കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ താളംതെറ്റിയ ഒ.പി എന്നു നേരെയാവുമെന്ന് പറയാനാവാതെ അധികൃതര്‍; ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ ഡി.എം.ഒ കനിയണമെന്ന് നഗരസഭ
കൊയിലാണ്ടി: ജീവനക്കാരുടെ അഭാവം കാരണം കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ഒ.പി പ്രവര്‍ത്തനം താളംതെറ്റിയിട്ട് ദിവസങ്ങളായിട്ടും പ്രശ്ന പരിഹാരമായില്ല. ജനറല്‍ ഒ.പിയും ചില ദിവസങ്ങളില്‍ ദന്തല്‍ ഒ.പിയും മാത്രമാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നത്. ഡോക്ടര്‍മാരില്‍ ചിലര്‍ അവധിയിലായതും ചിലര്‍ സ്ഥലം മാറിയതുമാണ് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കിയത്. എന്നാല്‍ ദിവസങ്ങള്‍ക്കിപ്പുറവും പകരം സംവിധാനമാകാത്തത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാവുകയാണ്.
പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഡി.എം.ഒയെ അറിയിച്ചിട്ടുണ്ടെന്നുമാണ് നഗരസഭ ആരോഗ്യവിഭാഗം സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രജില കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. 19 ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്നവരും എന്‍.എച്ച്.എം സാലറി വാങ്ങുന്ന ഏഴുപേരുമടക്കം 26 ഡോക്ടര്‍മാര്‍ താലൂക്ക് ആശുപത്രിയിലുണ്ടായിരുന്നു. അഞ്ച് ഡോക്ടര്‍മാര്‍ ഇപ്പോള്‍ അവധിയിലാണ്. രണ്ടുപേര്‍ സ്ഥലം മാറിപ്പോകുകയും ചെയ്തു. ഇന്ന് ആശുപത്രിയില്‍ ആറ് ഡോക്ടര്‍മാരാണ് ഡ്യൂട്ടിയിലുള്ളത്. എല്ലാവരും ജനറല്‍ ഒ.പിയിലാണ് പരിശോധന നടത്തുന്നതെന്നും അവര്‍ പറഞ്ഞു.
ഡോക്ടര്‍മാരുടെ അഭാവമുണ്ടെങ്കിലും ജനറല്‍ വിഭാഗത്തിലെ ഡോക്ടര്‍മാരെ മാത്രമേ നഗരസഭയ്ക്ക് നിയമിക്കാനാവൂവെന്നാണ് വൈസ് ചെയര്മാന് സത്യന് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. സ്പെഷ്യലൈസ്ഡ് വിഭാഗത്തില്‍ നിയമനം നടത്തേണ്ടത് ഡി.എം.ഒ ആണ്. അതിനുവേണ്ടി നഗരസഭ കത്തു നല്‍കിയിട്ടുണ്ട്. ഓര്‍ത്തോ വിഭാഗത്തിലെ രണ്ടുപേരെ സ്ഥലം മാറ്റിയെങ്കിലും പകരം ഡോക്ടര്‍മാരെ നിയമിച്ചിട്ടില്ല. ഒരാഴ്ചയ്ക്കുള്ളില്‍ നിയമനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ നിയമനങ്ങള്‍ നടക്കുകയും അവധിയിലെത്തുന്ന ഡോക്ടര്‍മാര്‍ തിരിച്ചുവന്നാല്‍ എല്ലാം പഴയപടിയാകുമെന്നാണ് നഗരസഭാ അധികൃതര്‍ പറയുന്നത്. എന്നാല്‍ അവധിയിലുള്ള രണ്ട് ഡോക്ടര്‍മാര്‍ കുറച്ചേറെക്കാലം ചികിത്സാ അവധിയില്‍ തുടരുമെന്നാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം.
എന്‍.എച്ച്.എമ്മില്‍ നിന്നും ജീവനക്കാരെ നിയമിക്കാന്‍ ഡി.എം.ഒയുടെ അനുമതിയില്ലാതെ നഗരസഭയ്ക്ക് ഒന്നും ചെയ്യാനാവില്ലെന്ന് പ്രജില പറഞ്ഞു. ചെയര്‍പേഴ്സണ്‍ സുധ കെ.പിയ്ക്കൊപ്പം ഡി.എം.ഒ ഓഫീസിലെത്തി ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി കത്തു നല്‍കിയിരുന്നു. അതിനുശേഷം കാഷ്വാലിറ്റിയിലെ തിരക്ക് കണക്കിലെടുത്ത് ഉച്ചയ്ക്കുശേഷം ഒരു ഡോക്ടറെക്കൂടി അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അവധിയില്‍ പോയവര്‍ക്ക് പകരം സംവിധാനമൊന്നും അനുവദിച്ചിട്ടില്ല.
പനി ക്ലിനിക്കിനുള്ള ഓര്‍ഡര്‍ വന്നിട്ടുണ്ടെങ്കിലും ഇതുവരെ തുടങ്ങിയിട്ടില്ല. പെട്ടെന്നുതന്നെ തുടരുമെന്നാണ് കരുതുന്നത്. മഴക്കാലം കണക്കിലെടുത്ത് രാവിലെ മുതല്‍ ഫീവര്‍ ക്ലിനിക്ക് മാത്രമായി ഒരു ഒ.പിയിടണം എന്ന ആലോചനയുണ്ടെന്നും അവര്‍ പറഞ്ഞു.