ബാലുശേരിയില്‍ അമിത അളവില്‍ മരുന്ന് കഴിച്ച യുവതി മരിച്ചു; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അച്ഛന്‍



ബാലുശേരി: അമിത അളവില്‍ ഗുളിക ഉള്ളില്‍ ചെന്ന നിലയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. കുട്ടമ്പൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിക്കു സമീപം എളേടത്ത് പൊയിലില്‍ ബാലകൃഷ്ണന്റെ മകള്‍ അശ്വതിയാണ് (29) മരിച്ചത്.

മരുന്ന് ഉളളിലെത്തി അവശയായ യുവതി സ്വകാര്യ ആശുപത്രിയിലെത്തി വിവരം പറയുകയായിരുന്നു. അപ്പോള്‍ രക്തസമ്മര്‍ദം വളരെ കുറഞ്ഞ നിലയിലായിരുന്നു. അവിടെനിന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് അശ്വതി. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അശ്വതിയുടെ മരണത്തില്‍ സംശയങ്ങള്‍ പ്രകടിപ്പിച്ച് പിതാവ് പോലീസില്‍ പരാതി നല്‍കി. വീട്ടില്‍നിന്നു പതിവുപോലെ ജോലിക്കു പോയതാണെന്നും മരണകാരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു. അഖിലേഷാണ് അശ്വതിയുടെ ഭര്‍ത്താവ്. അമ്മ: ഷീല. സഹോദരന്‍: അശ്വിന്‍.