ഇന്നറിയാം, കേരളം വീണ്ടും ലോക്ക് ആകുമോ? നിർണ്ണായക കോവിഡ് അവലോകന യോഗം ഇന്ന്
തിരുവനന്തപുരം: അതിരൂക്ഷമായി വർധിക്കുന്ന കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് കോവിഡ് അവലോകന യോഗം. സംസ്ഥാനത്ത് ഇന്ന് കൊണ്ടുവരാൻ പോകുന്ന നിയന്ത്രണങ്ങളെന്തെല്ലാം എന്ന് തീരുമാനമെടുക്കുക ഇന്ന് കൂടുന്ന നിർണ്ണായക യോഗത്തിൽ. വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന കൊവിഡ് അവലോകന യോഗമാണ് അന്തിമ തീരുമാനം എടുക്കുന്നത്. കോളേജുകൾ അടയ്ക്കാനും പൊതു സ്ഥലങ്ങളിൽ ആൾക്കൂട്ടം പരമാവധി കുറയ്ക്കുവാനുമുള്ള നടപടികൾക്ക് സാധ്യത. അടുത്ത മൂന്നാഴ്ച ഏറെ നിർണായകമാണ് എന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.
വിവാഹത്തിലും മരണണാനന്തര ചടങ്ങിലും പങ്കെടുക്കാവുന്നവരുടെ എണ്ണം അൻപതായി മുൻപ് നിജപ്പെടുത്തിയെങ്കിലും അതിൽ നിന്ന് ഇനിയും കുറയ്ക്കാനുള്ള സാധ്യതകളുണ്ട്. വാരാന്ത്യ നിയന്ത്രണവും രാത്രി കർഫ്യൂവും സജീവ പരിഗണനയിലുണ്ട്.
വിദ്യാഭ്യാസ, സർക്കാർ സ്ഥാപനങ്ങളിൽ കൊവിഡ് വ്യാപനം തീവ്രമായതിനാൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത ഏറിയിരിക്കുകയാണ്.
ഇന്ന് കൂടുന്ന യോഗത്തിൽ മുഖ്യമന്ത്രി ഓൺലൈൻ വഴിയായിരിക്കും പങ്കെടുക്കുക. മുഖ്യമന്ത്രിയെ കൂടാതെ ആരോഗ്യ വകുപ്പ് മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, വകുപ്പു സെക്രട്ടറിമാർ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും. സമ്പൂർണ അടച്ചു പൂട്ടൽ ഉണ്ടാകില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50ശതമാനത്തിനും മേൽ പോകാനും സാധ്യതയേറിയിട്ടുള്ള അവസ്ഥയാണിപ്പോൾ. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അടക്കം ആശുപത്രികൾ പലതും രോഗികളാൽ നിറഞ്ഞത് ചികിത്സയിലും പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്.
ചികിത്സയ്ക്കായി കൂടുതൽ സിഎഫ്എൽടിസികൾ തുറക്കുന്നത് സര്ക്കാരിന്റെ പരിഗണനയിലുണ്ട്. ഡോക്ടറുടെ സേവനം ആവശ്യമില്ലാത്ത ആളുകളെ ഈ കേന്ദ്രങ്ങളിലേക്ക് മാറ്റും. പത്ത് ദിവസത്തിനിടെ രോഗികളുടെ എണ്ണത്തിൽ നാലിരട്ടി വർദ്ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു.
വരാനിരിക്കുന്നത് ഒമിക്രോൺ സാമൂഹിക വ്യാപനത്തിന്റെ പ്രതിഫലനമാണെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഒന്നും രണ്ടും തരംഗത്തിൽ നിന്നും വിഭിന്നമായി കോവിഡ് മൂന്നാം തരംഗത്തിന്റെ ആരംഭത്തിൽ തന്നെ വലിയ വ്യാപനമാണ് ഉണ്ടായിരിക്കുന്നത്.
ഡൈൽറ്റ വൈറസിനേക്കാൾ അതി തീവ്ര വ്യാപന ശേഷിയുള്ള ഒമിക്രോണാണ് മൂന്നാം തരംഗത്തിൽ വ്യാപനം കൂട്ടുന്നത്. ഡെൽറ്റാ വകഭേദത്തിനേക്കാൾ ഒമിക്രോണിന് താരതമ്യേന ഗുരുതരാവസ്ഥ കുറവാണെങ്കിലും ജാഗ്രത കൈവിടാൻ പാടില്ല. വളരെ വേഗം പടർന്ന് പിടിക്കുന്നതിനാൽ ആശുപത്രികളിലും ഐസിയുവിലും വെന്റിലേറ്ററുകളിലുമെത്തുന്ന രോഗികൾ കൂടാൻ സാധ്യതയുണ്ട്.
രോഗികളുടെ എണ്ണം കൂടുന്നതിൽ മാത്രമല്ല ആശങ്കയുള്ളത്. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം കൂടുന്നതാണ് പ്രതിസന്ധി. ഇപ്പോൾ തന്നെ കോഴിക്കോട് ഉൾപ്പെടെയുള്ള മെഡിക്കൽ കോളജ് ആശുപത്രി രോഗികളാൽ നിറഞ്ഞു. തിരുവനന്തപുരത്ത് കിടത്തി ചികിത്സയിലുള്ള രോഗികളുടെ എണ്ണവും കൂടുന്നുണ്ട്.
സി കാറ്റഗറി അതായത് ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രം മെഡിക്കൽ കോളജ് ആശുപത്രികളിലേക്ക് റഫർ ചെയ്താൽ മതിയെന്ന് നിർദേശം നൽകണമെന്ന് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. നിലവില് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിൽ മുൻ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 192 ശതമാനമാണ് ആവർധന.
മൂന്നാം തരംഗമുണ്ടായാൽ ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്താൻ സംസ്ഥാനം നേരത്തെ തന്നെ മുന്നൊരുക്കം നടത്തിയിരുന്നു. ലിക്വിഡ് ഓക്സിജന്റെ സംഭരണ ശേഷിയും വർധിപ്പിച്ചിട്ടുണ്ട്.
[vote]