‘സ്വപ്നം കാണാൻ പഠിപ്പിച്ച അങ്ങേയ്ക്കിതാ ഞങ്ങളുടെ സ്നേഹോപഹാരം…’; എ.പി.ജെ അബ്ദുൾ കലാമിന്റെ ചിത്രം പൊയിൽക്കാവിന്റെ മണ്ണിൽ വിരിഞ്ഞപ്പോൾ (വീഡിയോ കാണാം)


കൊയിലാണ്ടി: മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ ഓർമ്മകൾക്ക് ഇന്ന് ഏഴാണ്ട് തികയുമ്പോൾ സ്നേഹ സമ്മാനവുമായി പൊയിൽക്കാവ് യു.പി സ്കൂൾ. സ്കൂൾ അങ്കണത്തിൽ കലാമിന്റെ ഇമ്മിണി ബല്യ ചിത്രം വിരിഞ്ഞു.

നിറക്കൂട്ടം ചിത്രകലാ ക്ലബ്ബിൻ്റെ അഭിമുഖ്യത്തിലാണ് മുറ്റത്ത് നീല വർണ്ണത്തിൽ കലാമിൻ്റെ ബിഗ്കാരിക്കേച്ചർ വരച്ചത്. അതോടൊപ്പം സ്കൂളിലെ മുഴുവൻ കുട്ടികളും കലാമിൻ്റ കാരിക്കേച്ചർ പേപ്പറിൽ വരച്ച് കളർ ചെയ്ത് കൊണ്ട് ഒരു സ്നേഹോപഹാരമായി സമർപ്പിച്ചു.

സ്വപ്നം കാണാൻ യുവതയോട് ആഹ്വാനം ചെയ്ത, എക്കാലത്തെയും ജനകീയ രാഷ്ട്രപതിയായിരുന്നു അവുൾ പക്കീർ ജൈനുലബ്ദീൻ അബ്ദുൾ കലാം എന്ന എപിജെ അബ്ദുൾ കലാം. ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിരുന്നു അദ്ദേഹം. മിസൈൽ സാങ്കേതിക വിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് മിസൈൽ മാൻ എന്നും അദ്ദേഹം അറിയപ്പെട്ടു.

മുപ്പതോളം സർവ്വകലാശാലകളിൽ നിന്നും ഓണററി ഡോക്ടറേറ്റ്, രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികൾ. അദ്ദേഹത്തെ തേടിയെത്തിയ അം​ഗീകാരങ്ങളും ബഹുമതികളും നിരവധിയാണ്. കൂടാതെ നിരവധി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിസിറ്റിം​ഗ് പ്രൊഫസറായിരുന്നു അദ്ദേഹം.

വരയ്ക്ക് ചിത്രകലാധ്യാപകൻ സൂരജ്കുമാർ നേതൃത്വം നൽകി. പ്രധാനാധ്യാപിക രോഷ്നി ആർ, പി.ടി.എ പ്രസിഡൻ്റ് രജിലേഷ് വി.കെ എന്നിവർ അശംസകൾ നേർന്നു.

 

വീഡിയോ കാണാം: