ഗോള്‍ഡ് പാലസ് തട്ടിപ്പ്: അന്വേഷണ സംഘത്തെ വെട്ടിച്ച് വിദേശത്തേക്ക് കടന്ന തിക്കോടി സ്വദേശി നാട്ടിലിറങ്ങിയ ഉടന്‍ പിടിയില്‍
പയ്യോളി: ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് തിക്കോടി സ്വദേശിയായ പ്രതി നാട്ടിലേക്ക് തിരിച്ചു വരുന്നതിനിടെ പൊലീസ് പിടിയിലായി. തിക്കോടി ചിങ്ങപുരം സ്വദേശി കാട്ടില്‍ ഇസ്മയിലാണ് (46) കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായത്.
കേസന്വേഷണം നടക്കുന്നതിനിടെ വിദേശത്തേക്ക് കടന്ന പ്രതിക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇസ്മയില്‍ വിദേശത്തുനിന്നും നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ പയ്യോളി പൊലീസിന് കൈമാറി.
ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് നാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ മുഖ്യപ്രതികളായ കുറ്റ്യാടിയിലെ വി.പി. സാബിര്‍, പി.സബീല്‍, കക്കട്ടില്‍ ഷബീര്‍, തേവര്‍ കണ്ടിയില്‍ സാലിം അലി, പയ്യോളി ചിങ്ങപുരത്തെ കൊയിലോത്ത് മൊയ്തീന്‍ ഹാജി തുടങ്ങി അഞ്ച് പ്രതികള്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.
2021 ആഗസ്റ്റ് 27നാണ് കുറ്റ്യാടി, കല്ലാച്ചി, പയ്യോളി ശാഖകള്‍ പൂട്ടി ജ്വല്ലറി ഉടമകള്‍ സ്ഥലം വിട്ടതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് നിക്ഷേപമായി ജ്വല്ലറിയില്‍ നല്‍കിയ പണവും സ്വര്‍ണവും നഷ്ടപ്പെട്ടവരുടെ നൂറുകണക്കിന് പരാതികളാണ് മൂന്ന് സ്ഥലങ്ങളിലെയും പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ചിരുന്നത്.
എന്നാല്‍, സംഭവം നടന്ന് ഒരുവര്‍ഷമാകാറിയിട്ടും ഇടപാടുകാര്‍ക്ക് നഷ്ടപ്പെട്ട പണവും സ്വര്‍ണവും തിരിച്ചുകിട്ടാത്തതില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി നഷ്ടപരിഹാരം നല്‍കണമെന്നാണ് പണം നഷ്ടപ്പെട്ടവരുടെ ആവശ്യം.