”അധികൃതരേ ഇനിയും കണ്ണടക്കരുത്, ഞങ്ങളുടെ കുട്ടികള്‍ നനഞ്ഞ് കുളിച്ച് സ്കൂളില്‍ പോയാല്‍ മതിയെന്നാണോ?” ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തികളിലെ അപാകം കാരണം വീടും പരിസരവും വെള്ളത്തിലായി; പുറത്തിറങ്ങാനാവാതെ മരളൂര്‍ നിവാസികള്‍
കൊയിലാണ്ടി: മുന്‍വര്‍ഷങ്ങളിലുണ്ടായ പ്രളയമൊന്നും വലിയ തോതില്‍ ബാധിക്കാത്ത പ്രദേശമായിരുന്നു കൊയിലാണ്ടി മുനിസിപ്പിലാറ്റിയിലെ രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന മരളൂര്‍ പുതുക്കുടി താഴെ ഭാഗം. എന്നാല്‍ ദേശീയപാത ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിച്ചതോടെ ശക്തിയായി ഒരു മഴ പെയ്താല്‍ തന്നെ പ്രളയത്തില്‍പ്പെട്ട അവസ്ഥയാണ് ഇവിടുത്തുകാരുടേത്. ഇക്കഴിഞ്ഞ മെയ് മാസത്തിലുണ്ടായ വേനല്‍ മഴയില്‍ തന്നെ ഇവിടം വെള്ളത്തില്‍ മുങ്ങിയിരുന്നു. അന്ന് ക്രിയാത്മകമായി അധികൃതര്‍ ഇടപെട്ടിരുന്നെങ്കില്‍ ഈ മഴക്കാലം തങ്ങളുടെ വീടുകള്‍ വെള്ളത്തില്‍ മുങ്ങുന്ന അവസ്ഥ വരില്ലായിരുന്നുവെന്നാണ് പ്രദേശവാസികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്.
പാലക്കുളം, കൊല്ലം ചിറ ഭാഗത്തുനിന്നടക്കം ഒഴുകിയെത്തുന്ന വെള്ളമാണ് ഈ പ്രദേശത്തെ വെള്ളക്കെട്ടിലാക്കുന്നത്. കനാല്‍ വഴി നാലു പൈപ്പുകളിലായാണ് വെള്ളം മരലൂര് ഭാഗത്തെ ചെറു തോടിലേക്ക് ഒഴുകിയെത്തുന്നത്. ദേശീയപാത നിര്‍മ്മാണത്തിനായി ഈ ഭാഗം മണ്ണിട്ടുനിരത്തിയതോടെ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുകയും പ്രദേശം വെള്ളക്കെട്ടിലാവുകയുമായിരുന്നു.
നേരത്തെ വേനല്‍ മഴ പെയ്ത സമയത്ത് പ്രദേശത്ത് വെള്ളം കയറിയതോടെ ജനങ്ങള്‍ക്കിടയില്‍ നിന്നും പ്രതിഷേധമുയരുകയും അധികൃതര്‍ ഇടപെട്ട് റോഡ് വെട്ടിപ്പൊളിച്ച് താല്‍ക്കാലിക പരിഹാരം കാണുകയും ചെയ്തിരുന്നു. പിന്നീട് ഇവിടെ രണ്ടടിയുടെ പൈപ്പിട്ട് വെള്ളം ഒഴുകി പോകാനുള്ള സംവിധാനമുണ്ടാക്കി റോഡ് പ്രവൃത്തികള്‍ തുടങ്ങുകയും ചെയ്തു. ഇവിടെയെത്തുന്ന വെള്ളം ഒഴുകി പോകാന്‍ ഈ സംവിധാനം അപര്യാപ്തമാണെന്നും നാല് പൈപ്പുകള്‍ വഴി ഒഴുകി പോകുന്ന വെള്ളം കടന്നുപോകാന്‍ മതിയായ തരത്തില്‍ പൈപ്പുകള്‍ സ്ഥാപിക്കണമെന്നും പ്രദേശവാസികള്‍ നേരത്തെ തന്നെ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇത് അധികൃതര്‍ പരിഗണിച്ചില്ലെന്നും അതാണ് തങ്ങളുടെ കുടുംബം വെള്ളക്കെട്ടില്‍ കഴിയേണ്ട അവസ്ഥയ്ക്ക് കാരണമെന്നുമാണ് പ്രദേശത്തുകാര്‍ പറയുന്നത്.
പത്താം ക്ലാസിലും എല്‍.പി സ്കൂളും പഠിക്കുന്ന കുട്ടികളുള്ള മരളൂര്‍ സ്വദേശി ബീനീഷ് പറയുന്നത് അവരുടെ വിദ്യാഭ്യാസ കാര്യങ്ങളെപ്പോലും ഇത് ബാധിക്കുന്നുണ്ട് എന്നാണ്. ‘ മുതിര്‍ന്നവരുടെ കാര്യത്തില്‍ അവര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങേണ്ടയെന്ന് വിചാരിക്കാം. പക്ഷേ പഠിക്കുന്ന ഞങ്ങളുടെ കുട്ടികളെ എന്ത് ചെയ്യും. ഈ വെള്ളം താണ്ടി നനഞ്ഞ് കുളിച്ചാണ് അവര്‍ പലപ്പോഴും സ്കൂളിലെത്തുന്നത്.” ബിനീഷ് പറഞ്ഞു.