കേളുവേട്ടനെപ്പോലുള്ള സഖാക്കളുടെ മനസ് കീഴടക്കിയ ദേശപ്രിയയുടെ നടത്തിപ്പുകാരന്‍; നാടിന്റെ അടയാളമായിരുന്ന ഹോട്ടല്‍ ദേശീയപാതയ്ക്കായി പൊളിച്ചുനീക്കിയപ്പോഴും തകര്‍ന്നില്ല; ദേശപ്രിയ മോഹന്‍ദാസിനെ മരണം കീഴടക്കിയത് പുതിയൊരു ഹോട്ടല്‍ തുടങ്ങാനുള്ള ശ്രമങ്ങള്‍ക്കിടെ
ചേമഞ്ചേരി: പൊയില്‍ക്കാവിന്റെ അടയാളമായിരുന്നു ദേശപ്രിയ ഹോട്ടല്‍. അവിടെ ഭക്ഷണം കഴിക്കാനെത്തുന്നവരെല്ലാം മോഹന്‍ദാസിന്റെ സ്നേഹപൂര്‍ണ്ണമായ ഇടപഴകല്‍ അനുഭവിച്ചവരുമാണ്. ദേശീയപാത വികസനത്തിന്റെ ഭാഗമായി ദേശപ്രിയ ഹോട്ടല്‍ പൊളിച്ചുനീക്കിയെങ്കിലും മോഹന്‍ദാസ് മരണം വരെ ദേശപ്രിയ മോഹന്‍ദാസ് എന്നുതന്നെയാണ് നാട്ടുകാര്‍ക്കിടയില്‍ അറിയപ്പെട്ടത്.
മോഹന്‍ദാസിന്റെ അപകട മരണം പൊയില്‍ക്കാവ് നിവാസികള്‍ക്കു മാത്രമല്ല, ദേശപ്രിയയുടെ രുചി അറിഞ്ഞവര്‍ക്കെല്ലാം വലിയൊരു ഞെട്ടലായിരുന്നു. മോഹന്‍ദാസിന്റെ അച്ഛന്‍ കേളുക്കുട്ടി നായരുടെ ഹോട്ടലാണ് പിന്നീട് ദേശ പ്രിയയായത്. സി.പി.എം മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന അന്തരിച്ച കേളുവേട്ടനെ പോലുളളവര്‍ ദേശീയ പാതയിലൂടെ പൊയില്‍ക്കാവ് സ്പര്‍ശിച്ച് യാത്ര ചെയ്യുമ്പോഴേല്ലാം ദേശപ്രിയയില്‍ കയറി ഊണോ, ചായയോ കഴിച്ചു പോകും. കേളുവേട്ടനെ പോലെ നിരവധി നേതാക്കള്‍, സാംസ്‌ക്കാരിക നായകര്‍, സാധാരണക്കാര്‍ ഇവരെല്ലാം ദേശപ്രിയ തേടിയെത്തുമായിരുന്നു. എല്ലാവരുമായും മോഹന്‍ദാസ് വല്ലാത്തൊരു ആത്മ ബന്ധം കാത്തു സൂക്ഷിച്ചിരുന്നു.
ദേശീയപാത വികസനത്തിന്റെ ഭാഗമായി ദേശപ്രിയ ഹോട്ടല്‍ പൊളിച്ചുനീക്കിയപ്പോള്‍ അത് മോഹന്‍ദാസിനനെ മാത്രമല്ല നാട്ടുകാരെയും വിഷമത്തിലാക്കുന്നതായിരുന്നു. എന്നാല്‍ നാടുമായി തനിക്ക് ഇത്രയേറെ ബന്ധമുണ്ടാക്കുന്നതില്‍ കണ്ണിയായ ഹോട്ടല്‍ തൊട്ടടുത്തെവിടെയെങ്കിലും തുറന്ന് പ്രവര്‍ത്തനം പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലായിരുന്നു മോഹന്‍ദാസ്. അപ്പോഴാണ് വില്ലനായി മരണം കടന്നു വന്നത്.
മാഹിയിലാണ് മോഹന്‍ദാസിന്റെ ഭാര്യ ശശികലയുടെ വീട്. ഞായറാഴ്ച രാത്രി മാഹിയിലേക്ക് പോകും വഴിയാണ് പയ്യോളി ടൗണില്‍ വെച്ച് മോഹന്‍ദാസ് സഞ്ചരിച്ച ബൈക്കിനെ ലോറി തട്ടി തെറിപ്പിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.