരിട്ട് കേട്ട് പരിഹാരമുണ്ടാക്കാനാണ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു എത്തുന്നത്.

ദീർഘ കാലമായി തീർപ്പാകാതെ കിടക്കുന്ന അപേക്ഷകൾ, ചെക്ക് റിപ്പോർട്ടുകൾ, ഉപയോഗശൂന്യമായ വാഹനങ്ങളുടെ ആർ സി ക്യാൻസലേഷൻ, ഡ്രൈവിംഗ് ലൈസൻസിന്മേൽ അയോഗ്യത കൽപ്പിക്കപ്പെട്ട കേസുകൾ നികുതി സംബന്ധമായ വിഷയങ്ങൾ മുതലായവയെല്ലാം അദാലത്തിൽ പരിഗണിക്കുന്നതാണ്. കൂടാതെ ഉടമസ്ഥൻ കൈപറ്റാതെ ഓഫീസിൽ മടങ്ങിവന്ന ആർ സി, ലൈസൻസ് എന്നിവ തിരിച്ചറിയൽ രേഖയുമായി വരുന്ന ഉടമസ്ഥർക്ക് വിതരണം ചെയ്യും.

കൊയിലാണ്ടി സബ് ആർ ടി ഓഫീസുമായി ബന്ധപ്പെട്ട പരാതികൾ ആഗസ്റ്റ് 5 നകം കൊയിലാണ്ടി സബ് ആർ ടി ഓഫീസിൽ നേരിട്ടോ ഫോൺ മുഖാന്തിരമോ അറിയിക്കണമെന്ന് ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

വാഹനീയം 2022 എന്നപേരിൽ നടത്തുന്ന പരാതി പരിഹാര അദാലത്ത് ആഗസ്റ്റ് പന്ത്രണ്ടാം തിയ്യതി രാവിലെ 9.30 മണി മുതൽ കോഴിക്കോട് ടൗൺ ഹാളിൽ വെച്ച് നടക്കും.