എം.എല്‍.എയുടെ സ്റ്റാഫിനെതിരായ പരാതികള്‍ നേതൃത്വം പരിഗണിച്ചില്ല; നാദാപുരത്ത് നൂറിലേറെ സി.പി.ഐ പ്രവര്‍ത്തകര്‍ സി.പി.ഐ.എമ്മിലേക്ക്


നാദാപുരം: എടച്ചേരി നോര്‍ത്തില്‍ സി.പി.ഐയില്‍ നിന്ന് കൂട്ടരാജി. എടച്ചേരി നോര്‍ത്ത് ബ്രാഞ്ചിലെ ഒന്‍പത് പാര്‍ട്ടിമെമ്പറും നൂറോളം അനുഭാവികളും ഉള്‍പ്പെടെയാണ് സി.പി.എമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

സി.പി.ഐ എടച്ചേരി നോര്‍ത്ത് ബ്രാഞ്ചിലെ സജീവ പ്രവര്‍ത്തകരായ ആളുകള്‍ നാദാപുരത്ത് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് രാജിക്കാര്യം അറിയിച്ചത്. നൂറിലേറെപ്പേര്‍ ഒപ്പിട്ട രാജിക്കത്ത് ഇവര്‍ പാര്‍ട്ടിക്ക് നല്‍കി. സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഭാരവാഹികളായിരുന്ന പുതുക്കുടി അശോകന്‍, നടുവത്ത് വയലില്‍ സുരേന്ദ്രന്‍, പുതുക്കുടി രാജേഷ്, കളപ്പീടികയില്‍ വിജയന്‍ എന്നിവരാണ് പത്രസമ്മേളനത്തില്‍ പങ്കെടുത്തത്.

നാദാപുരം എം.എല്‍.എയും സി.പി.ഐ നേതാവുമായ ഇ.കെ വിജയന്റെ സ്റ്റാഫ് ഉള്‍പ്പെടെയുളളവര്‍ക്കെതിരെ ഉന്നയിച്ച പരാതികള്‍ പാര്‍ട്ടി പരിഗണിക്കാത്തതാണ് പെട്ടെന്നുള്ള രാജിക്ക് കാരണം. ഇവര്‍ക്കെതിരെ ജില്ലാ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നേതാക്കള്‍ പരിഹാരം കണ്ടില്ലെന്ന് പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ജനാധിപത്യ കേന്ദ്രീകരണ തത്വം നടപ്പിലാക്കാത്ത പാര്‍ട്ടിയായി സി.പി.ഐ മാറിയിരിക്കുന്നു. പാര്‍ട്ടി ജില്ലാ കമ്മിറ്റി എടുത്ത തീരുമാനം നടപ്പിലാക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ് ഇത്. അതുകൊണ്ട് സി.പി.ഐയിലുള്ള വിശ്വാസം ഞങ്ങൾക്ക് നഷ്‌പ്പെട്ടിരിക്കുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗത്ത് പക്ഷപാതപരമായ സമീപനമാണ് ഉണ്ടായത്. ഭൂരിപക്ഷം പാര്‍ട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും അഭിപ്രായങ്ങള്‍ പാര്‍ട്ടി മുഖവിലെക്കടുത്തില്ലെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

സി.പി.ഐ വിട്ടുപോന്നവര്‍ക്ക് വെള്ളിയാഴ്ച എടച്ചേരി നോര്‍ത്തില്‍ സ്വീകരണമൊരുക്കിയിട്ടുണ്ട്. സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ ഹാരമണിയിച്ചാണ് സ്വീകരിക്കുക.