ചെങ്ങോട്ടുകാവ് സ്വദേശിയെ ആക്രമിച്ച് പണവും ബൈക്കും ഫോണും കവര്‍ന്ന സംഭവം: പ്രതികള്‍ പിടിയില്‍


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് സ്വദേശിയെ ആക്രമിച്ച് പണവും ബൈക്കും ഫോണും കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍. പള്ളിക്കണ്ടി നൈനാംവളപ്പ് എസ്.വി ഹൗസില്‍ യാസര്‍ എന്ന ചിപ്പു (32), എലത്തൂര്‍ മാട്ടുവയല്‍ അബ്ബാസ് (22) എന്നിവരെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് പിടികൂടിയത്.

ഈമാസം പതിമൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. നഗരത്തില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങവെ കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിനു സമീപം മഴക്കോട്ടിടാനായി ബൈക്ക് നിര്‍ത്തിയപ്പോള്‍ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. ലക്ഷം വിലവരുന്ന മോട്ടോര്‍ ബൈക്കും, ഇരുപതിനായിരം രൂപയുടെ മൊബൈല്‍ ഫോണും പഴ്‌സും പിടിച്ചുപറിക്കുകയായിരുന്നു.

ഇയാളുടെ പരാതിപ്രകാരം ടൗണ്‍ പൊലീസ് കേസെടുത്തിരുന്നു. പ്രതികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പരാതിക്കാരനില്‍ നിന്ന് മനസിലാക്കിയ പൊലീസ് പ്രതികളെ കണ്ടെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. പിടിച്ചുപറിച്ച സാധനങ്ങള്‍ ഇവരില്‍ നിന്ന് കണ്ടെത്തു.

നേരത്തെയും സമാനമായ കുറ്റകൃത്യങ്ങളില്‍ ഇവര്‍ പിടിക്കപ്പെട്ടിരുന്നു. സിറ്റിയിലെ വിവിധ സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. അടുത്തകാലത്താണ് ഇവര്‍ ജയിലില്‍ നിന്ന് ഇറങ്ങിയത്.

ടൗണ്‍ സ്റ്റേഷന്‍ എസ്.ഐമാരായ ജയശ്രീ, അബ്ദുല്‍സലീം, എ.എസ്.ഐ.ബാബു, സീനിയര്‍ സി.പി.ഒമാരായ സജേഷ് കുമാര്‍, ഉദയകുമാര്‍, സി.പി.ഒമാരായ ജിതേന്ദ്രന്‍, വിജേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.