കൊയിലാണ്ടിയിൽ പട്ടാപ്പകൽ ജ്വല്ലറിയിൽ നിന്നും സ്വർണ്ണം മോഷ്ടിച്ച സംഭവം; പ്രതി പിടിയിൽ


കൊയിലാണ്ടി: പട്ടാപകൽ കൊയിലാണ്ടിയിലെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ച പ്രതി പിടിയിൽ. മുക്കം സ്വദേശി പ്രകാശിനെയാണ് പോലീസ് പിടികൂടിയത്. മെയ് 26ന് രാവിലെ കൊയിലാണ്ടി ജെ.ആര്‍ ഫാഷന്‍ ജ്വല്ലറിയില്‍ നിന്ന് രണ്ടര പവനോളം വരുന്ന ആഭരണങ്ങളാണ് ഇയാൾ മോഷ്ടിച്ചത്.

മൂക്കം മൂത്താട്ടില്‍ വീട്ടില്‍ പ്രകാശനെ വയനാട് മാനന്തവാടിയില്‍ വെച്ചാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളി ആഭരണം ചോദിച്ചാണ് ഇയാൾ കടയിലെത്തിയത്. വിവരങ്ങള്‍ അന്വേഷിച്ചശേഷം മകളെയും കൂട്ടി വരാമെന്ന് പറഞ്ഞ് കൈയിലുണ്ടായിരുന്ന കുടയുടെ ഭട്ടണ്‍ നിവര്‍ത്തി മേശപ്പുറത്ത് വെച്ച ആഭരണകവറില്‍ വെച്ചശേഷം കവറോടുകൂടി എടുക്കുകയായിരുന്നു. ഷോപ്പിലെ അലമാരയില്‍ വെക്കാനായി പ്ലാസ്റ്റിക് കവറില്‍ വെച്ച താലിലോക്കറ്റുകളാണ് മോഷണം പോയത്.

[bot1]

ഇയാള്‍ പോയതിനു ശേഷമാണ് കടയുടമ കവര്‍ നോക്കുന്നത്. തുടർന്ന് മോഷണം പോയതായി മനസ്സിലാക്കുകയായിരുന്നു. കൊയിലാണ്ടി സി.ഐ. എന്‍.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് ഇയാളെ പിടികൂടിയത്.