പിതൃസ്മരണയിൽ ഇന്ന് വാവുബലി; മൂടാടി ഉരുപുണ്യകാവിൽ ബലിതർപ്പണം നടത്താൻ ഒഴുകിയെത്തിയത് ആയിരങ്ങൾ (ചിത്രങ്ങൾ കാണാം)
മൂടാടി: ഉരുപണ്യകാവ് കടലിലെ തിരകളും കടലിലെ വായുവും വരെ ഏറെ ഭക്തി സാന്ദ്രമാണ് ഇന്ന്. പൂര്‍വികരെ സ്മരിച്ച് ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജം നേടാനായി ഉരുപുണ്യകാവ് ദുര്‍ഗാ-ഭഗവതി ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. കോവിഡ് മഹാമാരി കാരണം രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇവിടെ പൂര്‍ണ്ണതോതില്‍ കര്‍ക്കിടകവാവ് ബലിതര്‍പ്പണം നടക്കുന്നത്.
വെളുപ്പിനെ നാലു മണിക്ക് തന്നെ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ബലിതർപ്പണം ആരംഭിച്ചു. ബലിതര്‍പ്പണം ഉച്ചവരെ നീണ്ടുനില്‍ക്കും. കടല്‍ത്തീരത്തെ ബലിത്തറ വിപുലീകരിച്ചതിനാൽ ഒരു സമയം അഞ്ഞൂറിലേറെ പേര്‍ക്ക് ബലിയിടാൻ സാധിക്കുന്നുണ്ട്. പുലര്‍ച്ചെ മുതല്‍ എത്തിയ ഭക്തര്‍ക്കായി പ്രഭാത ഭക്ഷണവും ക്ഷേത്രത്തില്‍ ഒരുക്കിയിരുന്നു.
ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി കൊയിലാണ്ടി പൊലീസ് രാത്രി ഒരു മണി മുതൽ മുഴുവന്‍ സമയവും ഉരുപുണ്യകാവില്‍ ഉണ്ട്. ബേപ്പൂരിലെ കോസ്റ്റ്ഗാര്‍ഡില്‍ നിന്നുള്ള രണ്ട് പേരും കൂടാതെ വളണ്ടിയര്‍മാരും പൂർണ്ണ സമയം ഉണ്ട്.
കര്‍ക്കടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് ബലി അര്‍പ്പിക്കുന്നത്. ബുധനാഴ്ച ‘ഒരിക്കൽ’ എടുത്ത് ഇന്ന് ബലി അർപ്പിക്കും. ഒരു നേരം മാത്രം അരിയാഹാരം കഴിച്ച് വ്രതം അനുഷ്ഠിക്കുന്നതാണ് ഒരിക്കൽ എന്നറിയപ്പെടുന്നത്.
മത്സ്യം, മാംസം, മദ്യം, പഴകിയ ഭക്ഷണം എന്നിവ വ്രതം അനുഷ്ഠിക്കുന്ന സമയത്ത് കഴിക്കാന്‍ പാടില്ല. 48 മണിക്കൂറാണ് വ്രതം അനുഷ്ഠിക്കേണ്ടത്. തര്‍പ്പണം ചെയ്ത് തുടങ്ങിയാല്‍ തര്‍പ്പണം കഴിയുന്നത് വരെ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പാടില്ല.
വിളക്ക്, കിണ്ടിയിലെ വെള്ളം, എള്ള്, അരി, പുഷ്പം, കര്‍പ്പൂരം, ചന്ദനത്തിരി, വാഴയില, ദര്‍ഭപ്പുല്ല് എന്നിവയാണ് ബലിയിടുന്നതിന് പൂജയ്ക്കായുള്ള സാധനങ്ങൾ. ഉരുപുണ്യകാവ് ക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ ഒഴുക്ക് തുടരുന്നു.