‘സ്‌കൂളിലെത്തിയപ്പോള്‍ കാണുന്നത് തീ ആളിപ്പടരുന്നത്, ഉടനെ ഗ്യാസ് റെഗുലേറ്റര്‍ ഓഫ് ചെയ്ത് തീ കെടുത്താനുള്ള ശ്രമം തുടങ്ങി; വിളയാട്ടൂര്‍ ഗവ.എല്‍.പി സ്‌കൂളിനെ വന്‍ദുരന്തത്തില്‍ നിന്ന് രക്ഷിച്ച പേരാമ്പ്ര ഫയര്‍ സ്റ്റേഷനിലെ ഓഫീസര്‍ ലതീഷ് പറയുന്നു


മേപ്പയ്യൂര്‍:  അധ്യാപകന്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്‌കൂളിലെത്തിയപ്പോള്‍ കാണുന്നത് പാചകപ്പുരയില്‍ തീ ആളിക്കത്തുന്നതാണ്. ഗ്യാസടുപ്പിലേക്കുള്ള ട്യൂബിന് പൊട്ടലുണ്ടായതാണ് തീപിടുത്തത്തിന് ഇടയാക്കിയത്. പെട്ടന്ന് തീ അണയ്ക്കാനള്ള ശ്രമമായിരുന്നു പിന്നീട്. പെട്ടന്നു തന്നെ ആളിക്കത്തുന്ന തീ കാര്യമാക്കാതെ റെഗുലേറ്റര്‍ ഓഫ് ചെയ്ത് ഊരിമാറ്റി പാചകവാതകച്ചോര്‍ച്ച ഒഴിവാക്കി. ഇനിയും കൂടുതല്‍ സമയം തീ കത്തുന്നത് തുടര്‍ന്നിരുന്നെങ്കില്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ടായിരുന്നെന്ന് പേരാമ്പ്ര ഫയര്‍ സ്റ്റേഷനിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസറായ എന്‍.എം. ലതീഷ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ഇന്നലെയാണ് വിളയാട്ടൂര്‍ ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം പാകംചെയ്യുന്നതിനിടെ സിലിന്‍ഡറില്‍ നിന്ന് ഗ്യാസടുപ്പിലേക്കുള്ള ട്യൂബിന് പൊട്ടലുണ്ടായതു കാരണം അതിശക്തമായി പുറത്തേക്കുുചീറ്റിയ പാചകവാതകത്തിന് തീപി ടിക്കുകയായിരുന്നു. അടുപ്പിനുപരിസരത്തേക്ക് പോകാന്‍ കഴിയാതെ പാചകക്കാരും അധ്യാപകരും നിസ്സഹായരായിനിന്നു. റെഗലലേറ്റര്‍ ഊരിമാറ്റി തീ നിയന്ത്രണ വിധേയമാക്കാമെന്ന് പാചക തൊഴിലാളികള്‍ക്ക് അറിയാമെങ്കിലും തീ ആളി കത്തുന്നത് കാരണം അവര്‍ക്ക് അതിനടുത്തേക്ക് പോകാന്‍ സാധിക്കാത്ത സ്ഥിതിയായിരുന്നു. ഇതിനിടയിലാണ് ഒരധ്യാപകന് നാട്ടുകാരനായ ഫയര്‍മാന്റെ കാര്യം ഓര്‍മവന്നത്. അദ്ദേഹം പെട്ടെന്ന് ലതീഷിനെ ഫോണില്‍ ബന്ധപ്പെട്ടു. ഉടനെത്തന്നെ അവധിയായിരുന്ന ലതീഷ് സ്‌കൂളിലെത്തി തീ അണയ്ക്കുന്നത്. യുവാവിന്റെ സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് സംഭവ സമയത്ത് സ്‌കൂളിലുണ്ടായിരുന്നത്.

വിവരമറി അഗ്നിരക്ഷാനിലയത്തില്‍നിന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.സി. പ്രേമന്റെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാസേനയും മേപ്പയ്യൂര്‍ പോലീസും പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജനും സംഭവസ്ഥലത്തെത്തിയിരുന്നു. പാചകപ്പുരയില്‍ ഏറെനേരം തീ കത്തിയതുകാരണം ചൂടുകൊണ്ട് തറയിലെ ടൈലുകള്‍ ഇളകിമാറിയിട്ടുണ്ട്.

ജോലിയുടെ ഭാഗമായി ഇത്തരത്തിലുള്ള രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിട്ടുണ്ടെങ്കലും ഇത്തരമൊരു അനുഭവം ആദ്യമായിട്ടാണെന്ന് ലതീഷ് പറഞ്ഞു. നാട്ടിലും ഇത്തരത്തിലുള്ള ചെറിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2012 ലാണ് ലതീഷ് കേരള ഫയര്‍ഫോഴ്‌സിന്റെ ഭാഗമാകുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടിയില്‍ നിരവധി രക്ഷാപ്രവര്‍ത്തനത്തില്‍ അദ്ദേഹം പങ്കാളിയായിട്ടുണ്ട്.പ്രളയ കാലത്ത് എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ രക്ഷാപ്രവര്‍ത്തനത്തിനും അഴിയൂര്‍ പഞ്ചായത്തിലെ കളരിപ്പറമ്പ് എന്ന സ്ഥലത്തെ കിണറില്‍ വീണ ആളെ രക്ഷിച്ചതിനും സംസ്ഥാന സര്‍ക്കാരില്‍ നിന്നും രണ്ട് തവണ ലതീഷിന് സത് സേവന പത്രം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ മതിടിഞ്ഞ് മരിച്ച നാരായണക്കുറുപ്പിന്റെ രക്ഷാപ്രവര്‍ത്തനത്തിവും ഇദ്ദേഹം പങ്കാളിയായിരുന്നു.

നടുക്കണ്ടി മീത്തല്‍ ചെക്കോട്ടിയുടെയും കല്യാണിയുടെയും മകനാണ് ലതീഷ്. ജിനിഷയാണ് ഭാര്യ. ലതീഷിന്റെ അവസരോചിതപ്രവൃത്തിയെ നാട്ടുകാരും അധ്യാപകരും ജനപ്രതിനിധികളും അഭിനന്ദിച്ചു.