പ്രിയപ്പെട്ട തിക്കോടിയന് ആദരം; പയ്യോളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പേര് മാറ്റിയുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി


പയ്യോളി: പയ്യോളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പേര് മാറ്റിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. സാഹിത്യകാരന്‍ തിക്കോടിയന്റെ (പി.കുഞ്ഞനന്തന്‍ നായര്‍) പേരിലാണ് സ്‌കൂള്‍ ഇനി അറിയപ്പെടുക.

തിക്കോടിയന്‍ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നാണ് സ്‌കൂളിന്റെ പുതിയ പേര്. പേരുമാറ്റം സംബന്ധിച്ചുള്ള ഔദ്യോഗിക ഉത്തരവ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാണ് പുറത്തിറക്കിയത്.

സ്‌കൂളിന്റെ പേരുമാറ്റം അഭിമാനകരമെന്നാണ് പി.ടി.എ പ്രസിഡന്റ് ബിജു കളത്തില്‍ പ്രതികരിച്ചത്. പി.ടി.എ പ്രസിഡന്റ് എന്ന നിലയില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന തിക്കോടി ഗ്രാമ പഞ്ചായത്തും കോഴിക്കോട് ജില്ലാ പഞ്ചായത്തും പേര് മാറ്റണമെന്ന പ്രമേയം നേരത്തേ പാസാക്കിയിരുന്നു. കഴിഞ്ഞ മാസം സ്‌കൂള്‍ പി.ടി.എയും ഇക്കാര്യത്തില്‍ ഐക്യകണ്‌ഠേന തീരുമാനമെടുത്തു. ഇതോടെയാണ് പേരുമാറ്റം യാഥാര്‍ത്ഥ്യമായത്.

മലയാള സാഹിത്യ രംഗത്തെ ശ്രദ്ധേയനായ എഴുത്തുകാരനായിരുന്നു പി.കുഞ്ഞനന്തന്‍ നായര്‍ എന്ന തിക്കോടിയന്‍. ഹാസ്യ സാഹിത്യകാരന്‍ സഞ്ജയനാണ് പി.കുഞ്ഞനന്തന്‍ നായര്‍ക്ക് തിക്കോടിയനെന്ന പേര് നല്‍കിയത്. തിക്കോടിയില്‍ ജനിച്ചതിനാലാണ് സഞ്ജയന്‍ ആ പേര് നല്‍കിയത്.

കൊയിലാണ്ടി ബാസല്‍ മിഷന്‍ മിഡില്‍ സ്‌കൂളിലാണ് അദ്ദേഹം പഠിച്ചത്. ഇതിന് ശേഷം വടകര ടീച്ചേഴ്സ് ട്രെയിനിങ് സ്‌കൂളില്‍ ചേര്‍ന്നു. അവിടെ നിന്നും പാസായശേഷം താന്‍ പഠിച്ച കൊയിലാണ്ടി സ്‌കൂളില്‍ തന്നെ 1936 ല്‍ അദ്ധ്യാപകനായി നിയമനം ലഭിച്ചു.

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, കേരള സ്റ്റേറ്റ് ഫിലിം തിരക്കഥ അവാര്‍ഡ് (ഉത്തരായണം), സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, മാതൃഭൂമി സാഹിത്യ പുരസ്‌കാരം എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

പുഷ്പവൃഷ്ടി, ഒരേ കുടുംബം, ജീവിതം, പ്രസവിക്കാത്ത അമ്മ, പുതുപ്പണം കോട്ട, യാഗശില (നാടകം), അശ്വഹൃദയം, ചുവന്നകടല്‍, പഴശ്ശിയുടെ പടവാള്‍ (നോവല്‍), അരങ്ങു കാണാത്ത നടന്‍(ആത്മകഥ) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന പുസ്തകങ്ങള്‍.