”മുന്‍പ് നാല്‍പ്പത്തിയഞ്ച് കിലോ മീന്‍ ഹാര്‍ബറില്‍ നിന്നെടുക്കുന്ന വിലയ്ക്ക് ഇപ്പോള്‍ ഇരുപത്തിയഞ്ച് കിലോ മീനേ കിട്ടൂ”; ഇന്ധന വില കുതിച്ചുയര്‍ന്നതോടെ ദുരിതത്തിലായി കൊയിലാണ്ടിയിലെ മല്‍സ്യ തൊഴിലാളികളുടെ ജീവിതം
കൊയിലാണ്ടി: ഇരുപത് വര്‍ഷത്തിലേറെയായി മത്സ്യവിപണ രംഗത്തുണ്ട് കൊയിലാണ്ടി മാര്‍ക്കറ്റില്‍ വില്‍പ്പന നടത്തുന്ന ഫൈസല്‍. മുമ്പൊന്നും വിലക്കയറ്റം മത്സ്യവിപണിയെ ഇത്രത്തോളം ബാധിച്ചിരുന്നില്ലെന്നാണ് ഫൈസല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്.
മുമ്പ് ഒന്നും രണ്ടും കിലോ മത്സ്യം വാങ്ങാനായി എത്തുന്നവര്‍ ഇന്ന് കാല്‍കിലോ ഒക്കെയാണ് വാങ്ങിപ്പോകുന്നത്. പലര്‍ക്കും മത്സ്യം നിര്‍ബന്ധമാണെന്നതിനാല്‍ മാത്രം കുറഞ്ഞത് എത്രരൂപയ്ക്ക് കിട്ടും എന്ന് നോക്കി അതും വാങ്ങിപ്പോകുകയാണ് ചെയ്യുന്നത്. അതിനാല്‍ മുമ്പ് വാങ്ങുന്നത്ര മീന്‍ വില്‍പ്പനയ്ക്കായി വാങ്ങാറില്ല. ഇതിനു പുറമേ ഭക്ഷ്യസുരക്ഷാ പരിശോധനയില്‍ മത്സ്യങ്ങളില്‍ മായം കണ്ടെത്തിയ സംഭവങ്ങള്‍ വര്‍ധിച്ചതോടെയും വില്‍പ്പനയില്‍ ഇടിവ് കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അയലയുടെയും മത്തിയുടെയുമൊക്കെ വില ലഭ്യത അനുസരിച്ച് മാറിക്കൊണ്ടിരിക്കും. കൂടുതല്‍ മീനുണ്ടെങ്കില്‍ കിലോ എണ്‍പത് നൂറ് തോതില്‍ വിറ്റ സമയവുമുണ്ട്. എന്നാലിപ്പോള്‍ മീന്‍ വളരെ കുറവാണ്. ഇന്ന് ഹോള്‍സെയിലില്‍ കിലോ 180 രൂപ തോതിലാണ് അയല വില്‍ക്കുന്നത്. അയക്കൂറ പോലെയുള്ള വലിയ മത്സ്യങ്ങളുടെ വില ഇരട്ടിയിലധികം വര്‍ധിച്ചിട്ടുണ്ടെന്നാണ് ഫൈസല്‍ പറയുന്നത്. കിലോ അറനൂറ് രൂപയൊക്കെയുണ്ടായിരുന്ന അയക്കൂറ വില ആയിരത്തി അഞ്ഞൂറിനടുത്തെത്തിയെന്നും ഫൈസല്‍ പറയുന്നു.
ഹാര്‍ബറില്‍ നിന്ന് മീനുകള്‍ വാങ്ങി ചില്ലറ വ്യാപാരം ചെയ്തു ജീവിക്കുന്നവര്‍ ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യമാണിപ്പോഴുള്ളത്. മണ്ണെണ്ണയുടെയും ഡീസലിന്റെയും വില കുത്തനെ കൂടിയതോടെയാണ് ഇവരുടെ ജീവനോപാധിയില്‍ ആദ്യത്തെ പണി വീണത്. കാണാത്ത മഴയെ തുടര്‍ന്ന് മത്സ്യബന്ധനവും നിര്‍ത്തലാക്കിയപ്പോള്‍ അത് ഇരട്ടി അടിയായി.
ഹാര്‍ബറില്‍ നിന്ന് നേരിട്ട് നാല്‍പ്പത്തിയഞ്ച് കിലോയോളം മീന്‍ വാങ്ങുന്നത് വില വില കുത്തനെ ഉയര്‍ന്നതോടെ ഇരുപത്ത് കിലോ ഒക്കെ ആയി എന്നാണ് കൊയിലാണ്ടി മേഖലയില്‍ മത്സ്യവിതരണം നടത്തുന്ന രാജന് കെ.പി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. വരുമാനത്തിലും ഈ ഇടിവുണ്ടായി. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണ് വില വര്‍ധനവ് ഇത്രെയും രൂക്ഷമാവുന്നത്. ആഴക്കടലില്‍ പോയി മീന്‍ പിടിക്കുന്നവരെ മുതല്‍ മീന്‍ കടകളിലും വില്ക്കുന്നവരെയും വീടുകളില്‍ വില്ക്കുന്നവരുയും വരെ ഈ വിലക്കയറ്റം ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
ഇന്ധന വില വര്‍ദ്ധവിനോടൊപ്പം തന്നെ മല്‍സ്യ ലഭ്യത കുറഞ്ഞതും വില്‍പ്പനയില്‍ വല്ലാത്ത തിരിച്ചടിയായെന്നാണ് മൊത്തക്കച്ചവടക്കാരനാണ് ഗോപി പറയുന്നത്. മീന്‍ പിടിക്കുന്നവരെ മുതല്‍ വീടുകള്‍ തോറും മീന്‍ വിതരണം ചെയ്യുന്നവരെ വരെ ഇത് ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.