‘കലിയാ കലിയാ കൂയ്…’ കലിതുള്ളി പെയ്യുന്ന മഴയ്ക്കിടയില്‍ കലിയന് കൊടുക്കല്‍ ആഘോഷത്തിനൊരുങ്ങി നാട്
കൊയിലാണ്ടി: മിഥുനമാസത്തിന്റെ അവസാന ദിവസമാണിത്. സംക്രമനാളില്‍ തിമിര്‍ത്തു പെയ്യുകയാണ് മഴ. മഴയ്ക്കിടയിലും കലിയന് കൊടുക്കല്‍ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ തകൃതിയാണ് കൊയിലാണ്ടിയുടെ വിവിധ ഭാഗങ്ങളില്‍. ഗതകാല ഗൃഹാതുര സ്മരണകള്‍ ഒരിക്കല്‍ കൂടി അയവിറക്കാനുളള അവസരം കൂടിയാണിത്. കര്‍ക്കടകത്തിലെ കഷ്ടപ്പാടും ബുദ്ധിമുട്ടും ഒഴിവാക്കാനും വീട്ടില്‍ ഐശ്വര്യവും സമൃദ്ധിയും പുലരാനുമായി ഒട്ടേറെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഗ്രാമഗ്രാമാന്തരങ്ങളില്‍ നടത്താറുണ്ട്. ഇതിലൊന്നാണ് കലിയന് കൊടുക്കല്‍ ചടങ്ങ്.
കലിയനെ പ്രസാദിപ്പിച്ചാല്‍ കര്‍ക്കടകത്തിലെ അരിഷ്ടത നീങ്ങുമെന്നാണ് വിശ്വാസം. വാഴത്തടയും കണയും ഈര്‍ക്കിലും ഉപയോഗിച്ച് വലിയൊരു കൂടുണ്ടാക്കും. പശുക്കളെ പാര്‍പ്പിക്കുന്ന ആലയാണിത്. പ്ലാവിന്‍ചുവട്ടിലാണ് കൂടുണ്ടാക്കുക. പ്ലാവിലേക്ക് കയറാന്‍ വാഴത്തട്ടയും ഈര്‍ക്കിലുംകൊണ്ടുണ്ടാക്കിയ ഏണി വേണം. പഴുത്ത പ്ലാവിലകൊണ്ട് വലിയ ചെവികളുള്ള പശുക്കളും പാത്രങ്ങളുമൊരുക്കും.
മുറത്തില്‍ നാക്കില വിരിച്ച് അതില്‍ കൂടും ഏണിയും കോണിയും പ്ളാവിലയിലുണ്ടാക്കിയ ആടുമാടുകളും പാത്രങ്ങളുമെല്ലാമെടുത്തുവെച്ച് ഇലയില്‍ ചോറും കറികളും വിളമ്പിവെക്കും. സന്ധ്യ മയങ്ങിയാല്‍ തറവാട്ടിലെ മുതിര്‍ന്നയാള്‍ ചൂട്ടുകത്തിച്ച് മുന്നേ നടക്കും. അതിന് പിന്നിലായി കിണ്ടിയില്‍ വെള്ളവും, മുറവുമായി മറ്റുളളവരും പിന്നാലെയുണ്ടാവും. വീടിന് ചുറ്റും മൂന്ന് പ്രാവശ്യം വലം വെക്കുമ്പോള്‍ കലിയാ കലിയാ കൂയ്, ചക്കേം മാങ്ങേം കൊണ്ടത്താ കലിയാ, നെല്ലും വിത്തും താ…. ആലേം പൈക്കളേം താ…കലിയാ എന്ന് ആര്‍ത്ത് വിളിക്കും. ഒടുവില്‍ ഇതെല്ലാം ഒരു പ്ലാവിന്റെ ചുവട്ടില്‍ കൊണ്ടു വെച്ച് പ്ലാവില്‍ ചരലു വിരി എറിയും.. പ്ലാവ് നിറച്ചും കായ്ക്കാനാണിത്. വെളിച്ചേമ്പും കൂവയും മറ്റും മൂടോടെ പറിച്ച് പുരപ്പുറത്തേക്കെറിയും… വീട്ടില്‍ ഫലസമൃദ്ധിയുണ്ടാവാന്‍.!
എല്ലാവരും വീട്ടിലേയ്ക്ക് മടങ്ങി, സന്ധ്യാവന്ദനം കഴിഞ്ഞ് ചോറും പായസവും കഴിക്കുന്നു. ഇതോടെ കലിയന് കൊടുക്കല്‍ ചടങ്ങിന് വിരമം.
മിഥുനത്തിലെ അവസാന ദിവസം, ചിലയിടങ്ങളില്‍ കര്‍ക്കിടകത്തിലെ ആദ്യ ദിവസമാണ് കലിയന് കൊടുക്കല്‍ ചടങ്ങ് നടത്തുക. സന്ധ്യാ സമയത്ത് ഉത്തര കേരളത്തിലെ മിക്ക വീടുകളിലും നടക്കുന്ന ഒരു പഴയ ചടങ്ങാണിത്. കലിയന്‍ എന്നത് കര്‍ഷക ദേവതയാണെന്നാണ് സങ്കല്‍പ്പം. ഉര്‍വ്വരതയുടെ ദേവതാസങ്കല്പമാണ് കലിയന്‍. തെക്കന്‍ കേരളത്തിലെ ശീവോതിക്ക് കൊടുക്കല്‍ ചടങ്ങിനോട് ഏതാണ്ട് സമാനമാണിത്.
ഈന്തിന്‍ കായ് ഉണക്കി പൊടിച്ചുണ്ടാക്കുന്ന പായസം കലിയന് കൊടുക്കല്‍ ചടങ്ങിലെ പ്രധാന ഇനമാണ്. മണ്‍മറഞ്ഞ നാട്ടാചാരങ്ങളെ പരിചയപ്പെടുത്താനും നഷ്ടപ്പെടുന്ന സ്നേഹ കൂട്ടായ്മകള്‍ സജീവമാക്കാനുമായി പേരാമ്പ്രയുടെ വിവിധ ഭാഗങ്ങളില്‍ കലിയന് കൊടുക്കല്‍ ചടങ്ങ് നടക്കും. മണ്‍മറഞ്ഞ നാട്ടാചാരങ്ങളെ പരിചയപ്പെടുത്താനും നഷ്ടപ്പെടുന്ന സ്നേഹ കൂട്ടായ്മകള്‍ സജീവമാക്കാനുമായി കൊളക്കാട് കുനിക്കണ്ടിമുക്ക് നാട്ടു കൂട്ടം ഒരുക്കുന്ന കലിയന്‍ ഉല്‍സവം ജൂലായ് 16 ന് ശനിയാഴ്ച വൈകീട്ട് പൂക്കാട് കുനിക്കണ്ടി മുക്കില്‍ നടക്കും. കലിയന്‍ കെട്ട്, കുതിരക്കോലം എന്നിവയുടെ അകമ്പടിയോടെ കലിയന്‍ ആഘോഷവരവ് ചേമഞ്ചേരി കൊളക്കാട് യു.പി. സ്‌കൂളില്‍ നിന്നും വൈകീട്ട് 5.30 ന് ആരംഭിക്കും.