പയ്യോളി ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ പേര് തിക്കോടിയന്‍ സ്മാരക പയ്യോളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നാക്കാന്‍ പി.ടി.എ തീരുമാനം



തിക്കോടി: പയ്യോളി ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പേര് തിക്കോടിയന്‍ സ്മാരക പയ്യോളി ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നാക്കാന്‍ പി.ടി.എ തീരുമാനം. ഇന്ന് ചേര്‍ന്ന പി.ടി.എ യോഗത്തിലാണ് ഐക്യകണ്‌ഠേന തീരുമാനം ഉണ്ടായത്.

യോഗത്തില്‍ പി.ടി.എ പ്രസിഡണ്ട് ബിജു കളത്തിലാണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. പി.ടി.എ പ്രസിഡണ്ട് ബിജു കളത്തിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രിന്‍സിപ്പല്‍ കെ.പ്രദീപന്‍, ഹെഡ് മാസ്റ്റര്‍ കെ.എന്‍.ബിനോയ് കുമാര്‍, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ കെ.സജിത്, പി.ടി.എ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.പി ഗിരീഷ് കുമാര്‍, അജ്മല്‍ മാടായി, സജീഷ് കുമാര്‍, ഷെറി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

പേരുമാറ്റത്തിന് ഒരു വര്‍ഷം മുമ്പുതന്നെ തിക്കോടി ഗ്രാമപഞ്ചായത്ത് തീരുമാനമെടുത്തിരുന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്തും അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. പി.ടി.എ തീരുമാനം കൂടി വന്നതോടെ ഇനി സര്‍ക്കാര്‍ പ്രഖ്യാപനം മാത്രമാണ് ഉണ്ടാവേണ്ടത്.

തിക്കോടി സ്വദേശിയായ എഴുത്തുകാരന്‍ കുഞ്ഞനന്തന്‍ നായര്‍ തിക്കോടിയന്‍ എന്ന തൂലികാനാമത്തിലാണ് അറിയപ്പെട്ടിരുന്നത്. 1916 ഫെബ്രുവരി 15നാണ് അദ്ദേഹം ജനിച്ചത്. ആദ്യം കവിതയുടെയും പിന്നീട് നാടകത്തിലൂടെയും നോവലിലൂടെയുമൊക്കെ വായനക്കാരുടെ ഹൃദയം കീഴടക്കിയ അദ്ദേഹത്തിന്റെ കൃതികള്‍ ആ കാലഘട്ടത്തെ അടയാളപ്പെടുത്തിയവയായിരുന്നു. ‘അരങ്ങ് കാണാത്ത നടന്‍’ അദ്ദേഹത്തിന്റെ ആത്മകഥയാണ്.